Asianet News MalayalamAsianet News Malayalam

സെക്രട്ടറി സ്ഥാനമൊഴിയാൻ ബിനീഷിനെതിരായ കേസും കാരണമായെന്ന് കോടിയേരിയുടെ വെളിപ്പെടുത്തൽ

ഇതാദ്യമായാണ് പാർട്ടി സെക്രട്ടറി സ്ഥാനമൊഴിയാൻ ബിനീഷിനെതിരെയുള്ള കേസുകളും കാരണമായെന്ന് കോടിയേരി വെളിപ്പെടുത്തുന്നത്. കോടിയേരി സ്ഥാനമൊഴിഞ്ഞത് ആരോഗ്യപ്രശ്നങ്ങൾ കാരണമാണെന്നായിരുന്നു നേരത്തെ പാർട്ടിയുടെ വിശദീകരണം. 

kodiyeri balakrishnan about his resignation
Author
Thiruvananthapuram, First Published Apr 3, 2021, 3:19 PM IST

തിരുവനന്തപുരം: ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ പ്രതിയല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. മയക്കുമരുന്ന് കേസിലാണ് ബിനീഷിനെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തത്. എന്നാൽ ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിച്ച എൻ.സി.ബി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിനീഷിൻ്റെ പേരില്ല. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ബിനീഷ് നിലവിൽ അന്വേഷണം നേരിടുന്നത്. കേന്ദ്ര ഏജൻസികൾക്ക് ആർക്കെതിരേയും ഇത്തരം കേസുകൾ മെനഞ്ഞെടുക്കാമെന്നും കോടിയേരി പറഞ്ഞു. 

മക്കൾക്കെതിരെയുള്ള ആരോപണം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും തിരിച്ചടിയാവും എന്നതിനാലാണ് താൻ സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. ഇതോടൊപ്പം തൻ്റെ ആരോഗ്യപ്രശ്നങ്ങളും സ്ഥാനമൊഴിയാനുള്ള തീരുമാനത്തിലേക്ക് നയിച്ചുവെന്നും ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

ഇതാദ്യമായാണ് പാർട്ടി സെക്രട്ടറി സ്ഥാനമൊഴിയാൻ ബിനീഷിനെതിരെയുള്ള കേസുകളും കാരണമായെന്ന് കോടിയേരി വെളിപ്പെടുത്തുന്നത്. കോടിയേരി സ്ഥാനമൊഴിഞ്ഞത് ആരോഗ്യപ്രശ്നങ്ങൾ കാരണമാണെന്നായിരുന്നു നേരത്തെ പാർട്ടിയുടെ വിശദീകരണം. 

കോടിയേരിയുടെ വാക്കുകൾ -

എൻ്റെ മക്കളാണെങ്കിലും അവ‍ർ ബിനീഷും ബിനോയിയും പ്രായപൂർത്തിയായവരാണ്. 36ഉം 38ഉം വയസ്സുള്ള കല്ല്യാണം കഴിഞ്ഞ് കുടുംബമായി 
വേറെ ജീവിക്കുന്നവരാണ്. എൻ്റെ നിയന്ത്രണത്തിൽ കഴിയുന്നവരല്ല. സ്വാഭാവികമായും ഒരു കരുതൽ ഇല്ലാതെ വരുമ്പോൾ ഇത്തരം പ്രശ്നങ്ങളുണ്ടാവും. അതിനെ നേരിടാൻ കരുതലും ജാ​ഗ്രതയും വേണം. 

ബിനീഷിനെക്കുറിച്ച് ആദ്യമുണ്ടായത് മയക്കുമരുന്ന് കേസിൽ പ്രതിയായെന്നാണ്. ബിനീഷ് പുകവലിക്കുന്നതോ മദ്യപിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. ആരു വേണലും പരിശോധിക്കട്ടേ, ആ‍ർക്ക് മുന്നിലും ഹാജരാവാം എന്നാണ് ബിനീഷ് പറഞ്ഞത്. അങ്ങനെയാണ് ബിനീഷ് ഇഡിയുമായി സഹകരിച്ചത്. എന്നിട്ടും അറസ്റ്റ് ചെയ്തു. 14 ദിവസം കസ്റ്റഡിയിൽ വച്ചു ചോദ്യം ചെയ്തു. എന്നിട്ടും മയക്കുമരുന്ന് ഉപയോ​ഗിച്ചതോ വിറ്റതോ ആയി കണ്ടെത്താനായില്ല. ഒടുവിൽ നാ‍ർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചപ്പോൾ അതിൽ അവൻ്റെ പേരില്ല. 

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇപ്പോൾ ബിനീഷുള്ളത്. ബാങ്ക് വഴി രേഖസഹിതം ഒരാൾക്ക് ഹോട്ടൽ തുടങ്ങാൻ പണം കൊടുത്തതിൻ്റെ പേരിലാണ് അവനെതിരെ കേസെടുത്തിരിക്കുന്നത്. അതിൽ കർണാടക ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്. ബിനീഷിന് മയക്കുമരുന്ന് വ്യാപാരവുമായി ബന്ധമില്ലെന്ന് എൻസിബി തന്നെ വ്യക്തമാക്കി കഴിഞ്ഞു. പിചിദംബരത്തിനും, ഡികെ ശിവകുമാറിനും എതിരെ ഇതേപോലെ കേസെടുത്തിട്ടില്ലേ.. ? കേന്ദ്ര ഏജൻസികൾക്ക് ആർക്കെതിരെ വേണമെങ്കിലും കേസെടുക്കാം. 

ബിനീഷ് കുറ്റം ചെയ്തെങ്കിൽ അന്വേഷിക്കട്ടെ, കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടേ, ഈ നിലപാട് തന്നെയാണ് അന്നും ഇന്നും ഞാൻ എടുത്തത്. പാ‍ർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറാനുള്ള തീരുമാനം താൻ എടുത്തതിൽ ഈ വിവാദങ്ങളും ഒരു കാരണമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പാ‍ർട്ടിയും മുന്നണിയും പോകുന്ന ഘട്ടത്തിൽ താൻ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ല എന്നതിനാലാണ് സ്ഥാനമൊഴിഞ്ഞത്. ഇതോടൊപ്പം ആരോ​ഗ്യപ്രശ്നങ്ങളും ആ തീരുമാനത്തെ സ്വാധീനിച്ചു. 

സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ എൻ്റെ ഭാര്യ വിനോദിനി കൈപ്പറ്റി എന്നു പറഞ്ഞാണ് ഐഫോൺ വിവാദം തുടങ്ങിയത്. താൻ ഫോൺ നൽകിയിട്ടില്ലെന്നും വിനോദിനിയെ കണ്ടിട്ടില്ലെന്നും കോടിയേരിയെ തനിക്ക് പരിചയമില്ലെന്നും സന്തോഷ് ഈപ്പൻ തന്നെ വ്യക്തമാക്കി. ഇതോടെ വിനോദിനി പൊലീസിന് പരാതി നൽകി. അന്വേഷണത്തിൽ അതൊരു കെട്ടുക്കഥ മാത്രമാണെന്ന് വ്യക്തമായി. എന്തിനാണ് അങ്ങനെയൊരു കഥയുണ്ടാക്കിയത്. 

തെരഞ്ഞെടുപ്പ് സമയത്ത് മത്സരിക്കാനുള്ള സ്ഥാനാ‌ർത്ഥികൾക്ക് പാ‍ർട്ടി മാനദണ്ഡം നിശ്ചയിക്കാറുണ്ട്. ഇക്കുറി രണ്ട് തവണ തുടർച്ചയായി മത്സരിച്ചവർ മാറി നിൽക്കട്ടേയെന്നാണ് പാർട്ടി തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേനയാണ് ആ തീരുമാനം എടുത്തത്. അതിൻ്റെ ഫലമായി 33 പേരെ മത്സരരം​ഗത്ത് നിന്നും മാറ്റി നിർത്തി 38 പേർക്ക് പുതുതായി മത്സരിക്കാൻ അവസരം കിട്ടി. പാർലമെൻ്ററി രം​ഗത്തും  പാർട്ടി സംവിധാനത്തിലും ഒരു പുതുനിര വേണം. പാർട്ടി പദവികളിൽ മൂന്ന് ടേം നിബന്ധന നിലവിൽ നടപ്പാക്കിയിട്ടുണ്ട്. 

പാർട്ടി സംസ്ഥാന കമ്മിറ്റി മെംബർ എന്നത് ചെറിയ പദവിയില്ല. ആ പദവിയുള്ള നേതാവാണ് പി ജയരാജൻ. അദ്ദേഹം ഉത്തരവാദിത്തപ്പെട്ട നേതാവാണ്. കേരളത്തിലെ എല്ലാവർക്കും അദ്ദേഹത്തെ അറിയാം. പി.ജയരാജൻ തൻ്റെ എല്ലാ ഉത്തരവാദിത്തവും നല്ല രീതിയിൽ നടപ്പാക്കുന്നുണ്ട്. തൻ്റെ പേരിൽ ഒരു ആർമിയുടെ ആവശ്യമില്ലെന്ന് പി ജയരാജൻ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. ഇതിന് പിന്നിൽ ചില കേന്ദ്രങ്ങളുണ്ടെന്ന് മനസിലാക്കി അദ്ദേഹം പരാതിയും കൊടുത്തു. 

ഇനി മത്സരിക്കാനില്ലെന്ന ഇ പി ജയരാജൻ്റെ പ്രസ്താവന അതൃപ്തിയായി കാണേണ്ടതില്ല. എത്ര ഉന്നത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിക്കും പാർട്ടി തീരുമാനം ബാധകമാണ്. ഇപി വ്യക്തിപരമായ അഭിപ്രായം പറഞ്ഞതാണ്. കണ്ണൂർ ജില്ലയുടെ ചുമതലയാണ് ഇപിക്ക് കൊടുത്തത്. അദ്ദേഹം അവിടെ സജീവമായി രം​ഗത്തുണ്ട്. അതിനാലാണ് അദ്ദേഹം ജില്ലയ്ക്ക് പുറത്ത് പ്രചരണത്തിന് ഇറങ്ങാത്തത്. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് വീണ്ടും അവസരം കൊടുക്കേണ്ട എന്ന് തീരുമാനിച്ചതാണ്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ചിലർക്ക് ഇളവ് കൊടുക്കേണ്ടി വന്നു. കഴിഞ്ഞ തവണ ഞങ്ങൾ മത്സരിച്ചു തോറ്റ സീറ്റുകളിലാണ് എംബി രാജേഷും, പി രാജീവും മത്സരിക്കുന്നത്. കൊട്ടാരക്കരിയിൽ മൂന്ന് ടേം കഴിഞ്ഞ അയിഷാ പോറ്റി മാറിയപ്പോൾ ആണ് മുതിർന്ന നേതാവായ കെ എൻ ബാല​ഗോപാൽ വന്നത്. കോട്ടയത്ത് വാസവന് പകരം വേറെ ആളെ ജില്ലാ സെക്രട്ടറിയായി ഇതിനോടകം നിയമിച്ചു കഴിഞ്ഞു. സത്യത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാല​ഗോപാൽ മത്സരിക്കാനുള്ള തീരുമാനം അവസാന ഘട്ടത്തിൽ വന്നതാണ്. 

കേരളത്തിലെ ജനങ്ങൾക്കിടയിൽ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ വലിയ സ്വാധീനം നേടിയിട്ടുണ്ട്. മുഖ്യമന്ത്രിയാവും മുൻപുള്ള സ്ഥിതിയിൽ അല്ല അദ്ദേഹം ഇപ്പോൾ. രാജ്യം ശ്രദ്ധിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് ഇന്ന് പിണറായി വിജയൻ. ജനങ്ങൾക്കിടയിൽ അദ്ദേഹത്തോട് വലിയ മതിപ്പ് രൂപപ്പെട്ടിട്ടുണ്ട്. അതിൻ്റെ ഭാ​ഗമായാണ് പലരും പല പേരുകളും ഇട്ട് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഞങ്ങൾ എല്ലാവരും പരസ്പരം സംബോധന ചെയ്യുന്നത് സഖാവ് എന്നാണ്. ഞങ്ങളുടെ പാർട്ടിയുടേത് ഒരു കൂട്ടായ നേതൃത്വമാണ്. അതിൻ്റെ ഭാ​ഗമാണ് പിണറായി വിജയനും.

അദ്ദേഹം ആർക്കെങ്കിലും വിധേയനാണെങ്കിൽ അതു പാർട്ടിയോട് മാത്രമാണ്. അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്തു കാര്യം ചെയ്യും മുൻപ് അത് പാർട്ടിയിൽ അവതരിപ്പിക്കും എന്നതാണ് പാർട്ടി അനുവാദം കൊടുത്താൽ അക്കാര്യവുമായി അദ്ദേഹം മുൻപോട്ടു പോകും. പാർട്ടി എതിരെങ്കിൽ ആ പരിപാടി തന്നെ ഉപേക്ഷിക്കും. പിണറായി സഖാവിൽ ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യേകത അതാണ്. അദ്ദേഹം എപ്പോഴും പാർട്ടിക്ക് വിധേയനാണ്. വിഎസ് മുഖ്യമന്ത്രിയായ കാലത്ത് പാർട്ടിയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. അതെല്ലാം ഞങ്ങൾ തുറന്നു സമ്മതിച്ചാണ്. ഇന്ന് പാർട്ടിയിൽ വിഭാഗീയത ഇല്ല. പാർട്ടി ഒറ്റക്കെട്ടാണ്. 

‌2011-ൽ തുടർഭരണം വലിയ രീതിയിൽ ച‍ർച്ചയായിരുന്നില്ല. എൽഡിഎഫിന് നാൽപ്പതും യുഡിഎഫിന് നൂറും സീറ്റുകളാണ് സ‍ർവേകൾ പ്രവചിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് ആ നിലയിൽ ഒരു പൊതുബോധം സൃഷ്ടിച്ചത്. എന്നാൽ പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തിൽ സ്ഥിതി മാറി. അന്ന് നാല് സീറ്റുകളിൽ നാന്നൂറിൽ താഴെ വോട്ടുകൾക്കാണ് ഞങ്ങൾ പരാജയപ്പെട്ടത്. മൂന്ന് സീറ്റിലെങ്കിലും ജയിച്ചിരുന്നുവെങ്കിൽ അധികാര തുട‍ർച്ചയുണ്ടായേനേ.  

Follow Us:
Download App:
  • android
  • ios