തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം എന്നിവടങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിപ്പോയത് വലിയ പോരായ്മയാണ്. ഇത് എങ്ങനെ സംഭവിച്ചു എന്ന് തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പത്തനംതിട്ട: ശബരിമല വികാരം പെട്ടെന്ന് അണയില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയെങ്കില്‍ പിണറായി വിജയന് അത് വ്യക്തമാക്കാമായിരുന്നെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സത്യവാങ്മൂലം മാറ്റാന്‍ തയ്യാറെന്ന് പറഞ്ഞാല്‍ വിഷയത്തില്‍ വ്യക്തത വന്നേനെ. എന്നാല്‍ ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് ശരിയാണെന്ന ദുരഭിമാനബോധമാണ് അവരെ നയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

എന്‍എസ്എസ് എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിനെ പിന്തുണയക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. നേമം മണ്ഡലത്തില്‍ എല്‍ഡിഎഫിനെ തോല്‍പ്പിച്ച് നിയമസഭയില്‍ വരാന്‍ കഴിയുന്നത് ബിജെപിക്കാണ്. കടകംപള്ളി സുരേന്ദ്രന്‍റെ മണ്ഡലത്തില്‍ കോണ്‍ഗ്രസുകാരെ എന്‍എസ്എസ് സഹായിച്ചിട്ട് കാര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. 

തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം എന്നിവടങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിപ്പോയത് വലിയ പോരായ്മയാണ്. ഇത് എങ്ങനെ സംഭവിച്ചു എന്ന് തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കും. കോടതിവിധി അനുകൂലമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും വിധി വന്നശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇവിടങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്ന് വോട്ടര്‍മാര്‍ക്ക് സന്ദേശം നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മഞ്ചേശ്വരത്ത് അപരന്മാരെ ഉപയോഗിച്ച് തന്നെ തോല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മഞ്ചേശ്വരത്ത് രാഷ്ട്രീയസമ്മര്‍ദ്ദത്തെ തുടര്‍ന്ന് അപരന്‍റെ പത്രിക സ്വീകരിച്ചെന്നും സുരേന്ദ്രന്‍ ആരോപിച്ചു.