Asianet News MalayalamAsianet News Malayalam

വടക്ക് അട്ടിമറിയോ? വിപ്ലവമണ്ണിലടക്കം അഭിമാനപ്പോര്, നിർണായകം ഈ മണ്ഡലങ്ങൾ

അഭിമാനപോരാട്ടങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന  മഞ്ചേശ്വരം, വടകര, കുറ്റ്യാടി, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം പ്രവചനാതീതമെന്ന  സൂചനയാണ് വിവിധ സര്‍വേ ഫലങ്ങള്‍ നല്‍കുന്നത്. ടിപിയുടെ രക്തസാക്ഷിത്വം വീണ്ടും ചര്‍ച്ചയായ വടകരയിലേക്ക് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.
 

kerala assembly elections 2021 north kerala results key constituencies
Author
Kozhikode, First Published May 2, 2021, 4:12 AM IST

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ഒരുപോലെ പ്രതീക്ഷയര്‍പ്പിക്കുന്ന വടക്കന്‍ കേരളത്തില്‍ പല മണ്ഡലങ്ങളിലും അട്ടിമറിയുണ്ടാകുമെന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സിപിഎം സ്വാധീന മേഖലകളിലും മലപ്പുറം ജില്ലയിലെ മുസ്ലീം ലീഗ് സ്വാധീന മേഖലയിലും വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളില്‍ തന്നെ ഫലസൂചന വ്യക്തമാകും. സര്‍വേ ഫലങ്ങള്‍ അനുകൂലമല്ലെങ്കിലും മഞ്ചേശ്വരം, പാലക്കാട് തുടങ്ങിയ പല മണ്ഡലങ്ങളിലും വിജയം ഉറപ്പെന്ന പ്രതീക്ഷയിലാണ് ബിജെപി.

കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുളള 60 മണ്ഡലങ്ങള്‍ ഏറെ നിര്‍ണായകം. 37 സീറ്റുകള്‍ എല്‍ഡിഎഫും 23 യുഡിഎഫും പങ്കിട്ട 2016-ലെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് ഇക്കുറി വലിയ മാറ്റങ്ങള്‍ വന്നേക്കാമെന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. ബിജെപി പിടിക്കുന്ന വോട്ടുകളാകും പലയിടത്തെയും ജനവിധിയെ നിര്‍ണയിക്കുക. തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശേരി തുടങ്ങിയ സിപിഎം സ്വാധീന മേഖലകളില്‍ ആദ്യ റൗണ്ടുകളില്‍ തന്നെ ജനവിധിയുടെ സൂചന തെളിയും.

മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളൊഴികെയുളള ലീഗ് സ്വാധീന മേഖലകളിലും ഭൂരിപക്ഷത്തെക്കുറിച്ച് മാത്രമാണ് തര്‍ക്കം. അതേസമയം അഭിമാനപോരാട്ടങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന  മഞ്ചേശ്വരം, വടകര, കുറ്റ്യാടി, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം പ്രവചനാതീതമെന്ന  സൂചനയാണ് വിവിധ സര്‍വേ ഫലങ്ങള്‍ നല്‍കുന്നത്.

ടിപിയുടെ രക്തസാക്ഷിത്വം വീണ്ടും ചര്‍ച്ചയായ വടകരയില്‍ കണക്കുകളുടെ പിന്‍ബലം കെ.കെ രമയ്ക്കെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വേ ഫലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനാണ് വിജയം പ്രവചിക്കുന്നത്. നേതാക്കളെ അണികള്‍ തിരുത്തിയ കുറ്റ്യാടിയിലാകട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പാറയ്ക്കല്‍ അബ്ദുളളയ്ക്കൊപ്പമാണ് എക്സിറ്റ് പോള്‍.

മലപ്പുറത്തെ 16 മണ്ഡലങ്ങളില്‍ കഴിഞ്ഞ വട്ടം നാലിടത്ത് മാത്രം ജയിച്ച എല്‍ഡിഎഫിന് ഇക്കുറി ഒരു സീറ്റ് കൂടുതല്‍ കിട്ടാമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വേ ഫലം. നിലമ്പൂർ, പൊന്നാനി, തവനൂര്‍, വണ്ടൂര്‍, കൊണ്ടോട്ടി സീറ്റുകളാണ് ഇടതുമുന്നണിക്കെന്ന് സര്‍വേ പറയുന്നു. പാലക്കാട്ട് കടുത്ത പോരാട്ടമെങ്കിലും ഷാഫി പറമ്പിലിനാണ് സര്‍വേയില്‍ മേല്‍ക്കൈ. ഇതേ മേല്‍ക്കൈയാണ് തൃത്താലയില്‍ എം ബി രാജേഷിനും സര്‍വേ നല്‍കുന്നത്.  ബിജെപി - സിപിഎം നേര്‍ക്കുനേര്‍ പോര് നടക്കുന്ന മലമ്പുഴയിൽ സിപിഎമ്മിലെ എ. പ്രഭാകരനാണ് നേരിയ മേൽക്കൈ. അതായത് ആദ്യം ഫലം പുറത്തുവരുന്ന മണ്ഡലങ്ങളും അവസാന റൗണ്ട് വരെ ആകാംക്ഷ നിലനിര്‍ത്തുന്ന മണ്ഡലങ്ങളും വടക്കന്‍ കേരളത്തിലുണ്ടെന്ന് ചുരുക്കം.

വടക്കൻ കേരളം
2016-ലെ ഫലങ്ങളും ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോൾ സർവേ പ്രവചിച്ചതും

സപ്തഭാഷാ സംഗമഭൂമിയിലാര്?

കാസർകോട് ജില്ലയിൽ ആകെ അഞ്ച് സീറ്റുകളാണുള്ളത്. മഞ്ചേശ്വരം, ഉദുമ, കാസർകോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിൽ പൊതുവേ കാറ്റ് അനുകൂലം ഇടത്തോട്ടാണ്. പക്ഷേ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന രണ്ട് മണ്ഡലങ്ങളെങ്കിലുമുണ്ട് കാസർകോട്ട്. ഒന്ന് മഞ്ചേശ്വരവും, രണ്ടാമത്തേത് ഉദുമയും. 2016-ൽ എൽഡിഎഫ് മൂന്ന് സീറ്റുകളും നേടി കാസർകോട്ട്. യുഡിഎഫ് രണ്ട് സീറ്റും. മഞ്ചേശ്വരത്ത് വെറും 89 വോട്ടുകളുടെ വ്യത്യാസത്തിൽ കപ്പിനും ചുണ്ടിനുമിടയ്ക്ക് സുരേന്ദ്രന് സീറ്റ് നഷ്ടപ്പെട്ടപ്പോൾ ലീഗ് കഷ്ടിച്ച് ആശ്വാസജയം നേടി നെടുവീർപ്പിട്ടു. കാസർകോട് എൻ എ നെല്ലിക്കുന്നിലൂടെ ലീഗ് ജയിച്ചുകയറിയപ്പോൾ, കെ കുഞ്ഞിരാമനിലൂടെ ഉദുമയും ഇ ചന്ദ്രശേഖരനിലൂടെ കാഞ്ഞങ്ങാടും എം രാജഗോപാലനിലൂടെ തൃക്കരിപ്പൂരും എൽഡിഎഫ് കയ്യടക്കി.

ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പോസ്റ്റ് പോൾ സർവേ പ്രവചിച്ചച് കാസർകോട്ട് എൽഡിഎഫ് 2 - 3 സീറ്റ് വരെ നേടുമെന്നാണ്. യുഡിഎഫ് 1 - 2 സീറ്റ് വരെ. എൻഡിഎ 1 - 2 സീറ്റ് വരെ.

കണ്ണൂരാര് നേടും?

ചുവന്നുതുടുത്ത കണ്ണൂരിൽ ആകെ 11 സീറ്റുകളുണ്ട്. 2016-ൽ എൽഡിഎഫ് ഇവിടെ എട്ട് സീറ്റും നേടി. യുഡിഎഫിന് കിട്ടിയത് മൂന്ന് സീറ്റ് മാത്രം. പയ്യന്നൂർ സി കൃഷ്ണൻ, കല്യാശ്ശേരി ടി വി രാജേഷ്, തളിപ്പറമ്പ് ജയിംസ് മാത്യു, കണ്ണൂർ കടന്നപ്പള്ളി രാമചന്ദ്രൻ, ധർമടത്ത് പിണറായി വിജയൻ, തലശ്ശേരി എ എൻ ഷംസീർ, കൂത്തുപറമ്പ് കെ കെ ശൈലജ, മട്ടന്നൂർ ഇ പി ജയരാജൻ, എന്നിവർ ചെങ്കൊടി നാട്ടിയപ്പോൾ. പേരാവൂർ സണ്ണി ജോസഫ് വിട്ടുകൊടുത്തില്ല. നേരിയ ഭൂരിപക്ഷത്തിൽ അഴീക്കോട് കെ എം ഷാജി നേടി. ഇരിക്കൂരിൽ കെ സി ജോസഫ് എട്ടാം വട്ടവും വിജയിച്ചു.

ഇത്തവണ സ്ഥാനാർത്ഥിപ്പട്ടികയിൽ കാര്യമായ അഴിച്ചുപണി കണ്ണൂരിൽ നടന്നു. യുവത്വത്തിനടക്കം കൃത്യമായ പ്രാതിനിധ്യം സിപിഎം നൽകിയപ്പോൾ, ടേം വ്യവസ്ഥയിൽ ചിലർക്ക് മാറി നിൽക്കേണ്ടി വന്നു. ഇത്തവണ കണ്ണൂരിലും കൂത്തുപറമ്പിലും കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പോസ്റ്റ് പോൾ സർവേ പ്രവചിച്ചത്. 8 - 9 സീറ്റ് വരെ എൽഡിഎഫ് കണ്ണൂരിൽ നേടുമെന്ന് സർവേ പ്രവചിച്ചു. യുഡിഎഫ് 2-3 സീറ്റ് വരെ. എൻഡിഎയ്ക്ക് സീറ്റില്ല.

ചുരം കയറി ആരെത്തും?

മണ്ഡലക്കണക്കിൽ ചെറിയ ജില്ലയാണ് വയനാട്. ഇടതിനൊപ്പം നിന്ന് ഒ ആർ കേളുവിനെ വിജയിപ്പിച്ച മാനന്തവാടിയും ഐ സി ബാലകൃഷ്ണനെ നിയമസഭയിലെത്തിച്ച സുൽത്താൻ ബത്തേരിയും ലാളിത്യത്തിന്‍റെ പ്രതീകമായ സി കെ ശശീന്ദ്രനെ ജയിപ്പിച്ച കൽപ്പറ്റയും അടങ്ങുന്ന ചെറിയ ജില്ല. ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സർവേ പ്രകാരം എൽഡിഎഫിന് 1 - 2 സീറ്റ് വരെ കിട്ടാം. യുഡിഎഫിനും സമാനമായ സാധ്യത തന്നെയാണ്. എൻഡിഎയ്ക്ക് സീറ്റൊന്നും കിട്ടില്ല.

മലപ്പുറത്താരേറും?

16 സീറ്റുകളുള്ള വടക്കിന്‍റെ കണ്ണായ ജില്ലയാണ് മലപ്പുറം. ലീഗിന് ഇപ്പോഴും കേരളരാഷ്ട്രീയത്തിൽ നിർണായക സ്വാധീനശേഷി നേടിക്കൊടുക്കുന്നതിന് കാരണം ഇവിടത്തെ വോട്ടുബാങ്കാണെന്നതിൽ സംശയമില്ല. 2016-ൽ എൽഡിഎഫ് ഇവിടെ നാല് സീറ്റുകളാണ് നേടിയത്. ലീഗ് സീറ്റുകളടക്കം യുഡിഎഫ് 12 സീറ്റ് നേടിയത് മുന്നണിക്ക് ചെറിയ ആശ്വാസമല്ല നൽകിയത്.

2016-ലെ ഇടത് തരംഗത്തിൽ നിലമ്പൂരിൽ പി വി അൻവറും താനൂരിൽ വി അബ്ദുറഹിമാനും തവനൂരിൽ കെ ടി ജലീലും പൊന്നാനിയിൽ പി ശ്രീരാമകൃഷ്ണനും എൽഡിഎഫിന് വിജയം സമ്മാനിച്ചപ്പോൾ മുന്നണി ആഹ്ളാദപ്പടക്കം പൊട്ടിച്ചു മലപ്പുറത്ത്. കൊണ്ടോട്ടി തൊട്ടിങ്ങോട്ട്, ഏറനാടും, മഞ്ചേരിയും പെരിന്തൽമണ്ണയും മങ്കടയും മലപ്പുറവും വേങ്ങരയും വള്ളിക്കുന്നും തിരൂരങ്ങാടിയും തിരൂരും കോട്ടക്കലും കോണി ചാരിക്കേറി.

എന്നാൽ എ പി അനിൽകുമാർ വിജയിച്ച വണ്ടൂരിലടക്കം സിപിഎം പി മിഥുനയെന്ന യുവസ്ഥാനാർത്ഥിയിലൂടെ അട്ടിമറിജയം നേടുമെന്ന് പ്രവചിക്കുന്നു ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സർവേ. മ‍ഞ്ചേരിയിലും തിരൂരും തവനൂരും പൊന്നാനിയിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കാം.

എൽഡിഎഫിന് 4-5 സീറ്റ് വരെ കിട്ടാം. യുഡിഎഫിന് 11-12 വരെ. എൻഡിഎയ്ക്ക് സീറ്റൊന്നും കിട്ടില്ല.

കോഴിക്കോട്ടെ കടൽക്കാറ്റെങ്ങോട്ട്?

ആകെ 13 സീറ്റാണ് കോഴിക്കോട്ട്. പൊതുവേ ഇടതിനോടടുത്ത ജില്ല. 2016-ലെ ഇടതുതരംഗത്തിൽ കോഴിക്കോട്ടെ 11 സീറ്റും എൽഡിഎഫ് കൊണ്ടുപോയി. യുഡിഎഫ് ജയിച്ചത് രണ്ട് സീറ്റിൽ മാത്രം.

നാദാപുരത്ത് ഇ കെ വിജയൻ, കൊയിലാണ്ടിയിൽ കെ ദാസൻ, പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻ, ബാലുശ്ശേരിയിൽ പുരുഷൻ കടലുണ്ടി, എലത്തൂരിൽ എ കെ ശശീന്ദ്രൻ, കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാർ, ബേപ്പൂരിൽ വികെസി മമ്മദ് കോയ, കൊടുവള്ളിയിൽ സ്വതന്ത്രൻ കാരാട്ട് റസാഖ്, തിരുവമ്പാടിയിൽ ജോർജ് എം തോമസ് എന്നിവരായിരുന്നു ചെങ്കൊടി നാട്ടിയവർ.

കുറ്റ്യാടിയിലും കോഴിക്കോട് സൗത്തിലും ലീഗിന്‍റെ പാറയ്ക്കൽ അബ്ദുള്ളയും എം കെ മുനീറും മാത്രമാണ് ജയിച്ചത്. ബാക്കി യുഡിഎഫ് സ്ഥാനാർത്ഥികളെല്ലാം കോഴിക്കോട് തോറ്റു.

ഇത്തവണ എ പ്രദീപ് കുമാറെന്ന ജനപ്രിയ മുഖത്തെ അടക്കം ഒഴിവാക്കി പുറത്തിറക്കിയ സ്ഥാനാർത്ഥിപ്പട്ടികയിൽ എൽഡിഎഫിന് മുൻതൂക്കം തന്നെയാണുള്ളത്. പക്ഷേ, വടകരയെന്ന ടിപി ചന്ദ്രശേഖരന്‍റെ വിപ്ലവമണ്ണിൽ ആര് ജയിക്കുമെന്നത് രാഷ്ട്രീയകേരളം മുഴുവൻ ഉറ്റുനോക്കുന്നു. കെ കെ രമയോ മനയത്ത് ചന്ദ്രനോ? ആരെത്തുണയ്ക്കും വിപ്ലവമണ്ണ്. നാദാപുരത്തും, ചരിത്രം കുറിച്ച് ലീഗിന്‍റെ ഒരു വനിതാ സ്ഥാനാ‍ർത്ഥി കളത്തിലിറങ്ങിയ കോഴിക്കോട് സൗത്തിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സർവേ പറയുന്നത്.

എൽഡിഎഫ് 10 മുതൽ 11 സീറ്റ് വരെ നേടാം. യുഡിഎഫ് 2 - 3 സീറ്റ് വരെ. എൻഡിഎ സീറ്റൊന്നും നേടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സർവേ പ്രവചിക്കുന്നു.

പാലക്കാട്ടെ ചൂടിൽ പൊള്ളുന്നതാർക്ക്?

12 സീറ്റുണ്ട് ആകെ പാലക്കാട്ട്. 2016-ൽ ഇതിൽ 9 സീറ്റും ഇടതുമുന്നണിക്ക് കൊടുത്തു കരിമ്പനയുടെ നാട്. യുഡിഎഫിന് കിട്ടിയത് മൂന്ന് സീറ്റ് മാത്രം. എൻഡിഎ ചില സീറ്റുകളിലെങ്കിലും കനത്ത പോരാട്ടം കാഴ്ച വച്ചെങ്കിലും ഒരു സീറ്റും കിട്ടിയില്ല.

ഇത്തവണ പാലക്കാട് നഗരസഭാ ഭരണം തന്നെ ബിജെപി പിടിച്ച സാഹചര്യത്തിൽ സ്റ്റാർ സ്ഥാനാർഥിയെയാണ് ഇറക്കിയിരിക്കുന്നത്. മെട്രോമാൻ ഇ ശ്രീധരൻ യൂത്ത് കോൺഗ്രസിന്‍റെ യൂത്ത് ഐക്കൺ ഷാഫി പറമ്പിലിനെ നേരിടുമ്പോൾ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. നെന്മാറയിലും പോരാട്ടം കടുക്കും ഇത്തവണ.

തൃത്താലപ്പോരാണ് കേരളം കണ്ണുനട്ടിരിക്കുന്ന മറ്റൊരു കാഴ്ച. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും യുവതാരങ്ങളും സൈബർ സ്റ്റാറുകളുമായ എം ബി രാജേഷും വി ടി ബൽറാമും കളത്തിലിറങ്ങുമ്പോൾ, ആര് വാഴും? ആര് വീഴും? ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സർവേ മണ്ഡലത്തിൽ കടുത്ത പോരാട്ടമാണെന്ന് പ്രവചിക്കുമ്പോഴും, എം ബി രാജേഷിന് നേരിയ മുൻതൂക്കം നൽകുന്നുണ്ട്. മലമ്പുഴയിലെ പോരും നിർണായകമാണ് പാലക്കാട്ട്.

ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സർവേ എൽഡിഎഫ് 9-10 സീറ്റ് വരെ നേടാമെന്ന് പ്രവചിച്ചു. യുഡിഎഫ് 2-3 സീറ്റ് വരെ. എൻഡിഎയ്ക്ക് 1 സീറ്റ് കിട്ടിയേക്കാം.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും  കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ, തത്സമയം

Follow Us:
Download App:
  • android
  • ios