Asianet News MalayalamAsianet News Malayalam

ഇടതിനെതിരെ കടുപ്പിച്ച് രാഹുൽ, അമിത് ഷാ വയനാട്ടിൽ, വടക്ക് അടിയൊഴുക്ക് ശക്തം

കഴിഞ്ഞ ദിവസം വരെ ഇടതുപക്ഷത്തെ സഹോദരപക്ഷമെന്ന് വിശേഷിപ്പിച്ചിരുന്ന രാഹുൽഗാന്ധി കൊയിലാണ്ടിയിൽ സിപിഎമ്മിനെതിരെ നടത്തിയത് ശക്തമായ കടന്നാക്രമണമാണ്. ബിജെപിയും സിപിഎമ്മും ചങ്ങാതിമാരാണെന്ന് രാഹുൽ പറയുന്നത് ദേശീയതലത്തിൽ സിപിഎമ്മുമായി കോൺഗ്രസിനുള്ള കൂട്ടുകെട്ട് തൽക്കാലം മറന്നാണ്.   

kerala assembly elections 2021 rahul gandhi amit shah in north kerala general picture
Author
Kozhikode, First Published Apr 3, 2021, 3:19 PM IST

കോഴിക്കോട്: കോൺഗ്രസ് മുക്തഭാരതമെന്ന് പറയുന്ന മോദി സിപിഎം മുക്തഭാരതമെന്ന ചോദ്യം എന്ത് കൊണ്ടുന്നയിക്കുന്നില്ല എന്ന് രാഹുൽഗാന്ധി. ആർഎസ്എസ് ഭീഷണിയായി കാണുന്നത് കോൺഗ്രസിനെ മാത്രമായത് കൊണ്ടാണിതെന്നും രാഹുൽ കൊയിലാണ്ടിയിലെ പൊതുയോഗത്തിൽ തുറന്നടിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ന് വയനാട്ടിലും കോഴിക്കോടും പ്രചാരണത്തിനിരിക്കെ പല മണ്ഡലങ്ങളിലും മൽസരം മുറുകി. അടിയൊഴുക്കുകളും ശക്തമായേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം വരെ ഇടതുപക്ഷത്തെ സഹോദരപക്ഷമെന്ന് വിശേഷിപ്പിച്ചിരുന്ന രാഹുൽഗാന്ധി കൊയിലാണ്ടിയിൽ സിപിഎമ്മിനെതിരെ നടത്തിയത് ശക്തമായ കടന്നാക്രമണമാണ്. ബിജെപിയും സിപിഎമ്മും ചങ്ങാതിമാരാണെന്ന് രാഹുൽ പറയുന്നത് ദേശീയതലത്തിൽ സിപിഎമ്മുമായി കോൺഗ്രസിനുള്ള കൂട്ടുകെട്ട് തൽക്കാലം മറന്നാണ്. ന്യൂനപക്ഷങ്ങൾ സംരക്ഷകരായി സിപിഎമ്മിനെ കാണേണ്ടതില്ല എന്നതാണ് രാഹുൽ ഗാന്ധി ഉദ്ദേശിച്ച മറ്റൊരു കാര്യം.

കൊയിലാണ്ടിക്ക് പുറമേ, കുറ്റ്യാടി മണ്ഡലത്തിലെ പുറമേരിയിലും രാഹുലെത്തി. സീറ്റ് നിലനിർത്താൻ ലീഗ്  കടുത്ത പോരാട്ടം നടത്തുന്ന മണ്ഡലമാണ് കുറ്റ്യാടി. കണ്ണൂരിലെ മലയോരമണ്ഡലങ്ങളിലും രാഹുലിന്‍റെ വരവ് വലിയ പ്രതീക്ഷയാണുണ്ടാക്കുന്നത്. ബിജെപിക്ക് വലിയ പ്രതീക്ഷയുള്ള കോഴിക്കോട് മണ്ഡലത്തിൽ അമിത് ഷായുടെ വരവ് വോട്ട് കൊണ്ട് വരുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. നിർമ്മലാ സീതാരാമൻ പാലക്കാട്ട് പ്രചാരണം നടത്തി. ശബരിമലയും സോളാർ വിവാദവുമുയർത്തിയായിരുന്നു നിർമ്മലയുടെ പ്രചാരണവിഷയം.

മുഖ്യമന്ത്രി ധർമടത്ത് ഇന്ന് തന്‍റെ മണ്ഡലത്തിലെത്തിയെങ്കിലും പൊതുപരിപാടികളിൽ പങ്കെടുത്തില്ല. സിപിഎമ്മിന്റെ പ്രമുഖനേതാക്കളെല്ലാം പരസ്യപ്രചാരണപരിപാടികൾ പൂർത്തിയാക്കിക്കഴിഞ്ഞു. 

60 സീറ്റുകളുള്ള വടക്കൻ കേരളത്തിൽ അവസാനമണിക്കൂറികളിൽ പകുതിയിലധികം സീറ്റുകളിൽ തീ പാറുന്ന പോരാട്ടമാണ്. ഉദുമ, കണ്ണൂർ, കൂത്ത് പറമ്പ്, വടകര, കോഴിക്കോട് നോർത്ത് കൊടുവള്ളി, തിരുവമ്പാടി, താനൂർ, പട്ടാമ്പി തുടങ്ങിയ സിറ്റിംഗ് സീറ്റുകളിൽ ഇടതുപക്ഷം കടുത്ത വെല്ലുവിളി നേരിടുന്നു. മഞ്ചേശ്വരം, പേരാവൂർ, അഴീക്കോട്, കുറ്റ്യാടി,  പെരിന്തൽമണ്ണ, മങ്കട, തൃത്താല, പാലക്കാട് എന്നീ സിറ്റിംഗ് സീറ്റുകളിൽ യുഡിഎഫും വിയർക്കുകയാണ്. നിലമ്പൂരിലും കൽപ്പറ്റയിലും കൊയിലാണ്ടിയിലും മാനന്തവാടിയിലും  ഒറ്റപ്പാലത്തും കോഴിക്കോട് സൌത്തിലും തവനൂരിലും മൽസരം മുറുകിയതോടെ പ്രവചനം എളുപ്പമല്ലാതായി.

ബിജെപി മഞ്ചേശ്വരത്തും ഷൊർണ്ണൂരിലും മലമ്പുഴയിലും പാലക്കാട്ടും കടുത്ത മൽസരം കാഴ്ച വെയ്ക്കുന്നുണ്ട്. ക്രിസ്ത്യൻ, മുസ്ലിം വോട്ടുകളിലും കോൺഗ്രസ്, സിപിഎം വോട്ടുകളിലും പല കാരണങ്ങളാൽ അടിയൊഴുക്ക് ഉണ്ടായേക്കാം. സ്ഥാനാർത്ഥികളെച്ചൊല്ലിയുള്ള സാമുദായിക ചേരിതിരിവ് വോട്ടെടുപ്പിലും പ്രകടമായേക്കും. 

വയനാട്ടിലും പാലക്കാട്ടും കണ്ണൂരിലെ മലയോരമേഖലയിലും കോൺഗ്രസിനകത്ത് നിന്ന് നിഷേധവോട്ടുകൾക്ക് സാധ്യതയുണ്ട്. പൊന്നാനിയിലും കണ്ണൂരിലും കോഴിക്കോട്ടും പാലക്കാട്ടും  വോട്ട് ചോരാതിരിക്കാൻ സിപിഎം കടുത്ത പരിശ്രമത്തിലാണ്. പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ വോട്ടെടുപ്പിൽ പ്രതിഫലിക്കാതിരിക്കാൻ ബിജെപിയും ശ്രമിക്കുന്നു. വാട്സാപ്പിലൂടെയും സമൂഹമാധ്യമങ്ങളിലുടെയും പ്രചരിക്കുന്ന അഭ്യൂഹങ്ങളും പഴയ വാർത്തകളും വോട്ട് ചോർത്താനുള്ള വഴിയായി മൂന്ന് മുന്നണികളും ഉപയോഗിക്കുന്നു.

Follow Us:
Download App:
  • android
  • ios