കോട്ടയം: നിയമസഭാ തരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന പ്രചാരണം ദുഷ്ടലാക്കോടെ ഉള്ളതാണെന്ന് കോട്ടയം യൂത്ത് കോൺ​ഗ്രസ്. ഇത്തരം പ്രചാരണം ഏത് കോണിൽ നിന്നാണ് വന്നത് എന്ന് കേരളത്തിലെ കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാവും. ആ അമ്പുകൾ ആവനാഴിയിൽ തിരികെ വെക്കുന്നതാണ് നല്ലതെന്നും യൂത്ത് കോൺ​ഗ്രസ് പറഞ്ഞു. 

സംസ്ഥാനത്ത് എവിടെ മത്സരിച്ചാലും വിജയസാധ്യതയുള്ള ഉമ്മൻചാണ്ടി, കോട്ടയം വിട്ട് പുറത്തു പോകുമെന്നത് ചില കുബുദ്ധികളുടെ വ്യാജ പ്രചാരണം മാത്രമാണ്. നേമം എന്ന മണ്ഡലം കോൺഗ്രസ്‌ പ്രസ്ഥാനത്തിന്  ബാലികേറാമലയൊന്നുമല്ല. അത് കോൺഗ്രസ്‌ ശക്തമായി പ്രവർത്തിച്ചാൽ തിരിച്ചു പിടിക്കാവുന്നതേയുള്ളൂ. നേമത്തിൻ്റെ പേരിൽ ഇത്രയും വലിയ കോലാഹലം ഉണ്ടാക്കുന്നതിന് പിന്നിൽ ഗൂഡശക്തികൾ തന്നെയാണ്. ഉമ്മൻ‌ചാണ്ടി പുതുപ്പള്ളി വിടുകയുമില്ല. പുതുപ്പള്ളി വിടാൻ ഞങ്ങൾ സമ്മതിക്കുകയുമില്ലെന്നും യൂത്ത് കോൺ​ഗ്രസ് വ്യക്തമാക്കി.