Asianet News MalayalamAsianet News Malayalam

'ജോസഫ് വിട്ടുവീഴ്ച ചെയ്തേ പറ്റൂ'വെന്ന് യുഡിഎഫ്, ആദ്യ പട്ടികയായി, രണ്ട് തവണ തോറ്റവർക്ക് സീറ്റില്ല

നാളെ തിരുവനന്തപുരത്ത് സ്ക്രീനിംഗ് കമ്മിറ്റി ചേരും. അതിന് ശേഷം പ്രാഥമികപട്ടിക ദില്ലിയിലേക്ക് ഹൈക്കമാൻഡിന് നൽകും. സ്ക്രൂട്ടിനി കമ്മിറ്റി ഈ പട്ടിക പരിശോധിച്ച ശേഷമാകും അന്തിമപട്ടിക തയ്യാറാക്കുക. എന്ന് പട്ടിക വരുമെന്ന കാര്യം പറയാൻ ഉമ്മൻചാണ്ടി ഇപ്പോൾ തയ്യാറായില്ല. 

kerala assembly polls 2021 udf seat division in deadlock
Author
Thiruvananthapuram, First Published Mar 5, 2021, 7:15 PM IST

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വീതം വയ്പ് കീറാമുട്ടിയായി തുടരവേ, വിട്ടുവീഴ്ച ചെയ്തേ പറ്റൂവെന്ന് ജോസഫ് വിഭാഗത്തോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് ചര്‍ച്ച നടത്തും. സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേർന്നു. നാളെ സ്ക്രീനിംഗ് കമ്മിറ്റി യോഗവും ചേരും. യുഡിഎഫിന്‍റെ പ്രാഥമിക സ്ഥാനാ‍ർത്ഥിപ്പട്ടികയായെന്ന് ഉമ്മൻചാണ്ടി യോഗശേഷം വ്യക്തമാക്കി. 

യുവാക്കൾക്കും, പുതുമുഖങ്ങൾക്കും, വനിതകൾക്കും 50 ശതമാനത്തിലധികം സീറ്റുകൾ നൽകുമെന്നും ഈ മാനദണ്ഡമനുസരിച്ചാണ് സ്ഥാനാർത്ഥിനിർണയം മുന്നോട്ട് പോകുന്നതെന്നും യോഗശേഷം ഉമ്മൻചാണ്ടി വ്യക്തമാക്കി. രണ്ട് പ്രാവശ്യത്തിലധികം മത്സരിച്ച് തോറ്റവർക്ക് സീറ്റ് നൽകില്ല. തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റവരെയും പരിഗണിക്കില്ല. നാളത്തെ യോഗത്തിൽ പ്രകടനപത്രിക അന്തിമമായി തീരുമാനിക്കും. ഇക്കാര്യത്തിൽ യുഡിഎഫ് ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. 

തുടർച്ചയായി രണ്ട് തവണ തോറ്റവർക്ക് സീറ്റില്ലെന്ന മാനദണ്ഡം അധികം പേരെ ബാധിക്കില്ലെങ്കിലും സ്ഥാനാർത്ഥിത്വം ആഗ്രഹിച്ച ചില നേതാക്കൾക്ക് തിരിച്ചടിയായി. പന്തളം സുധാകരൻ, എം ലിജു, പിടി അജയമോഹൻ എന്നിവർക്കാണ് ഈ മാനദണ്ഡം വിലങ്ങ് തടിയാവുക. ഇതിൽ പന്തളവും ലിജുവു വീണ്ടും ഇറങ്ങാനഗ്രാഹിക്കുന്നവരും ജില്ലകളിൽനിന്നുള്ള സാധ്യതാ പട്ടികയിലുള്ളവരുമാണ് . മത്സരരംഗത്തേക്കില്ലെന്ന് അജയമോഹൻ പാർട്ടിയെ നേരത്തെ  അറിയിച്ചിരുന്നു. ലിജുവിനും പന്തളത്തിനും ഇളവ് നൽകുമോ എന്നാണ് അറിയേണ്ടത്. 

നാളെ തിരുവനന്തപുരത്ത് സ്ക്രീനിംഗ് കമ്മിറ്റി ചേർന്ന ശേഷമാകും പ്രാഥമികപട്ടിക ദില്ലിയിലേക്ക് ഹൈക്കമാൻഡിന് നൽകുക. ഹൈക്കമാൻഡിന്‍റെ സ്ക്രൂട്ടിനി കമ്മിറ്റി ഈ പട്ടിക പരിശോധിച്ച ശേഷമാകും അന്തിമപട്ടിക തയ്യാറാക്കുക. എന്നാൽ എന്ന് പട്ടിക വരുമെന്ന കാര്യം പറയാൻ ഉമ്മൻചാണ്ടി ഇപ്പോൾ തയ്യാറായില്ല. എഐസിസിയുമായുള്ള ചർച്ചക്ക് ശേഷം 10ന് മുമ്പ് പട്ടിക പ്രഖ്യാപിക്കുമെന്നാണ് സൂചന. 

അതിവേഗം ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കാനാണ് തിരുവനന്തപുരത്ത് സമിതി ചേർന്നത്. പുതുമുഖങ്ങൾക്കും വനിതകൾക്കുമൊക്കെ അവസരം ഉണ്ടാകുമെന്നൊക്കെ പറഞ്ഞെങ്കിലും ജില്ലകളിൽ തയ്യാറാക്കിയ സാധ്യതാ പട്ടികയിൽ ഇപ്പോഴും നിരവധി തവണ മത്സരിച്ച നേതാക്കളുടെ പേര് തന്നെയാണ് മുൻപന്തിയിലുള്ളത്. സിപിഎമ്മിലെ പോലെ പലവട്ടം മത്സരിച്ചവരെ കോൺഗ്രസ്സും വെട്ടിനിരത്തുമോ അതോ പഴയ പടക്കുതിരകൾ തന്നെയിറങ്ങുമോ എന്നതാണ് അറിയേണ്ടത്.

ജോസഫ് പക്ഷം വഴങ്ങുന്നില്ല

യുഡിഎഫിൽ ഇപ്പോഴും പ്രശ്നം ജോസഫ് പക്ഷവുമായുള്ള തർക്കമാണ്. കോട്ടയത്ത് കോൺഗ്രസ്സിന് കൂടുതൽ സീറ്റില്ലാതെ പറ്റില്ലെന്നും വിട്ടുവീഴ്ച ചെയ്യണമെന്നും കോൺഗ്രസ് ഇന്നത്തെ ഉഭയകക്ഷി ചർച്ചയിൽ തീർത്തുപറഞ്ഞു. ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിലാണ് തർക്കം. കോട്ടയത്ത് ജോസഫിനെ മൂന്ന് സീറ്റിലൊതുക്കാനാണ് കോൺഗ്രസ് കിണഞ്ഞ് ശ്രമിക്കുന്നത്. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗമാണ് പ്രശ്നമെന്ന നിലയിലെ പ്രചാരണം ദോഷമുണ്ടാക്കുന്നുണ്ടെന്നും നേരിട്ട് ജോസഫുമായി കോൺഗ്രസ് ചർച്ച നടത്തട്ടെയെന്നും മോൻസ് ജോസഫ് അടക്കമുള്ള നേതാക്കൾ നിർദ്ദേശിച്ചു. കൊവിഡ് ബാധിതനായ പി ജെ ജോസഫ് ചികിത്സയിലാണിപ്പോൾ. വയനാട്ടിലെയും പാലക്കാട്ടെയും പാർട്ടിയിലെ പ്രശ്നങ്ങളും ഘടകകക്ഷികളുമായി വഴിമുട്ടിയ സീറ്റ് ചർച്ചകളും വിലങ്ങ് തടിയാകുന്നതിനിടെ മുതിർന്ന നേതാവ് വയലാർ കവി കെപിസിസി പ്രസിഡണ്ടിനെതിരെ രംഗത്തെത്തി.

മുല്ലപ്പള്ളിക്കെതിരെ വയലാർ രവി

മുല്ലപ്പള്ളിയുടെ സംസ്ഥാന രാഷ്ട്രീയത്തിലെ പരിചയക്കുറവ് ദോഷം ചെയ്യുന്നുണ്ടെന്ന് വയലാർ രവി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തുറന്നടിച്ചു. മ്മൻചാണ്ടിയെ മുൻനിർത്താതെ രക്ഷയില്ലെന്ന വയലാർ രവിയുടെ പ്രസ്താവന രമേശിനുമുള്ള മുന്നറിയിപ്പായി. 

Follow Us:
Download App:
  • android
  • ios