Asianet News MalayalamAsianet News Malayalam

സിപിഎം ബിജെപി ധാരണ: ബാലശങ്കറിനെ തള്ളി കെ സുരേന്ദ്രൻ, നടക്കുന്നത് കോൺഗ്രസ് സിപിഎം ഒത്തുകളി

ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താൻ പോലും കോൺഗ്രസ് തയ്യാറായിട്ടില്ല. ചെന്നിത്തലക്കെതിരായ സ്ഥാനാര്‍ത്ഥി നനഞ്ഞ പടക്കമെന്നും കെ സുരേന്ദ്രൻ

k surendran reaction against r balasankar udf cpm
Author
Pathanamthitta, First Published Mar 17, 2021, 12:42 PM IST

പത്തനംതട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സിപിഎം ബിജെപി ധാരണയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികൻ ആര്‍ ബാലശങ്കറിന്‍റെ വെളിപ്പെടുത്തൽ നീറി പുകയുന്നതിനിടെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലശങ്കറിന്‍റെ ആരോപണങ്ങൾ വസ്തുത വിരുദ്ധമാണ്. സിപിഎം കോൺഗ്രസ് വോട്ടുകൾ പ്രതീക്ഷിച്ച് തന്നെയാണ് ബിജെപി മത്സരത്തിന് ഇറങ്ങുന്നത്. മറിച്ചുള്ള ആക്ഷേപങ്ങളിലൊന്നും അടിസ്ഥാനമില്ലെന്നും കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ വ്യക്തമാക്കി. 

സംസ്ഥാനത്ത് നടക്കുന്നത് കോൺഗ്രസ് സിപിഎം ഒത്തുകളിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എന്തുകൊണ്ടാണ് ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത്. നേമത്ത് കാണിച്ചത് എന്തുകൊണ്ട് ധര്‍മ്മടത്ത് കാണിക്കുന്നില്ല. ഹരിപ്പാട് മണ്ഡലത്തിൽ ചെന്നിത്തലക്കെതിരെ മത്സരിക്കുന്ന ഇടത് സ്ഥാനാർത്ഥി നനഞ്ഞ പടക്കമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കെ മുരളീധരന്റെ നേമത്തെ സ്ഥാനാർത്ഥിത്വം സിപിഎമ്മിനെ സഹായിക്കാനാണ്. കൊടുവള്ളിയിലും വടക്കാഞ്ചേരിയിലും ഉണ്ടായതിനേക്കാൾ വലിയ തോൽവിയാണ് നേമത്ത് മുരളിയെ കാത്തിരിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

ശബരിമല പ്രശ്നത്തിൽ സിപിഎം വീണ്ടും വിശ്വാസികളെ കബളിപ്പിക്കുകയാണ്. ശബരിമല വിഷയത്തിൽ മലക്കംമറിഞ്ഞ കടകംപള്ളിക്കുള്ള മറുപടിയാണ് യച്ചൂരി നൽകുന്നത്. സിപിഎമ്മിന്റെ തനിനിറമാണ് ഇത് വഴി പുറത്ത് വന്നത്. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ പറ്റില്ലെന്ന് പറയും പോലെ ആണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിൽ നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു. 

സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന യുഡിഎഫ് ആരോപണം കെ സുരേന്ദ്രനും ആവര്‍ത്തിച്ചു. എല്ലാ കാലത്തും ക്രമക്കേട് ഉണ്ട്. മഞ്ചേശ്വരത്തെ തോൽവിയുടെ കാരണവും അത് തന്നെ ആരുന്നു. പോസ്റ്റൽ വോട്ടുകളിലും ക്രമക്കെട് വ്യാപകമെന്നാണ് കെ സുരേന്ദ്രന്‍റെ ആക്ഷേപം. പിസി തോമസിനോട് മത്സരിക്കാൻ ആവശ്യപ്പെട്ടതാണ്. പാലാ സീറ്റ്‌ മാറ്റി വെച്ചതുമാണ്. മത്സരിക്കാൻ തയ്യാറാകാതിരുന്നത് പിസി തോമസ് ആണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios