തിരുവനന്തപുരം/ കോഴിക്കോട്/ മലപ്പുറം/ കാസർകോട്: പാർട്ടി സംഘടനാതലത്തിൽത്തന്നെ ഉയർന്ന വലിയ പ്രതിഷേധങ്ങളെ അവഗണിച്ചാണ് സിപിഎം ഇത്തവണ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. പൊന്നാനിയിൽ പാർട്ടി തീരുമാനിച്ച പി നന്ദകുമാറിനെതിരെ വലിയ പ്രതിഷേധമുയർന്നിട്ടും, കൂട്ടരാജിയുണ്ടായിട്ടും തീരുമാനത്തിൽ നിന്ന് സിപിഎം പുറകോട്ട് പോയില്ല. കുറ്റ്യാടി സീറ്റ് സിപിഎം തിരിച്ചെടുക്കണമെന്ന് മണ്ഡലം കമ്മിറ്റി ഒറ്റ സ്വരത്തിൽ ആവശ്യപ്പെട്ടിട്ടും പാർട്ടി കേട്ടില്ല. കേരളാ കോൺഗ്രസിന് എമ്മിന് തന്നെയാകും കുറ്റ്യാടി സീറ്റ്. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിക്കെതിരെ ഉയർന്ന പ്രതിഷേധങ്ങൾ മാത്രമാണ് തൽക്കാലം പാർട്ടി കണക്കിലെടുത്തിരിക്കുന്നത്. മഞ്ചേശ്വരത്തെയും ദേവികുളത്തെയും സ്ഥാനാർത്ഥി ആരാകുമെന്ന് പിന്നീട് പ്രഖ്യാപിക്കും. 

പൊന്നാനിയിൽ പി നന്ദകുമാർ തന്നെ

പൊന്നാനിയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ മാറ്റി ഇറക്കുന്ന സ്ഥാനാർത്ഥി വിജയസാധ്യതയുള്ളയാളാകണമെന്നും, ടി എം സിദ്ദീഖിനെ സ്ഥനാർത്ഥിയാക്കണം എന്നുമാവശ്യപ്പെട്ട് നടന്ന വൻ പ്രതിഷേധ പ്രകടനം നേതൃത്വത്തെ ഞെട്ടിച്ചതാണ്. ഇതിന് പിന്നാലെയാണ് പൊന്നാനിയിൽ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചത്. ടി കെ മഷൂദ്, നവാസ് നാക്കോല, ജമാൽ എന്നിവരാണ് ലോക്കൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. 4 ബ്രാഞ്ച് സെക്രട്ടറിമാർ രാജി സന്നദ്ധത അറിയിച്ചു. പ്രതിഷേധം ജീവിതാനുഭവങ്ങളിൽ നിന്നുള്ള പ്രതികരണമാണെന്നാണ് സ്ഥാനാർത്ഥിയാകുമെന്ന് കരുതപ്പെട്ടിരുന്ന ടി എം സിദ്ദീഖ് പറഞ്ഞത്. 

പ്രതിഷേധക്കാരെ ഭയന്ന് ഇന്നലെ പൊന്നാനി മണ്ഡലം കമ്മറ്റി യോഗം ഏരിയാ കമ്മറ്റി ഓഫീസിൽ നിന്ന് മാറ്റിയാണ് നടത്തിയത്. ജലീലിനെ പൊന്നാനിയിലേക്കും നന്ദകുമാറിനെ തവനൂരിലേക്കും മാറ്റി പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അതും പാർട്ടി അവഗണിച്ചു. 

''പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ സഖാക്കൾ അത് അംഗീകരിക്കും. അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികം മാത്രമാണ്. ഇന്ന് മുതൽ പാർട്ടിയുടെ പ്രഖ്യാപനത്തെ ഇനി സംഘടനാപ്രവർത്തനം സംഘടിപ്പിക്കും. സംഘടനാപ്രവർത്തനം സഖാവ് പി ശ്രീരാമകൃഷ്ണൻ ഏകോപിപ്പിക്കും. പൊന്നാനിയിൽ ഭരണത്തുടർച്ചയ്ക്കുള്ള കണ്ണിയായി ഞാൻ നിൽക്കും'', എന്ന് പി നന്ദകുമാർ. ഭൂരിപക്ഷം കൂടുമോ എന്ന ചോദ്യത്തിന് അതിനാണ് സാധ്യതയെന്നാണ് നന്ദകുമാർ പറയുന്നത്. എല്ലാ ഭിന്നതകളും മറന്ന് എല്ലാവരും ഒന്നിച്ച് നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും തനിക്ക് പ്രതിഷേധങ്ങൾ കണ്ട് മാനസികപ്രയാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, ഇത്തരം പല അനുഭവങ്ങളും അതിജീവിച്ചയാളാണ് താനെന്നും പി നന്ദകുമാർ പറയുന്നു. രാജിവച്ചവരൊന്നും പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കില്ലെന്നും പി നന്ദകുമാർ പറയുന്നു. വ്യക്തി താല്പര്യതിനേക്കാൾ വലുത് സംഘടനാ താല്പര്യങ്ങളെന്നും പൊന്നാനിയിലെ പ്രതിഷേധം  എന്ത് കാരണം കൊണ്ടെന്നു വ്യക്തമല്ലെന്നും, എൽഡിഎഫ് സ്ഥാനാർഥിയെ ജയിപ്പിക്കാൻ വലിയ പ്രകടനങ്ങൾ നാളെ മുതൽ കാണാമെന്നുമാണ് സ്പീക്കറും സിറ്റിംഗ് എംഎൽഎയുമായ പി ശ്രീരാമകൃഷ്ണൻ പറഞ്ഞത്. 

മഞ്ചേശ്വരത്ത് തീരുമാനമെപ്പോൾ?

കാസർകോട്ടെ മഞ്ചേശ്വരത്ത് പാർട്ടി തീരുമാനിച്ച ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ ജയാനന്ദയെ സ്ഥാനാർത്ഥിയാക്കാൻ പറ്റില്ലെന്ന് മണ്ഡലം കമ്മിറ്റി യോഗം ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചതാണ്. ഇതേത്തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റ് അടിയന്തിരയോഗം ചേർന്നു. ഹിന്ദുസമുദായ വോട്ടുകൾ ജയാനന്ദയ്ക്ക് സമാഹരിക്കാനാവില്ലെന്നതാണ് മണ്ഡലം കമ്മിറ്റി കാരണമായി പറയുന്നത്. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ കുമ്പള ഏരിയ കമ്മിറ്റി ഓഫീസിൽ നടക്കുന്ന ഇപ്പോൾ യോഗം നടക്കുകയാണ്. കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 

കുറ്റ്യാടിയിൽ അരിവാൾ ചുറ്റിക നക്ഷത്രമല്ല, രണ്ടില

വടകരയിൽ ആർഎംപിയെന്ന പാർട്ടിയുണ്ടായത് തന്നെ ഏറാമല പഞ്ചായത്ത് ഭരണം ജനതാദളിന് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ്. ഒടുവിൽ കേരളത്തെ ഇളക്കിമറിച്ച ടിപി ചന്ദ്രശേഖരന്‍റെ വധത്തിലെത്തി നിന്നു ആ ഭിന്നിപ്പ്. ആർഎംപി രൂപീകരണകാലത്ത് സിപിഎമ്മിലുണ്ടായ പൊട്ടിത്തെറിക്ക് സമാനമായ സാഹചര്യമാണോ കുറ്റ്യാടിയിലും ഉണ്ടാകുന്നതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

സ്ഥാനാർത്ഥിപ്പട്ടിക വന്നതിന് പിന്നാലെ ഇതേക്കുറിച്ചുള്ള പ്രതികരണം തേടിയപ്പോൾ വൈകിട്ടത്തെ പ്രതിഷേധസംഗമത്തിൽ നിലപാട് വ്യക്തമാക്കാമെന്നാണ് കുറ്റ്യാടിയിലെ വിമതർ പറയുന്നത്.

കുറ്റ്യാടി സിപിഎമ്മിലെ പൊട്ടിത്തെറി വടകര താലൂക്കിലെ മൂന്നു മണ്ഡലങ്ങളിയെും ഇടതുമുന്നണിയുടെ പ്രകടനത്തെ ബാധിച്ചേക്കും. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കാനുളള തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് അണികളുടെ മുന്നറിയിപ്പ്. 

പാര്‍ട്ടി അച്ചടക്കത്തിന്‍റെ സകല അതിരുകളും ഭേദിച്ച് പ്രവര്‍ത്തകര്‍ നല്‍കുന്ന ഈ മുന്നറിയിപ്പ് സിപിഎമ്മിന് പുതിയ അനുഭവമാണ്. അതും പാര്‍ട്ടി സംഘടനാ സംവിധാനം ഏറ്റവും ശക്തമായ കുറ്റ്യാടി പോലൊരു മേഖലയില്‍. വീടു കയറിയും പിരിവെടുത്തും പോസ്റ്റര്‍ഒട്ടിച്ചും മുന്നണിയെ വിജയത്തിലേക്ക് നയിക്കേണ്ട താഴെ തട്ടിലെ പ്രവര്‍ത്തകരും നേതാക്കളുമാണ് മുന്നണി തീരുമാനത്തെ തെരുവില്‍ വെല്ലുവിളിക്കുന്നത്. പ്രതിഷേധം കണ്ട് തീരുമാനം മാറ്റില്ലന്ന് പാര്‍ട്ടി വ്യക്തമാക്കിയതോടെ ഈ മേഖലയിലെ തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന ചോദ്യമാണ് ഉയരുന്നത്. നിലവിലെ ധാരണയനുസരിച്ച് വടകര താലൂക്കിനു കീഴിലുളള വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ അണികള്‍ക്കാവില്ല. ഇത് തന്നെയാണ് കുറ്റ്യാടിയിലെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണവും.