കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്, എൽഡിഎഫ്-എൻഡിഎ മുന്നണികൾക്കൊപ്പം തന്നെ കേരളം ഏറ്റവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതും ചർച്ച ചെയ്യുന്നതും ട്വന്റി -20 യുടെ മത്സരമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മിന്നും വിജയം നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മൂന്ന് മുന്നണികൾക്കും കടുത്ത വെല്ലുവിളിയാണ് ട്വന്റി -20 ഉയർത്തുന്നത്. എറണാകുളത്ത് ട്വന്റി -20 എട്ട് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ഈ  മത്സരങ്ങൾ ഏത് മുന്നണിയെയാകും ഏറ്റവും കൂടുതൽ ബാധിക്കുകയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ വോട്ടര്‍ സർവെ പരിശോധിച്ചത്. 

എറണാകുളത്ത് ട്വന്റി -20 എട്ട് സ്ഥാനാർത്ഥികളുടെ മത്സരം ഏത് മുന്നണിയെയാണ് ഇത് കൂടുതൽ ബാധിക്കുകയെന്ന ചോദ്യത്തിന് യുഡിഎഫിനെ എന്നാണ് 41 ശതമാനം പേരും അഭിപ്രായപ്പെട്ടത്. എൽഡിഎഫിനെ എന്ന് 28 ശതമാനം പേർ മാത്രം അഭിപ്രായപ്പെട്ടപ്പോൾ എൻഡിഎയെ എന്ന് ആറ് ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്നാൽ ഇപ്പോൾ അഭിപ്രായം പറയാനാകില്ലെന്ന് 25 ശതമാനം പേർ പറഞ്ഞത്.