മലമ്പുഴ മണ്ഡലം ഭാരതീയ ജനതാദളിന് വിടുന്നതിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ ഇന്നലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം നടന്നിരുന്നു. സീറ്റിൽ കോൺഗ്രസ് മത്സരിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്നാണ് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഭീഷണി. 

പാലക്കാട്: മലമ്പുഴയിൽ സീറ്റ് ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കാനുള്ള യുഡിഎഫ് നീക്കത്തില്‍ തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് മത്സരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഭീഷണി മുഴക്കി. ഇന്ന് രാവിലെ ഡിസിസിയിലേക്ക് മാര്‍ച്ച് നടത്താനും കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ആഹ്വാനമുണ്ട്. എന്നാൽ ഈ പ്രതിഷേധങ്ങളൊന്നും കാര്യമാക്കുന്നില്ലെന്നും, ചെന്നിത്തല നേരിട്ടാണ് തന്നോട് മത്സരിക്കുന്നോ എന്ന് ചോദിച്ചതെന്നും മലമ്പുഴയിൽ യുഡിഎഫ് പരിഗണിക്കുന്ന സ്ഥാനാർത്ഥി ജോൺ ജോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

യുഡിഎഫിനോട് ചോദിച്ചത് എലത്തൂർ സീറ്റാണെന്ന് ജോൺ ജോൺ പറയുന്നു. എന്നാൽ ചെന്നിത്തല അടക്കമുള്ള നേതാക്കൾ തന്നോട് മലമ്പുഴയിൽ മത്സരിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. പ്രാദേശിക കോൺഗ്രസിലെ പ്രതിഷേധങ്ങളൊന്നും പ്രശ്നമാക്കുന്നില്ലെന്നും, മലമ്പുഴയിൽ ജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജോൺ ജോൺ പറയുന്നു. 

നേമത്ത് കരുത്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോൾ അഭിമാന പോരാട്ടം നടക്കുന്ന മലമ്പുഴയിൽ വിഘടിത ജനാദളിന് സീറ്റ് നല്‍കാനുള്ള നീക്കത്തിനെതിരായ കോൺഗ്രസ് പ്രവർത്തകരുടെ അമര്‍ഷമാണ് മറ നീക്കി പുറത്തുവന്നത്. ഭാരതീയ നാഷണല്‍ ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ജോണ്‍ ജോണിന് മലമ്പുഴ കൈമാറാനുള്ള ചര്‍ച്ചകള്‍ സജീവമായതോടെയാണ് കോണ്‍ഗ്രസ് രോഷം അണപൊട്ടിയത്.

വീരേന്ദ്രകുമാർ യുഡിഎഫ് വിട്ടപ്പോൾ പോകാതെ നിന്ന നേതാവാണ് ജോൺ ജോൺ. അന്ന് അദ്ദേഹം രൂപീകരിച്ച രാഷ്ട്രീയപാർട്ടിയാണ് ഭാരതീയജനതാദൾ. 

കെപിസിസി നിര്‍വാഹക സമിതി അംഗം കുമാര സ്വാമി, ഡിസിസി സെക്രട്ടറി അനന്തകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് പോയ മലമ്പുഴയിൽ കൈപ്പത്തി ചിഹ്നത്തില്‍ മത്സരത്തിന് പോലും നില്ക്കാതെ ജോണ്‍ ജോണ്‍ വിഭാഗത്തെ ഒളിപ്പിച്ചു കടത്താനുള്ള ശ്രമമെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.