മലപ്പുറം: സിപിഎം - ബിജെപി ബന്ധം നേരത്തെ തന്നെയുള്ള കാര്യമാണെന്നും പല കാര്യങ്ങളിലും ഇരുപാർട്ടികൾക്കും ഒരേ നിലപാടാണെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ആർഎസ്എസ് നേതാവ് തന്നെ തുറന്ന് പറഞ്ഞതോടെ ഇക്കാര്യം വ്യക്തമായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന് വർഗീയ കക്ഷികളുമായി ബന്ധമില്ലെന്നും വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം അടഞ്ഞ അധ്യായമെന്നും കേരളത്തിൽ ഭരണമാറ്റമാണ് ഇത്തവണ ഉറപ്പുള്ള കാര്യമെന്നും കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പി.ജി.സുരേഷ് കുമാറുമായി സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ - 

പണ്ടും പലതരം പ്രതിഷേധങ്ങളും അഭിപ്രായ ഭിന്നതകളും തെരഞ്ഞെടുപ്പ് കാലത്തുണ്ടായിട്ടുണ്ട്. പക്ഷേ സോഷ്യൽ മീഡിയ സജീവമായതോടെ പ്രതിഷേധം പരസ്യപ്പെടുത്താനുള്ള വഴികളും കൂടി. ഡാമേജ് കണ്ട്രോൾ ചെയ്യാൻ കൂടുതൽ നടപടികൾ വേണ്ടി വരും എന്നു മാത്രം. കളമശ്ശേരിയിൽ പ്രതിഷേധിച്ച പ്രവർത്തകർ തങ്ങളെ വന്നു കണ്ടു അതു പരിഹരിച്ചു. എല്ലാ പാർട്ടികളിലും പ്രശ്നമുണ്ടായെങ്കിലും അവ അതിവേഗം പരിഹരിച്ചത് ലീഗാണ്. ഇപ്രാവശ്യം ഇടതുപക്ഷത്ത് പോലും കാര്യമായ പ്രതിഷേധങ്ങൾ കണ്ടു. ഞങ്ങളുടെ കാര്യത്തിൽ എടുത്ത തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാറില്ല. 

ഇരിക്കൂറിലടക്കം അനാവശ്യ കൈകടത്തൽ സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടായിട്ടില്ലെന്ന് എ.കെ.ആൻ്റണിയടക്കമുള്ള മുതിർന്ന നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാർത്ഥി പട്ടിക വന്നതോടെ യുഡിഎഫിൻ്റെ സാധ്യത വർധിച്ചുവെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.  വർഗ്ഗീയമായ രീതിയിൽ പ്രചാരണം നടത്തുകയാണ് ആദ്യഘട്ടത്തിൽ സിപിഎമ്മും ബിജെപിയും ചെയ്തത്. അതുകൊണ്ടാണ് തുടക്കത്തിൽ അവർ ലീഗിനെ ലക്ഷ്യം വച്ചത്. 

മുസ്ലീം ലീഗിനെ ആക്രമിച്ചതിലും ഭൂരിപക്ഷ വികാരം ആളിക്കത്തിക്കുന്നതിലുമടക്കം എല്ലാ കാര്യത്തിലും ബിജെപിയും സിപിഎമ്മും അടക്കം വലിയ സഹകരണമുണ്ടായിരുന്നു. പക്ഷേ അതു ഫലം ചെയ്യില്ലെന്ന് കണ്ടപ്പോൾ അവർ ഇപ്പോൾ അത്തരം പ്രചാരണം അവസാനിപ്പിച്ചിരിക്കുകയാണ്. വെൽഫെയർ പാർട്ടിയുമായുള്ള സഹകരണം അടഞ്ഞ അധ്യായമാണ്. വേങ്ങരയിലടക്കം അവർ മുസ്ലീം ലീഗിനെതിരെ മത്സരിക്കുന്നുണ്ട്.