Asianet News MalayalamAsianet News Malayalam

'ഞങ്ങൾ പിണറായിയെ സഖാവെന്നാണ് വിളിക്കാറ്'; ക്യാപ്റ്റൻ പരാമർശം കമ്യൂണിസ്റ്റുകാർക്കില്ലെന്നും കാനം രാജേന്ദ്രൻ

കമ്മ്യൂണിസ്റ്റുക്കാർ ക്യാപ്റ്റൻ എന്ന് വിളിക്കാറില്ല. സക്യാപ്റ്റൻ എന്ന് വിളിക്കുന്നവരാണ് അത് സംബന്ധിച്ച് പറയേണ്ടതെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.

kanam rajendran on pinarayi vijayan captain remark
Author
Thiruvananthapuram, First Published Apr 3, 2021, 4:27 PM IST

തിരുവനന്തപുരം: ഞങ്ങൾ പിണറായിയെ സഖാവേ എന്ന് മാത്രമേ വിളിക്കാറുള്ളുവെന്ന് കാനം രാജേന്ദ്രൻ. കമ്മ്യൂണിസ്റ്റുക്കാർ ക്യാപ്റ്റൻ എന്ന് വിളിക്കാറില്ല. സർക്കാരിന്റെ നേട്ടം മുന്നണിയുടെ നേട്ടമാണ്. ക്യാപ്റ്റൻ എന്ന് വിളിക്കുന്നവരാണ് അത് സംബന്ധിച്ച് പറയേണ്ടതെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.

സിപിഎമ്മിൽ ചര്‍ച്ചയായി വീണ്ടും വ്യക്തിപൂജാ വിവാദം. വ്യക്തിയല്ല, പാര്‍ട്ടിയാണ് ക്യാപ്റ്റനെന്ന് പി ജയരാജന്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ പരാമർശം. പാർട്ടിയിൽ എല്ലാവരും സഖാക്കളാണെന്നും കമ്മ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും ജയരാജൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിനെ എ വിജയരാഘവൻ പിന്തുണച്ചു.
ക്യാപ്റ്റന്‍ വിശേഷണം സ്വാഭാവികമെന്ന് വിജയരാഘവന്‍ പറഞ്ഞു. മികച്ച നേതൃപാടവമുളളയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ ജനങ്ങൾക്ക് ഇഷ്ടമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് പേരുകൾ നൽകുന്നത്. അത് മുഖ്യമന്ത്രിക്കുളള അംഗീകാരമാണെന്നും വിജയരാഘവൻ വ്യക്തമാക്കി.

പിണറായി പാർട്ടിക്ക് സഖാവ് തന്നെയെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. ക്യാപ്റ്റൻ എന്നത് ജനങ്ങൾ നൽകുന്ന വിശേഷണമാണ്. പിണറായി ജനങ്ങൾക്കിടയിൽ വലിയ അംഗീകാരം നേടിയിട്ടുണ്ട്. അതൊരു വസ്തുതയാണ്, മുഖ്യമന്ത്രി വിജയൻ നേരത്തെയുള്ള വിജയനല്ല എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പി ജയരാജൻ അതൃപ്തനെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമെന്നും കോടിയേരി കൂട്ടിച്ചേർത്തു. അതേസമയം, ക്യാപ്റ്റൻ വിവാദം ഉയർത്തി ആശയക്കുഴപ്പത്തിന് ശ്രമിക്കേണ്ടെന്ന് പിണറായി വിജയൻ പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios