തിരുവനന്തപുരം: പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമായി വരുകയാണ്. സ്വത്തുകളും, കേസുകളും സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലങ്ങള്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ഇതില്‍ മൂന്ന് മുന്നണികളുടെയും നായകന്മാരായവരുടെ കേസുകള്‍ പരിശോധിച്ചാല്‍ ഇത്തരത്തിലാണ്. 248 കേസുകളുമായി ഒന്നാമത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ്.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും കേസുകള്‍ 4 വീതം.

വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ ലഹള നടത്തല്‍, ഭീഷണിപ്പെടുത്തല്‍, അതിക്രമിച്ചു കയറല്‍, പൊലീസുകാരുടെ ജോലി തടസപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സുരേന്ദ്രന്‍റെ പേരിലുള്ള കേസുകളില്‍ ഭൂരിഭാഗവും. ഭൂരിഭാഗം കേസുകളും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ളതാണ്. വിവിധ ജില്ലകളിലായാണ് കേസുകള്‍ നടക്കുന്നത് എന്നാണ് സത്യവാങ്മൂലം പറയുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയുള്ള കേസുകള്‍ ഇവയാണ്. കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം മലയിന്‍കീഴ് സ്വര്‍ണക്കടത്ത് വിവാദത്തിലെ സമരം സംബന്ധിച്ച കേസ്, വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് ക്രമക്കേടിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസ്, കരുണാകരന്‍ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ കേസ്. തോട്ടപ്പള്ളി സമരവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ കേസ്. ശബരിമല സമരത്തിന്റെ പേരില്‍ പമ്പ സ്റ്റേഷനിലും ജനകീയ യാത്രയുടെ പേരില്‍ ആലുവ ഈസ്റ്റിലുമുള്ള കേസുകള്‍. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ 2010, 2019 വര്‍ഷത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് എന്നിങ്ങനെയാണ്.

ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള കേസുകളില്‍ ചിലത് സമരങ്ങളുമായി ബന്ധപ്പെട്ടത് തന്നെയാണ്. ഒരെണ്ണം സോളാര്‍ കേസ് പ്രതിയുടെ പരാതിയില്‍ ക്രൈബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തതാണ്. 2018 ല്‍ ശബരിമല പ്രക്ഷോഭ സമയത്ത് നിരോധനാജ്ഞ ലംഘിച്ചതിനും യുഡിഎഫ് സമരത്തിന്റെ ഭാഗമായി ജനകീയ മെട്രോ റെയില്‍യാത്ര നടത്തിയതും മലയിന്‍ കീഴില്‍ സമരത്തിന്റെ ഭാഗമായി അനധികൃതമായി കൂട്ടം കൂടിയതിനുമാണ് പമ്പ, ആലുവ ഈസ്റ്റ്, മലയിന്‍കീഴ് പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അഴിമതി നിരോധനിയമപ്രകാരമാണ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വകാര്യ ലാഭത്തിനായി കരാറിലേര്‍പ്പെട്ടെന്ന കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് പൊതുവഴി തടസപ്പെടുത്തിയതിനാണ് മറ്റൊരു കേസ്. മൂന്നാമത്തെ കേസ് ടിനന്ദകുമാര്‍ ഫയല്‍ ചെയ്ത പാപ്പര്‍ കേസാണ്.