Asianet News MalayalamAsianet News Malayalam

വെട്ടിനിരത്തലോ? സിപിഎം പട്ടികയിൽ ആലപ്പുഴ അടക്കം ജില്ലാ കമ്മിറ്റികളിൽ പുകഞ്ഞ് പ്രതിഷേധം

2006-ൽ ആദ്യം വിഎസ്സിന് സീറ്റ് നിഷേധിച്ചതിന് സമാനമായ എതിർപ്പ് പല ജില്ലാ കമ്മിറ്റികളിൽ നിന്നും ഇത്തവണ ഉയരുകയാണ്. ആലപ്പുഴയിൽ ജി സുധാകരനും തോമസ് ഐസകിനും സീറ്റ് നിഷേധിച്ചതിൽ ജില്ലാ സെക്രട്ടേറിയറ്റിൽ കടുത്ത എതിർപ്പുണ്ട്. എകെജി സെന്‍ററിൽ അടിയന്തരമായി സിപിഎം - സിപിഐ ചർച്ച നടക്കുന്നു. 

kerala assembly elections 2021 opposition against candidate list in district committees
Author
Thiruvananthapuram, First Published Mar 6, 2021, 5:57 PM IST

തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥി നിർണയത്തിൽ ഇത്തവണ നടന്നത് വെട്ടിനിരത്തലോ? പ്രധാനപ്പെട്ട നേതാക്കളെ ഒഴിവാക്കിയതിൽ പാർട്ടി ജില്ലാ നേതൃത്വങ്ങളിൽ പ്രതിഷേധം ശക്തമാണ്. പി ജയരാജന് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ കണ്ണൂരിൽ തുറന്ന പ്രതിഷേധവും പോസ്റ്റർ യുദ്ധവും രാജിഭീഷണിയും നടക്കുന്നതിനിടെ ആലപ്പുഴ അടക്കം മറ്റ് ജില്ലാ നേതൃത്വങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ, എകെജി സെന്‍ററിൽ അടിയന്തരമായി സിപിഎം - സിപിഐ യോഗം നടക്കുകയാണിപ്പോൾ. 

രണ്ട് ടേം പറഞ്ഞുള്ള കടുംവെട്ടിനെതിരെ രണ്ടും കൽപിച്ചാണ് പാർട്ടി അണികൾ. തുടർച്ചയായി രണ്ട് തവണ ജയിച്ചവർ ഇനി വേണ്ടെന്ന വ്യവസ്ഥയിൽ ഒഴിവു വന്ന 22 സീറ്റിൽ 16 ഇടത്തും വിജയസാധ്യത തുലാസിലാവുകയാണ്. തോമസ് ഐസക്കിനെയും ജി സുധാകരനെയും ശ്രീരാമകൃഷ്ണനെയും ഒഴിവാക്കിയത് അമിത ആത്മവിശ്വാസത്തിന്‍റെ സൂചനയെന്നാണ് സിപിഎം അണികൾക്കിടയിലെ എതിർപ്പ്. 2011-ൽ പേരാവൂരിൽ തോറ്റത് കൊണ്ട് മാത്രമാണ് കെ കെ ശൈലജക്ക് ഇത്തവണ അവസരം ലഭിച്ചത്. എം വി ഗോവിന്ദനും, കടകംപള്ളി സുരേന്ദ്രനും, മേഴ്സിക്കുട്ടിയമ്മക്കും എന്തിനേറെ പിണറായി വിജയന് പോലും ജയിച്ച രണ്ട് തവണ എന്ന വ്യവസ്ഥയാണ് ബാധകമാക്കിരുന്നെങ്കിൽ മത്സരിക്കുന്നതിൽ തടസ്സമായേനെ. ഈ പ്രശ്നം മുന്നിൽക്കണ്ട് തുടർച്ചയായി രണ്ട് തവണ ജയിച്ചവർ ഇനി വേണ്ട എന്ന നിബന്ധന നയത്തിൽ ഊന്നിയുള്ള അടവുനയമായി. 

ആലപ്പുഴയിൽ പോസ്റ്റർ പോര് 
 
സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്ത ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസകും മത്സരിക്കേണ്ടെന്ന് തീരുമാനിച്ച സംസ്ഥാനനേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പാണുയർന്നത്. ഇരുവരെയും പരിഗണിക്കമെന്ന് വീണ്ടും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യമുന്നയിച്ചു. എന്നാൽ തീരുമാനത്തിൽ മാറ്റമില്ലെന്ന് എ വിജയരാഘവൻ യോഗത്തെ അറിയിച്ചു. രണ്ട് ടേം തുടർച്ചയായി മത്സരിച്ച് ജയിച്ചവർക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്നത് പാർട്ടിയുടെ തീരുമാനമാണ്. അതിൽ ഒരു ജില്ലയ്ക്ക് മാത്രം ഇളവ് നൽകാനാകില്ലെന്നും വിജയരാഘവൻ യോഗത്തിൽ പറഞ്ഞു. 

അതേസമയം പോസ്റ്ററുകളിലൂടെ പരസ്യപ്പോര് നടക്കുകയാണ് ആലപ്പുഴയിൽ. ജി ഇല്ലാതെ എന്ത് ഉറപ്പ്, സുധാകരൻ ഇല്ലെങ്കിൽ മണ്ഡലം തോൽക്കും അങ്ങനെ നിറയുന്നു പോസ്റ്ററുകൾ. പകരം സ്ഥാനാർത്ഥിയാകുന്ന എച്ച് സലാമിനെതിരെയും പ്രചാരണം ശക്തമാണ്. ഇതിനിടെ, തോമസ് ഐസക്കും സുധാകരനും പട്ടികയിലില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ തുറന്ന് സമ്മതിച്ചു. ഇവരെ മാത്രമല്ല ഒഴിവാക്കിയതെന്നും, മറ്റു പല മന്ത്രിമാരും പട്ടികയില്ലല്ലോ എന്നും ആർ നാസർ ചോദിക്കുന്നു. പോസ്റ്റർ പ്രതിഷേധം ഇരുട്ടിന്‍റെ ശക്തികളുടെ സൃഷ്ടിയാണെന്നാണ് നാസർ പറയുന്നത്. 

'ഉറപ്പാണ് കേരളം, വേണം ശ്രീരാമകൃഷ്ണൻ'

പൊന്നാനിയിൽ ശ്രീരാമകൃഷ്ണനെ മാറ്റിയതിലും പ്രതിഷേധം ശക്തമാണ്. പി ശ്രീരാമകൃഷ്ണന് വേണ്ടി പോസ്റ്ററുകൾ പൊന്നാനിയിൽ നിരന്നു. 'ഉറപ്പാണ് കേരളം,  ഉറപ്പായും വേണം ശ്രീരാമകൃഷ്ണൻ' എന്നാണ് പോസ്റ്ററുകളിൽ മുദ്രാവാക്യങ്ങൾ. സിഐടിയു ദേശീയ നേതാവ് പി നന്ദകുമാറിനെ ആണ് സംസ്ഥാന നേതൃത്വം ശ്രീരാമകൃഷ്ണന് പകരം മത്സരിപ്പിക്കാനുദ്ദേശിക്കുന്നത്. 

എന്നാൽ നന്ദകുമാറിനെതിരെയും ജില്ലാ കമ്മിറ്റിയിൽ വികാരം ശക്തമാണ്. സാധ്യതാ പട്ടികയിലുള്ള പി. നന്ദകുമാറിന് പകരം ടി. എം. സിദ്ദീഖിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് നൂറോളം പ്രവർത്തകർ രംഗത്തെത്തി. പരാതിയുമായി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ട ഇവരെ ടി.എം സിദ്ദീഖ് ഇടപെട്ട് പിന്തിരിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗമാണ് ടി.എം സിദ്ദീഖ്. 

സിപിഎം കേന്ദ്രക്കമ്മിറ്റി അംഗങ്ങൾക്കും സ്പീക്കർക്കും കൊടുക്കാത്ത ആനുകൂല്യം നാലാം തവണ മത്സരത്തിനിറങ്ങുന്ന  മന്ത്രി കെടി ജലീലിന് നൽകിയതിലെ നയവ്യതിയാനവും മലപ്പുറത്തെ ചർച്ചാവിഷയമാണ്. റാന്നിയിൽ ജില്ലാ നേതൃത്വത്തിന്‍റെ അഭിപ്രായം മറികടന്ന് കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നൽകിയതിൽ പത്തനംതിട്ട ജില്ലാസെക്രട്ടറിയേറ്റിൽ വൻ പ്രതിഷേധമാണ്. സംസ്ഥാന സമിതി തീരുമാനത്തെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എതിർത്തു. 

വനിതാ പ്രാതിനിധ്യം കൂട്ടാത്തതിൽ ടി എൻ സീമ സംസ്ഥാന സമിതിയിൽ വിമർശനമുന്നയിച്ചിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളെ തഴഞ്ഞ് വനിതാ സ്ഥാനാർത്ഥികളെ കണ്ടെത്തിയതിലും അമർഷം ശക്തമാണ്. മൂന്ന് ജില്ലകളിൽ സംവരണ സീറ്റുകളാണ് വനിതകൾക്ക് നൽകിയത്. എറണാകുളത്ത് എംസി ജോസഫൈൻ മുതൽ എം ബി ഷൈനി വരെയുള്ള വനിതാ നേതാക്കളെ പരിഗണിക്കാതെ ജില്ലയിൽ നിന്നും കണ്ടെത്തിയത് മുൻ കോണ്‍ഗ്രസ് എംഎൽഎ മുഹമ്മദാലിയുടെ മകന്‍റെ ഭാര്യ ഷെൽന നിഷാദിനെ. സി.എസ് സുജാത, സൂസൻ കോടി, കെപി മേരി അടക്കം സംസ്ഥാന സമിതിയിലെ പ്രമുഖർക്കും സീറ്റില്ല. വിഎസിന് 2006-ൽ സ്ഥാനാർത്ഥിത്വം ആദ്യം നിഷേധിച്ചപ്പോൾ ഉയർന്ന പ്രതിഷേധങ്ങൾക്ക് ശേഷം സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി സംസ്ഥാന വ്യാപക പ്രതിഷേധം സിപിഎമ്മിൽ ആദ്യമാണ്.

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലും സ്ഥാനാർത്ഥി നിർണയത്തിൽ വിമർശനമുയർന്നു. പെരുമ്പാവൂർ, പിറവം മണ്ഡലങ്ങൾ ജോസ് കെ മാണി വിഭാഗത്തിന് വിട്ടു കൊടുത്തതിലും ജില്ലാ കമ്മറ്റിയിൽ വിമർശനമുയരുന്നു. പിറവത്ത് ജോസ് കെ മാണി വിഭാഗം പരിഗണിക്കുന്ന ജോസ് സ്ലീബക്കെതിരെ മണ്ഡലത്തിൽ പോസ്റ്ററുകളും നിരന്നു. യാക്കോബായ യൂത്ത് അസോസിയേഷൻ നേതാവാണ് ജോസ് സ്ലീബ. കുന്നത്തുനാട്ടിലെയും തൃക്കാക്കരയിലെയും പേയ്മെന്‍റ് സീറ്റ് ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് ഈ പ്രതിഷേധം. 

തൃശ്ശൂരിൽ പട്ടികയിൽ മാറ്റം

തൃശ്ശൂരിലെ സിപിഎമ്മിന്‍റെ സാധ്യതാപട്ടികയിൽ മാറ്റം വന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറിയറ്റിൽ ഗുരുവായൂരിൽ ബേബി ജോൺ മത്സരിക്കേണ്ടെന്നാണ് അഭിപ്രായമുയർന്നത്. പകരം ചാവക്കാട് ഏരിയ സെക്രട്ടറി എൻ.കെ അക്ബർ സ്ഥാനാർത്ഥിയാകും. ചേലക്കരയിൽ ഒരു ടേം മാത്രം എംഎൽഎയായ യുആർ പ്രദീപിനെ ഒഴിവാക്കി മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന കെ രാധാകൃഷ്ണന്‍റെ പേരാണ് നിർദേശിച്ചിരിക്കുന്നത്. 

പട്ടിക ആയിട്ടില്ലല്ലോ, ആയാൽ അതിനനനുസരിച്ച് മറുപടി പറയാമെന്നാണ് പ്രതിഷേധങ്ങളെക്കുറിച്ച് എ വിജയരാഘവന്‍റെ പ്രതികരണം. ജില്ലാ കമ്മിറ്റികൾക്ക് ശേഷം വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റ് ചേരാനിരിക്കെയാണ് നേതൃത്വത്തെ തിരുത്താനുള്ള അണികളുടെ ശ്രമം. പ്രമുഖരില്ലെങ്കിലും ജയിക്കുമെന്ന മേൽത്തട്ടിലെ ആത്മവിശ്വാസം താഴെത്തട്ടിൽ ഇല്ലെന്നതും ഈ പ്രതിഷേധങ്ങളിലൂടെ പ്രകടം.

Follow Us:
Download App:
  • android
  • ios