ക്രൈസ്തവ വോട്ടുകളുടെ ബലത്തിൽ പതിറ്റാണ്ടുകളായി കോൺഗ്രസ് ജയിച്ചു പോരുന്ന മണ്ഡലങ്ങളാണ് എറണാകുളത്തേത്. എന്നാൽ ട്വന്‍റി 20-യുടെ വരവും സമുദായിക സമവാക്യങ്ങളിലുണ്ടായ മാറ്റവും ഇക്കുറി എറണാകുളത്തെ രാഷ്ട്രീയചിത്രം സങ്കീ‍ർണമാക്കിയിട്ടുണ്ട്.

കൊച്ചി: മധ്യകേരളത്തിലെ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, ആലപ്പുഴ ജില്ലകളിലെ തെരഞ്ഞെടുപ്പ് ഫലം കൂടുതൽ നിർണായകമായി വരുന്നത് യുഡിഎഫിനാണ്. എറണാകുളവും കോട്ടയവും പരമ്പരാഗതമായി യുഡിഎഫിന് അനുകൂലമാണ്. ആലപ്പുഴയിൽ ഇക്കുറി വലിയ തിരിച്ചു വരവ് പാർട്ടി പ്രതീക്ഷിക്കുന്നു. ഇടുക്കിയിലും മുന്നേറ്റം അവർ സ്വപ്നം കാണുന്നു. എന്നാൽ സ്വപ്നവും പ്രതീക്ഷകളും ശരിയായി വരുമോ എന്ന് ചോദിച്ചാൽ ഉത്തരം ലളിതമല്ല.

ക്രൈസ്തവ വോട്ടുകളുടെ ബലത്തിൽ പതിറ്റാണ്ടുകളായി കോൺഗ്രസ് ജയിച്ചു പോരുന്ന മണ്ഡലങ്ങളാണ് എറണാകുളത്തേത്. എന്നാൽ ട്വന്‍റി 20-യുടെ വരവും സമുദായിക സമവാക്യങ്ങളിലുണ്ടായ മാറ്റവും ഇക്കുറി എറണാകുളത്തെ രാഷ്ട്രീയചിത്രം സങ്കീ‍ർണമാക്കിയിട്ടുണ്ട്. പതിറ്റാണ്ട് കാലമായി ജയിച്ചു വരുന്ന കുന്നത്തുനാട് സീറ്റിൽ ജയം നിലനിർത്താൻ കടുത്ത മത്സരമാണ് ഇക്കുറി കോൺഗ്രസ് നേരിടുന്നത്.

കുന്നത്തുനാട് കൂടാതെ ട്വന്‍റി 20 മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളിലും അവ‌‍ർ പിടിക്കുന്ന വോട്ടുകൾ തങ്ങളുടെ അക്കൗണ്ടിൽ നിന്നാവും പോവുക എന്ന ആശങ്ക യുഡിഎഫ് ക്യാംപിനുണ്ട്. യാക്കോബായ - ഓർത്തഡോക്സ് തർക്കവും തങ്ങളുടെ വോട്ടുബാങ്കിനെ ഒരു പരിധി വരെ ഉലച്ചേക്കാം എന്നവർ ആശങ്കപ്പെടുന്നു.

തൃപ്പൂണിത്തുറയിൽ കൈവിട്ട സീറ്റ് തിരികെ പിടിക്കാൻ കടുത്ത മത്സരമാണ് കെ.ബാബു എം.സ്വരാജിനെതിരെ നടത്തുന്നത്. കടുത്ത പോരാട്ടം നടക്കുന്ന കളമശ്ശേരിയിൽ പി.രാജീവിന് എതിർസ്ഥാനാർത്ഥിയായ വി.ഇ.ഗഫൂറിനെ മാത്രമല്ല അദ്ദേഹത്തിനായി തേർ തെളിക്കുന്ന പിതാവ് വി.കെ.ഇബ്രാഹിംകുഞ്ഞിനേയും ഒരേസമയം നേരിടേണ്ടതായിട്ടുണ്ട്. മൂവാറ്റുപുഴയാണ് ശക്തമായ മത്സരം നടക്കുന്ന എറണാകുളത്തെ മറ്റൊരു മണ്ഡലം സിപിഐയുടെ സിറ്റിംഗ് എംഎൽഎ എൽദോ എബ്രഹാമിനെതിരെ കോൺഗ്രസ് മാത്യു കുഴൽനാടനെ ഇറക്കിയതോടെ കടുത്ത മത്സരമാണ് ഇവിടെ നടന്നത്.

കഴിഞ്ഞ തവണ നാമവശേഷമായ തൃശ്ശൂരിൽ തിരിച്ചു വരവിനുള്ള വഴി തേടുകയാണ് കോൺഗ്രസ്. ത്രികോണപ്പോര് നടക്കുന്ന തൃശ്ശൂർ നഗരമണ്ഡലത്തിൽ പദ്മജ വേണുഗോപാലും, സുരേഷ് ഗോപിയും, പി.ബാലചന്ദ്രനും തുല്യസാധ്യതയാണ്. കഴിഞ്ഞ തവണ സിപി ജോണിനെ അട്ടിമറിച്ച് മിന്നും വിജയം നേടി കുന്നംകുളത്ത് എ.സി.മൊയ്തീൻ ഇക്കുറി ശക്തമായ മത്സരമാണ് നേരിട്ടത്. പ്രചാരണരംഗത്ത് ഉണ്ടാക്കിയ മുന്നേറ്റം അട്ടിമറിയിൽ എത്തിക്കാൻ കോൺഗ്രസിൻ്റെ കെ.ജയശങ്കറിനാവുമോയെന്ന് ഫലം വന്നാൽ അറിയാം.

തുടർച്ചയായ വിജയങ്ങളിലൂടെ ഇടത് കോട്ടയായി മാറിയ ഗുരുവായൂരിൽ കെ.എൻ.എ ഖാദർ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയതോടെ ചിത്രം മാറി. ബിജെപി സ്ഥാനാർത്ഥിയുടെ നാമനിർദേശകപത്രിക തള്ളിപ്പോയതോടെ താമരചിഹ്നത്തിൽ ഇവിടെ മത്സരിക്കാൻ ആളില്ല. ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് എത്തിയാലുണ്ടാവുന്ന അപകടം എൽഡിഎഫ് ക്യാംപിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വട്ടം 43 വോട്ടുകൾക്ക് ജയിച്ച വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളി എന്ന സിപിഎം യുവാവ് നേതാവ് എത്തിയതോടെ കടുത്ത മത്സരമാണ് അനിൽ അക്കര നേരിടുന്നത്.

കയ്പമംഗലത്ത് എൽഡിഎഫിൻ്റെ ടൈസൺ മാസ്റ്റർക്ക് പ്രതീക്ഷിക്കാത്ത തരത്തിലുള്ള വെല്ലുവിളിയാണ് കോൺഗ്രസിൻ്റെ യുവസ്ഥാനാർത്ഥി ശോഭാ സുബിൻ സൃഷ്ടിച്ചത്. കഴിഞ്ഞ വട്ടം കൈവിട്ട ഇരിങ്ങാലക്കുട തിരിച്ചു പിടിക്കാൻ തോമസ് ഉണ്ണിയാടൻ സജീവമായി രംഗത്തുണ്ട്. എന്നാൽ മുൻമേയർ കൂടിയായ ആർ.ബിന്ദുവിന് വേണ്ടി സിപിഎമ്മിൻ്റെ സംഘടനാ സംവിധാനം മുഴുവനും ഇരിങ്ങാലക്കുടയിൽ സജീവമായിരുന്നു.

ഇടുക്കി ജില്ലയിലേക്ക് വന്നാൽ പീരുമേട്ടിലും ദേവീകുളത്തും യുഡിഎഫിന് വിജയപ്രതീക്ഷയുണ്ട്. ഇടുക്കിയിൽ കടുത്ത മത്സരമാണ് ഫ്രാൻസിസ് ജോർജും റോഷി അഗസ്റ്റിനും തമ്മിൽ നടന്നത്. കോട്ടയത്ത് ഏറ്റുമാനൂർ സീറ്റിൽ വി.എൻ.വാസവനാണ് നിലവിൽ മുൻതൂക്കം. കോൺഗ്രസിനെ വെല്ലുവിളിച്ച് മത്സരരംഗത്തിറങ്ങിയ ലതികാ സുഭാഷ് എത്ര വോട്ടുകൾ പിടിക്കുമെന്നതും കൗതുകം. സംസ്ഥാനത്തിന്‍റെ മുഴുവൻ ശ്രദ്ധയും ആകർഷിക്കുന്ന പാലായിൽ ജോസ് കെ മാണിയും മാണി സി കാപ്പനും നടത്തിയത് നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ഒരു പരാജയം രണ്ട് പേർക്കും താങ്ങാനാവില്ല. പൂഞ്ഞാറിൽ പി.സി.ജോർജ് എന്ന ഒറ്റയാനെ ആര് പിടിച്ചു കെട്ടുമെന്നതാണ് ചോദ്യം. ഈരാറ്റുപ്പേട്ടയിലെ മുസ്ലീം വോട്ടുകൾ ആരെ തുണച്ചു എന്നതും കൗതുകം ജനിപ്പിക്കുന്നു.

ആലപ്പുഴയിലേക്ക് വന്നാൽ പാതിയിലേറെ സീറ്റുകളും പല കാരണങ്ങളാൽ ശ്രദ്ധേയമാണ്. ഈ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ,കൊല്ലം, ജില്ലകൾക്കൊപ്പം കോൺഗ്രസ് ഏറെ പ്രതീക്ഷിക്കുന്നതും ആലപ്പുഴയിൽ തന്നെ. ജി.സുധാകരനും തോമസ് ഐസകും മത്സരരംഗത്ത് നിന്നും മാറിയതോടെ അമ്പലപ്പുഴയിലും ആലപ്പുഴയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മാന്യൻമാരുടെ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട ചേർത്തലയിലെ തെരഞ്ഞെടുപ്പിൽ വിജയം പ്രസാദിനോ അതോ ശരത്തിനോ എന്നറിയാനും ജനം കാത്തിരിക്കുന്നു. കോൺഗ്രസിൻ്റെ ബേബി സ്ഥാനാർത്ഥി അരിതാ ബാബു കായംകുളത്ത് പ്രതിഭയെ അട്ടിമറിക്കുമോ എന്നതാണ് മറ്റൊരു വലിയ ചോദ്യം.

മധ്യകേരളത്തിന്‍റെ ആകെ ഫലത്തിൽ പ്രധാനം കേരള കോൺഗ്രസുകളുടെ നേർക്കുനേർ പോരാട്ടത്തിൽ ആര് ജയിക്കുന്നു എന്നതാണ്. പാലായ്ക്കൊപ്പം കേരളാ കോൺഗ്രസ് മത്സരിച്ച പന്ത്രണ്ട് സീറ്റുകളിലേയും ഫലം ജോസ് കെ മാണിക്ക് നിർണ്ണായകമാണ്.മികച്ച വിജയം നേടാനായിൽ എൽഡിഎഫിൽ ജോസിന് മികച്ച സ്ഥാനമുണ്ടാകും .തിരിച്ചടിയുണ്ടായാൽ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടാം

ഇഞ്ചോടിഞ്ച് പേരാട്ടം നടന്ന പാലായിൽ ഫലം ഈ അവസാന മണിക്കൂറിലും പ്രവചനാതീതം. പാലായിൽ ജയിച്ചാൽ ജോസിന് നേട്ടങ്ങളേറെ. കെഎം മാണി അരനൂറ്റാണ്ട് കൊണ്ട് നടന്ന പാല ഉപതെരഞ്ഞെടുപ്പിലൂടെ പിടിച്ച മാണി സി കാപ്പനോടുള്ള മധുര പ്രതികാരമാവും. ഒപ്പം യഥാർത്ഥ കേരളാ കോൺഗ്രസ് ആരെന്ന് ജനങ്ങളുടെ മുന്നിൽ തെളിയിക്കാം. എൽഡിഎഫ് ഭരണം വന്നാൽ മന്ത്രിസഭയിൽ മുന്തിയ സ്ഥാനവും ജോസിനെ കാത്തിരിക്കുന്നു. ജയിച്ചാൽ ജോസിന് ഏത് വകുപ്പ് എന്നതും കൗതുകമാകും

തോറ്റാൽ ഇടത് മുന്നണിയിൽ ജോസിൻറെ വിശ്വാസ്യത നഷ്ടപ്പെടും. സിപിഐയ്ക്കുൾപ്പടെ കേരളാ കോൺഗ്രസിനെ ആക്രമിക്കാനുള്ള അവസരമുണ്ടാകും. കേരളാ കോൺഗ്രസിൽ ആഭ്യന്തര തർക്കങ്ങൾ തലപൊക്കും. മറ്റൊരു പിളർപ്പിലേക്ക് പോയാലും അത്ഭുതപ്പെടാനില്ല. റോഷി അഗസ്റ്റിൻ മത്സരിക്കുന്ന ഇടുക്കി, കാഞ്ഞിരപ്പള്ളി, കേരളാ കോൺഗ്രസുകൾ തമ്മ്ൽ മത്സരിക്കുന്ന കടുത്തുരുത്തി, ചങ്ങനാശേരി എന്നിവിടങ്ങളും ജോസ് കെ മാണിക്ക് നിർണ്ണായകമാണ്.

മധ്യ കേരളത്തില്‍ കനത്ത പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനത്തില്‍ ഇക്കുറി വലിയ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. കുന്നംകുളത്തും വടക്കാഞ്ചേരിയിലും കുന്നത്തുനാട്ടിലും ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വാശീയേറിയ രാഷ്ട്രീയ പോരാട്ടം നടന്ന കോട്ടയത്തെ കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ താരതമ്യേനെ പോളിംഗ് കുറഞ്ഞത് അമ്പരപ്പുണ്ടാക്കി.

തൃശൂര്‍ ജില്ലയില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്ന യുഡിഎഫ് വലിയ പോരാട്ടം കാഴ്ചവെച്ച കുന്നംകുളത്തും വടക്കാഞ്ചേരിയിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ചേലക്കര, കയ്പമംഗലം പുതുക്കാട് മണ്ഡലങ്ങളിലും പോളിംഗ് ഉയര്‍ന്നു. ഇടത് ശക്തി കേന്ദ്രങ്ങളില്‍ പലയിടത്തും റിക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയത്.

ആലപ്പുഴയിലെ തീരദേശ മണ്ഡലങ്ങളായ അരൂരും ചേര്‍ത്തലയിലും 80 ശതമാനത്തിലധികം ആളുകള്‍ വോട്ട് ചെയ്തു . ഇടതു കോട്ടകളില്‍ ഇത്തവണ യുഡിഎഫ് നടത്തിയ ശക്തമായ മത്സരമാണ് പോളിമഗ് ശതമാനം ഉയര്‍ത്തിയത്. ആലപ്പുഴയിലെ തീരമേഖലയിലെ മണ്ഡലങ്ങളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ ചെങ്ങന്നൂര്‍ അടക്കമുള്ള അപ്പര്‍ കുട്ടനാട് മേഖലയില്‍ അത്ര ആവേശം ദൃശ്യമായില്ല. കോട്ടയത്ത് വാശിയേറിയ പോരാട്ടം നടന്ന പാലയിലും പൂഞ്ഞാറും പോളിംഗ് ശതമാനത്തില്‍ വലിയ വര്‍ദ്ധനയില്ല. എങ്കിലും കിട്ടേണ്ട വോട്ടുകളെല്ലാം വീണുവെന്നാണ് മുന്നണികളുടെ വാദം.

പാലായില്‍ ജോസ് കെ മാണിയും മാണി സി കാപ്പനും ഒരു പോലെ വിജയം അവകാശപ്പെട്ടു കഴിഞ്ഞു. മൂന്നു മുന്നണികളേയും വെല്ലുവിളിച്ച് പിസി ജോര്‍ജ് മത്സരിക്കുന്ന പൂഞ്ഞാറിലും സ്ഥിതി മറിച്ചല്ല. ശക്തി കേന്ദ്രങ്ങളില്‍ പോളിഗ് കൂടിയതിന്‍റെ ആത്മ വിശ്വാസത്തിലാണ് പിസി ജോര്‍ജ്. വിദേശ കുടിയേറ്റ മേഖലയായ കടുത്തുരുത്തിയില്‍ വാശിയേറിയ പോരാട്ടമാണെങ്കിലും പതിവു പോലെ പോളിംഗ് ശതമാനത്തില്‍ വലിയ വര്‍ദ്ധന ഉണ്ടായില്ല. തൃശൂരിലും ആലപ്പുഴയിലും തീരമേഖലയില്‍ പോളിംഗ് ഉയര്‍ന്നപ്പോള്‍ കൊച്ചിയില്‍ അത് പ്രതിഫലിച്ചില്ല. വൈപ്പിനില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയത് ഇടത് കേന്ദ്രങ്ങളില്‍ ആത്മ വിശ്വാസം കൂട്ടിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ, തത്സമയം

YouTube video player