പത്തനംതിട്ട: കേന്ദ്രഅന്വേഷണഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അടക്കം അന്വേഷണ ഏജൻസികൾക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുന്നത് അമിതാധികാര പ്രകടനമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മുഖ്യമന്ത്രിയുടെ കാട്ടിക്കൂട്ടലുകളൊന്നും വിലപ്പോകില്ല. അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര് നടപടി ഭരണ ഘടന വിരുദ്ധമാണെന്നും കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ പ്രതികരിച്ചു. 

തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ അപൂർവ്വവും അസാധാരണമായ നീക്കമാണ് സംസ്ഥാനസർക്കാർ നടത്തുന്നത്.  എൻഫോഴ്സമെന്റ് ഡയറക്ടടേറ്റ് ഉൾപ്പടെ കേന്ദ്ര എജൻസികൾ നടത്തുന്ന അന്വേഷണത്തെക്കുറിച്ചാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്രഎജൻസികൾ നടത്തുന്ന അന്വേഷണത്തെക്കുറിച്ച് ഒരു സംസ്ഥാനസർക്കാർ ജുഡീഷ്യൽ കമ്മീഷൻ വച്ച് പരിശോധിക്കുന്നത് ഇത് ആദ്യമായാണ് . ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തുന്നത്