Asianet News MalayalamAsianet News Malayalam

അന്ന് ഞങ്ങൾ പറഞ്ഞതെന്ത്? ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആദ്യഘട്ട പ്രീപോൾ ഫലം ഇങ്ങനെ

സ്ഥാനത്ത് ചരിത്രം തിരുത്തി തുടർഭരണം ഉണ്ടാകുമോ? അല്ല ഭരണമാറ്റമാണോ കാത്തിരിക്കുന്നത്. ഈ ചോദ്യത്തിന്റെ ഉത്തരം തേടുകയാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ സർവേ രണ്ട്.  അതിന് മുമ്പ് ഫെബ്രുവരി 21 ന് പ്രഖ്യാപിച്ച ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ-1 ന്റെ ഫലം ഒന്നുകൂടി നോക്കാം.  

kerala legislative assembly election asianet news pre poll survey 1
Author
Thiruvananthapuram, First Published Mar 29, 2021, 5:30 PM IST

തിരുവനന്തപുരം:  സംസ്ഥാനത്ത് ചരിത്രം തിരുത്തി തുടർഭരണം ഉണ്ടാകുമോ? അല്ല ഭരണമാറ്റമാണോ കാത്തിരിക്കുന്നത്. ഈ ചോദ്യത്തിന്റെ ഉത്തരം തേടുകയാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ സർവേ രണ്ട്. അതിന് മുമ്പ് ഫെബ്രുവരി 21 ന് പ്രഖ്യാപിച്ച ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ-1 ന്റെ ഫലം ഒന്നുകൂടി നോക്കാം.  

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി തുടർഭരണം പ്രവചിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ-1 ന്റെ ഫലം. രാഷ്ട്രീയ ചരിത്രം പിണറായി വിജയൻ തിരുത്തുമെന്ന് തന്നെ സർവേ ഫലം വ്യക്തമാക്കുന്നു. എൽഡിഎഫ് 72 മുതൽ 78 സീറ്റ് വരെ നേടി ഭരണം തുടരുമ്പോൾ യുഡിഎഫ് 59 മുതൽ 65 സീറ്റ് വരെ നേടി കൂടുതൽ കരുത്തോടെ പ്രതിപക്ഷത്ത് ഇരിക്കുമെന്നായിരുന്നു സർവേ ഫലങ്ങൾ വ്യക്തമാക്കിയത്.  എൻഡിഎ മൂന്ന് മുതൽ ഏഴ് സീറ്റ് വരെ നേടുമെന്നും പ്രീ പോൾ സർവേ പ്രവചിച്ചു.  

തെക്കൻ കേരളത്തിൽ ഇടതുമുന്നണി 41 ശതമാനം വോട്ടോടെ 24 മുതൽ 26 സീറ്റ് വരെ നേടുമെന്നും യുഡിഎഫിന് 12 മുതൽ 14 സീറ്റേ ഇവിടെ ലഭിക്കൂ എന്നും . 37 ശതമാനമാണ് വോട്ട് വിഹിതം പ്രവചിച്ചിരിക്കുന്നത്. എൻഡിഎക്ക് 20 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നും ഒന്ന് മുതൽ രണ്ട് വരെ സീറ്റ് നേടാനാവുമെന്നും പ്രവചിക്കുന്നുണ്ട്. 

ആരായിരിക്കണം കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് സർവേയിൽ പങ്കെടുത്ത 39 ശതമാനം പേരും നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് തന്നെയായിരുന്നു പറഞ്ഞത്.  ഉമ്മൻചാണ്ടി മതിയെന്ന് 18 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ഒൻപത് ശതമാനം പേരുടെ പിന്തുണയോടെ ശശി തരൂർ മൂന്നാമതും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ഏഴ് ശതമാനം പേരുടെ പിന്തുണ തേടി നാലാമതും എത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആറ് ശതമാനം പേരുടെ വീതം പിന്തുണയാണ് ലഭിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന് നാല് ശതമാനം പേരുടെയും പികെ കുഞ്ഞാലിക്കുട്ടിക്ക് രണ്ട് ശതമാനം പേരുടെയും പിന്തുണ ലഭിച്ചു. മറ്റുള്ളവരുടെ പേരുകൾ നിർദ്ദേശിച്ചത് ഒൻപത് ശതമാനം പേരാണ്.

വടക്കൻ കേരളത്തിൽ വ്യക്തമായ ആധിപത്യം ഇടതുമുന്നണി നിലനിർത്തുമെന്നായിരുന്നു സർവേ ഫലം. 43 ശതമാനം വോട്ടോടെ 32 മുതൽ 34 വരെ സീറ്റ് വടക്കൻ കേരളത്തിൽ ഇടതുപക്ഷം നേടും. യുഡിഎഫിന് 39 ശതമാനം വോട്ടുമായി 24 മുതൽ 26 വരെ സീറ്റുകൾ ലഭിക്കും.  എൻഡിഎ രണ്ട് മുതൽ നാല് വരെ സീറ്റ് ലഭിച്ചേക്കാമെന്നും പ്രീ പോൾ സർവേ പ്രവചിക്കുന്നു. 

തൃശ്ശൂർ മുതൽ കോട്ടയം വരെയുള്ള മധ്യകേരളത്തിൽ എൽഡിഎഫിന് ഇക്കുറി 16 മുതൽ 18 സീറ്റ് വരെ മാത്രമേ ലഭിക്കൂവെന്നാണ് ഫലം. യുഡിഎഫ് നേട്ടമുണ്ടാക്കും, 23 മുതൽ 25 സീറ്റ് വരെ സീറ്റ് നേടും. ഇടതുമുന്നണിക്ക് 39 ശതമാനവും യുഡിഎഫിന് 42 ശതമാനവും വോട്ട് വിഹിതവും സർവേ പ്രവചിച്ചു. 

സംസ്ഥാനത്ത് 18 മുതൽ 25 വയസുവരെയുള്ളവരിൽ 41 ശതമാനം പേരുടെ പിന്തുണ യുഡിഎഫിനും 35 ശതമാനം പേരുടെ പിന്തുണ എൽഡിഎഫിനുമാണെന്ന് സർവ്വേ ഫലം പറയുന്നു.  21 ശതമാനം പേർ എൻഡിഎയെ പിന്തുണച്ചു. 26 മുതൽ 35 വയസുവരെ പ്രായക്കാരിൽ 41 ശതമാനം പേർ ഇടതുമുന്നണിയെയും 38 ശതമാനം പേർ യുഡിഎഫിനെയും പിന്തുണച്ചു. 19 ശതമാനം പേർ എൻഡിഎ അനുകൂല നിലപാടുകാരാണ്. 36 നും 50നും ഇടയിൽ പ്രായമുള്ളവരിൽ 40 ശതമാനം പേർ എൽഡിഎഫിന് ഒപ്പമാണ്. 39 ശതമാനം പേർ യുഡിഎഫിന് ഒപ്പമാണ്. 17 ശതമാനം പേർ എൻഡിഎയ്ക്ക് ഒപ്പം. 50 വയസിന് മുകളിൽ പ്രായമുള്ളവരിൽ 46 ശതമാനം പേരുടെ പിന്തുണ എൽഡിഎഫിനും 40 ശതമാനം പേരുടെ പിന്തുണ യുഡിഎഫിനും 12 ശതമാനം പേരുടെ പിന്തുണ എൻഡിഎയ്ക്കുമാണെന്നും സർവ്വേ ഫലം വ്യക്തമാക്കുന്നു. 

എൽഡിഎഫിന് ഏറെ നിർണായകമായ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക്  പങ്കില്ലെന്ന് 51 ശതമാനം പേരും വിശ്വസിക്കുന്നുവെന്നനായിരുന്നു സർവ്വേ ഫലം. തന്റെ ഓഫീസിനെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടില്ലെന്ന് 45 ശതമാനം പേരും കരുതി.  സോളാർ കേസ് സിബിഐക്ക് വിട്ട നിലപാട് ശരിയെന്ന് 42 ശതമാനം പേർ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനത്തിന് പത്തിൽ 5.2 മാർക്കാണ് രമേശ് ചെന്നിത്തലയ്ക്ക് സർവേയിൽ പങ്കെടുത്തവർ നൽകിയത്.

എൽഡിഎഫ് സർക്കാരിന്‍റെ ഏറ്റവും മികച്ച നേട്ടമായി 34 ശതമാനം പേർ സൗജന്യ ഭക്ഷ്യകിറ്റിനെ വിലയിരുത്തി. 27 ശതമാനം പേർ ക്ഷേമ പെൻഷനും 18 ശതമാനം പേർ കൊവിഡ് പ്രവർത്തനത്തിനും മാർക്കിട്ടു. എൽഡിഎഫ് സർക്കാരിന്‍റെ വലിയ പരാജയമായി 34 ശതമാനം പേരും ശബരിമല വിഷയമാണ് ഉയർത്തിക്കാട്ടിയത്. 29 ശതമാനം പേർ അടിസ്ഥാന സൗകര്യ വികസനം ഉയർത്തിക്കാട്ടി. പിഎസ്‌സി പരീക്ഷാ വിഷയം കൈകാര്യം ചെയ്ത രീതിയാണ് മോശമെന്ന് 16 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഒൻപത് ശതമാനം പേർ തൊഴിലില്ലായ്മയാണ് കാരണമായി പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios