Asianet News MalayalamAsianet News Malayalam

ഏറ്റുമാനൂരിൽ ലതികാ സുഭാഷ് സ്വതന്ത്രസ്ഥാനാർത്ഥി; പ്രചാരണം തുടങ്ങി

ഏറ്റുമാനൂർ സീറ്റിനായി കേരളാ കോൺ​ഗ്രസ് നേതാക്കൾ നിർബന്ധം പിടിച്ചിട്ടില്ല. കോൺ​ഗ്രസിനായിരുന്നു സീറ്റ് കേരളാ കോൺ​ഗ്രസിന് നൽകണമെന്ന് നിർബന്ധമെന്നും ലതികാ സുഭാഷ് പറഞ്ഞു. 

lathika subhash explanation about her protest on candidate list
Author
Ettumanoor, First Published Mar 15, 2021, 5:39 PM IST

കോട്ടയം: ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ലതികാ സുഭാഷ് അറിയിച്ചു. തന്നോട് ഏറ്റുമാനൂരിൽ അല്ലാതെ മറ്റൊരിടത്തും മത്സരിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടിരുന്നില്ല. ഏറ്റുമാനൂർ സീറ്റിനായി കേരളാ കോൺ​ഗ്രസ് നേതാക്കൾ നിർബന്ധം പിടിച്ചിട്ടില്ല. കോൺ​ഗ്രസിനായിരുന്നു സീറ്റ് കേരളാ കോൺ​ഗ്രസിന് നൽകണമെന്ന് നിർബന്ധമെന്നും ലതികാ സുഭാഷ് പറഞ്ഞു. നിലപാട് വ്യക്തമാക്കാൻ ഏറ്റുമാനൂരിലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.  

മത്സരിക്കാൻ ഒരാൾ തീരുമാനിച്ചാൽ തടയാനാവില്ലെന്നാണ് ലതികാ സുഭാഷിന്റെ സ്ഥാനാർത്ഥിത്വത്തോട് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. അത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ലതികാ സുഭാഷിന്റെ വാക്കുകൾ...

ഏറ്റുമാനൂരിലെ ജനങ്ങൾ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്യാൻ കൊതിക്കുകയാണ്. കേരളാ കോൺ​ഗ്രസ് മാണി വിഭാ​ഗം യുഡിഎഫ് വിട്ടുപോയതോടെ ഏറ്റുമാനൂരിൽ കോൺ​ഗ്രസിന് മത്സരിക്കാൻ കഴിയുമെന്ന് ഏതൊരു പാർട്ടി പ്രവർത്തകരെയും പോലെ താനും ആ​ഗ്രഹിച്ചു. എഐസിസി, കെപിസിസി ഭാരവാഹികളടക്കം സംഘടനാ വേദികളിൽ പറഞ്ഞതും പ്രവർത്തകർ പറഞ്ഞുകേട്ടതും ഏറ്റുമാനൂരിൽ കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി മത്സരിക്കണമെന്നായിരുന്നു. കേരളാ കോൺ​ഗ്രസിൽ നിന്ന് കോൺ​ഗ്രസ് ഒരു സീറ്റ് തിരിച്ചുപിടിക്കുകയാണെങ്കിൽ അത് ഏറ്റുമാനൂർ ആയിരിക്കുമെന്ന് നേതാക്കൾ അന്ന് പറഞ്ഞിരുന്നു. 

ഇവിടെ പാർട്ടി പ്രവർത്തകർ നിസ്സഹായരാണ്. ലതികാ സുഭാഷ് എന്ന വ്യക്തിയല്ല, മഹിളാ കോൺ​ഗ്രസ് എന്ന സംഘടനയുടെ നേതാവെന്ന നിലയിൽ പറയുന്നു യൂത്ത് കോൺഗ്രസിനും കെഎസ് യുവിനും പരിഗണന ലഭിക്കുന്നത് പോലെ മഹിളാ കോൺഗ്രസിന് ലഭിക്കണമായിരുന്നു. പക്ഷേ, ജോസഫ് ​ഗ്രൂപ്പിന് ഏറ്റുമാനൂർ വേണമെന്ന് നിർബന്ധം പിടിക്കുന്നു എന്നല്ലാതെ ഏറ്റുമാനൂരല്ലാതെ മറ്റൊരു സീറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഒരു കോൺഗ്രസ് നേതാക്കളും എന്നോട് ആവശ്യപ്പെട്ടിട്ടില്ല.  അതുകൊണ്ട് തന്നെ തന്റെ വിശ്വാസം വർധിച്ചുവന്നു. നേതാക്കൾ ദില്ലിക്ക് തിരിക്കുമ്പോഴും പറഞ്ഞു, നോക്കട്ടെ എന്ന്. 

എന്നാൽ, കേരളാ കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിലെ മത്സരരം​ഗത്ത് വരാനിരിക്കുന്ന സഹോദരന്മാരൊക്കെ എന്നോട് പറഞ്ഞു ഏറ്റുമാനൂർ വേണമെന്ന് വലിയ നിർബന്ധമൊന്നും തങ്ങൾക്കില്ലായിരുന്നു. ഏറ്റുമാനൂരിൽ കേരളാ കോൺ​ഗ്രസ് മത്സരിക്കണമെന്ന് കേരളാ കോൺ​ഗ്രസിനെക്കാൾ  നിർബന്ധം കോൺ​ഗ്രസിന്റെ ആളുകൾക്കാണ് എന്നാണ് അവർ പറഞ്ഞത്. 

ഞാൻ എകെ ആൻറണിയെ വിളിച്ചു. ഏറ്റുമാനൂർ സീറ്റ് ചോദിച്ചു. തന്നില്ലെങ്കിൽ താൻ പ്രതികരിക്കുമെന്നും തലമുണ്ഡനം ചെയ്യുമെന്നും മാർച്ച് 8 ന് പറഞ്ഞു. ഏറ്റുമാനൂർ ഘടകക്ഷിക്ക് കൊടുത്തെന്ന് മിനിഞ്ഞാന്ന് ഉമ്മൻചാണ്ടി പറഞ്ഞു. വൈപ്പിൻ ചോദിച്ചെങ്കിലും ഉമ്മൻചാണ്ടി വ്യക്തമായ മറുപടി പറഞ്ഞില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ വിളിക്കാമെന്ന് പറഞ്ഞിട്ട് തിരികെ വിളിച്ചില്ല. എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഞാൻ മുദ്രാവാക്യം വിളിച്ച നേതാക്കളൊന്നും എന്റെ വേദന മനസിലാക്കിയില്ല. നേതാക്കൾ സ്നേഹ ശൂന്യരായത് കൊണ്ടാണ് ഞാൻ തല മുണ്ഡനം ചെയ്തത്. തല മുണ്ഡനം ചെയ്ത ശേഷം എ കെ ആൻറണി, വി എം സുധീരൻ, പിജെ കുര്യൻ തുടങ്ങിയവരൊക്കെ എന്നെ വിളിച്ചു. സഹോദരിമാർക്ക് അംഗീകാരം കിട്ടാനാണ് പാർട്ടിയിൽ നിന്ന് രാജി വച്ചത്. 

 

Follow Us:
Download App:
  • android
  • ios