തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ആവേശത്തോടെ തുടങ്ങിയ കേരളത്തിലെ പോളിങ് ആലസ്യത്തോടെ അവസാനിച്ചു. മുൻതെരഞ്ഞെടുപ്പുകളെ അവസാനിച്ച് കുറഞ്ഞ പോളിങാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകൾ വന്നിട്ടില്ലെങ്കിലും 73.58 ശതമാനത്തോളം വോട്ട് രേഖപ്പെടുത്തിയെന്നാണ് വിവരം. ഇനി ആഴ്ചകളുടെ കാത്തിരിപ്പ്. മെയ് രണ്ടിന് ഭരണത്തുടർച്ചയോ, ഭരണമാറ്റമോ എന്നറിയാനാവും. സീറ്റുകളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ രാജ്യത്ത് കോൺഗ്രസിന്റെ തിരിച്ചുവരവിന് കേരളത്തിൽ തുടക്കമാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് ദിവസം പ്രധാനചര്‍ച്ചയായി ശബരിമല സ്ത്രീപ്രവേശനം ഉയർന്നുവന്നു. ഭരണമാറ്റത്തിനുള്ള എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ആഹ്വാനമായിരുന്നു ഇതിന് കാരണം. മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്നും ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നതായാണ് താൻ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവനും ദേവഗണങ്ങളും ഇടതുപക്ഷത്തിനൊപ്പമെന്ന് പിണറായി വിജയൻ തിരിച്ചടിച്ചു. അയ്യപ്പനെ കൂട്ടുപിടിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ആയുധമാക്കി പ്രതിപക്ഷം രംഗത്ത് വന്നു. പിന്നാലെ സുകുമാരന്‍ നായര്‍ക്കും , ചെന്നിത്തലയ്ക്കുമെതിരെ പരാതിയുമായി നിയമമന്ത്രി എകെ ബാലനും മുന്നോട്ട് വന്നു.

അതിനിടെ കൊല്ലം ജില്ലയിലെ കുണ്ടറയിൽ നാടകീയ രംഗങ്ങള്‍ ഇന്ന് അരങ്ങേറി. തനിക്ക് നേരെ ബോംബാക്രമണം ഉണ്ടായെന്ന് ആരോപിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി ഷിജു വർഗ്ഗീസ് പൊലീസിനെ സമീപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇഎംസിസി ഡയറക്ടർ ശ്രമിച്ചെന്ന് ആരോപിച്ച മെഴ്സിക്കുട്ടിയമ്മ, ഷിജുവിനെ കസ്റ്റഡിയിലെടുത്തെന്നും പറഞ്ഞു. എന്നാൽ മന്ത്രിയുടെ വാദം പൊലീസ് തള്ളി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി പിസി വിഷ്ണുനാഥും രംഗത്ത് വന്നു.

നേമം അടക്കം ത്രികോണപ്പോരാട്ടമുളള മണ്ഡലങ്ങളിൽ കനത്ത പോളിങാണ് നടന്നത്. തലശ്ശേരിയിലെ ബിജെപി കേന്ദ്രങ്ങളില്‍ മരവിപ്പായിരുന്നു ഉണ്ടായിരുന്നത്. കേരള കോൺഗ്രസ് ശക്തികേന്ദ്രങ്ങളില്‍ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. കുന്നത്തുനാട്ടിൽ ജയം അവകാശപ്പെട്ട് ട്വന്‍റി 20 രംഗത്ത് വന്നു. 

വോട്ടെടുപ്പിനിടെ 5 പേര്‍ കുഴഞ്ഞുവീണ് മരിച്ചു. ആറന്മുള മണ്ഡലത്തിലെ വള്ളംകുളം സ്‌കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ഗോപിനാഥ കുറുപ്പ് , കോട്ടയം എസ്എച് മഠം സ്‌കൂളിലെ വോട്ടറായ അന്നമ്മ ദേവസ്യ, പാലക്കാട്ട് നെന്മാറയിൽ കാര്‍ത്ത്യായനി അമ്മ , മറയൂര്‍ പത്തടിപ്പാലം സ്വദേശി ഗോപിനാഥൻ നായര്‍ എന്നിവരാണ് പോളിങ് ബൂത്തിൽ കുഴഞ്ഞ വീണ് മരിച്ചത്. ഹരിപ്പാട് പതിയാങ്കരയിൽ എൽഡിഎഫ് യുഡിഎഫ് സംഘര്‍ഷത്തിന് സാക്ഷിയായ വൃദ്ധനും കുഴഞ്ഞു വീണു മരിച്ചു. മീനത്തേൽ പുതുവൽ ശാര്‍ങ്ധരൻ ആണ് മരിച്ചത്. മണിക്കുട്ടൻ എന്ന യുഡിഎഫ് പ്രവര്‍ത്തകനെ എൽഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നത് കണ്ടാണ് അയൽ വാസിയായ ശാര്‍ങ്ധരൻ കുഴഞ്ഞു വീണത്.

വോട്ടെടുപ്പിനിടെ ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഉണ്ടായി. കഴക്കൂട്ടത്ത് സിപിഎം- ബിജെപി ഏറ്റുമുട്ടൽ വലിയ വാഗ്വാദങ്ങൾക്ക് കാരണമായി. പ്രവർത്തകരെ അന്യായമായി അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് പൊലീസിനെതിരെ പൊട്ടിത്തെറിച്ച് മന്ത്രി കടകംപളളി സുരേന്ദ്രൻ രംഗത്ത് വന്നു. ബൂത്ത് ഏജന്‍റുമാരെ ആക്രമിച്ചെന്ന ബിജെപി ആരോപിച്ചു. തളിപ്പറമ്പില്‍ ബൂത്തുപിടിക്കാന്‍ ശ്രമമെന്ന് യുഡിഎഫ് ആരോപിച്ചു. റീ പോളിങ് വേണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. അഴീക്കോട് യുഡിഎഫ് സ്ഥാനാർത്ഥി കെഎം ഷാജിക്ക് നേരെയും ആറന്മുളയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിന് നേരെയും അസഭ്യവര്‍ഷം ഉണ്ടായി.

മണ്ണാര്‍ക്കാടും കളമശ്ശേരിയിലും കാട്ടാക്കടയിലും കള്ളവോട്ട് പരാതി. തമിഴ്നാട്ടിൽ നിന്നെത്തിയവരെ ഇരട്ടവോട്ട് ആരോപിച്ച് ഇടുക്കിയിൽ തടഞ്ഞത് വാക്പോരിന് കാരണമായി. ആലപ്പുഴയിൽ ഹെൽമറ്റ് ധരിച്ച് ഇരട്ടവോട്ടിന് ശ്രമം നടന്നു. തപാല്‍ വോട്ട് ദുരുപയോഗം ചെയ്തെന്ന് വ്യാപകമായി പരാതി ഉയർന്നു. തപാൽ വോട്ട് നിരസിച്ചവർക്ക് വോട്ട് ചെയ്യാനായില്ലെന്നും പരാതിയുണ്ട്.