Asianet News MalayalamAsianet News Malayalam

പാറശ്ശാലയിൽ ജയം നിർണ്ണയിക്കുക നാടാർ വോട്ട്; മണ്ഡലം നിലനിർത്താൻ ഇടതും പിടിച്ചെടുക്കാൻ യുഡിഎഫും

നാടാർ മേഖലയിൽ സ്വാധീനമുള്ള നേതാവിനെ തന്നെ രംഗത്തിറക്കിയാണ് യുഡിഎഫ് അട്ടിമറി പ്രതീക്ഷകൾ. 25 വർഷമായി ജില്ലാ പ‍ഞ്ചായത്തംഗമാണ് യുഡിഎഫ് സ്ഥാനാർത്ഥി അൻസജിത റസൽ. നാടാർ സംവരണം കണ്ണിലെ പൊടിയിടലാണെന്നും കോണ്‍ഗ്രസ് പറയുന്നു.

ldf fight to retain parassala while udf moves to take back constituency after gap
Author
Trivandrum, First Published Mar 21, 2021, 6:39 AM IST

തിരുവനന്തപുരം: അതിർത്തി മണ്ഡലമായ പാറശ്ശാലയിൽ ഇത്തവണ ശക്തമായ മത്സരമാണ്. സാമുദായിക സമവാക്യങ്ങൾ നിർണ്ണായകമായ മണ്ഡലത്തിൽ നാടാർ സംവരണം പ്രധാന ചർച്ച വിഷയമാണ്. സംവരണം നേട്ടമാക്കാൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ നാടാർ സമുദായ അംഗത്തെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കി.

തെക്കൻ കാറ്റിന്‍റെ ഗതി മാറി മറിയുന്ന നാടാണ് പാറശാല. ആരുടെയും കുത്തകയല്ല ഈ അതിർത്തി ദേശം. 2011ൽ 505 വോട്ടുകൾക്ക് വി എസ് സർക്കാരിന്‍റെ തുടർഭരണ പ്രതീക്ഷകളെ അട്ടിമറിച്ച നാട്. എന്നാൽ അതെ പാറശാല 2016ൽ എൽഡിഎഫിന് നൽകിയത് 18,000 ലേറെ വോട്ടിന്‍റെ ഭൂരിപക്ഷം. സി കെ ഹരീന്ദ്രനെ വീണ്ടും കളത്തിലിറക്കി മണ്ഡലം നിലനിർത്താനാണ് എൽഡിഎഫ് ശ്രമം. വികസന നേട്ടങ്ങൾ പറഞ്ഞാണ് ഹരീന്ദ്രൻ്റെ വോട്ടഭ്യർത്ഥന. 34 ശതമാനം നാടാർ വോട്ടുകളാണ് ഭൂരിപക്ഷ വോട്ടുബാങ്ക്. നാടർ സംവരണമാണ് എൽഡിഎഫിന്‍റെ തുറുപ്പ്ചീട്ട്.

എന്നാൽ നാടാർ മേഖലയിൽ സ്വാധീനമുള്ള നേതാവിനെ തന്നെ രംഗത്തിറക്കിയാണ് യുഡിഎഫ് അട്ടിമറി പ്രതീക്ഷകൾ. 25 വർഷമായി ജില്ലാ പ‍ഞ്ചായത്തംഗമാണ് യുഡിഎഫ് സ്ഥാനാർത്ഥി അൻസജിത റസൽ. നാടാർ സംവരണം കണ്ണിലെ പൊടിയിടലാണെന്നും കോണ്‍ഗ്രസ് പറയുന്നു.

മുപ്പതിനായിരത്തിലേറെ വോട്ടുകൾ മൂന്ന് തെരഞ്ഞെടുപ്പുകളിലായി ബിജെപി നിലനിർത്തുന്നതാണ് മറ്റ് സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കുന്ന ഘടകം. എന്നാൽ ഇത്തവണ വോട്ടുനിരക്കുയർത്തി വിജയം തന്നെയാണ് ബിജെപി ലക്ഷ്യം. 2016ൽ തോൽവിക്ക് ശേഷവും മണ്ഡലം വിടാതെ പ്രവർത്തിക്കുന്ന കരമന ജയനാണ് സ്ഥാനാർത്ഥി. ഏഴു പഞ്ചായത്തുകള്‍ ഉള്ള പാറശ്ശാലയിൽ അഞ്ചിടത്ത് എൽഡിഎഫും മൂന്ന് സ്ഥലത്ത് യുഡിഎഫും. ഒരു പഞ്ചായത്തിൽ ബിജെപിയും ഭരിക്കുന്നു

Follow Us:
Download App:
  • android
  • ios