Asianet News MalayalamAsianet News Malayalam

എൻഎസ്എസുമായി ഏറ്റുമുട്ടലിനില്ല, അമിത് ഷായ്ക്കും എം എ ബേബിയുടെ മറുപടി

സ്ഥാനാർത്ഥികൾക്കുള്ള ടേൺ വ്യവസ്ഥ ഇടതു മുന്നണിയുടെ ധീരമായ നീക്കമാണെന്ന് പറഞ്ഞ എം എ ബേബി ഐസക്കും ജി സുധാകരനും നേതൃനിരയില്‍ ഇനിയും തുടരുമെന്നും വ്യക്തമാക്കി.

MA Baby says no fight with nss
Author
Palakkad, First Published Mar 24, 2021, 9:59 AM IST

പാലക്കാട്: എൻഎസ്എസുമായി ഏറ്റുമുട്ടലിനില്ലെന്ന് എം എ ബേബി. സാമുദായിക സംഘടനകള്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. എൻഎസ്എസ് പൊതുവിൽ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുന്നെന്ന് എന്‍എസ്എസ് പറഞ്ഞിട്ടില്ല. വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. മത വിശ്വാസങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് ബിജെപി-യുഡിഎഫ് മുന്നണികളാണെന്ന് എം എ ബേബി പറഞ്ഞു. വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ ഇടതുമുന്നണി വീഴ്ച വരുത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാനാർത്ഥികൾക്കുള്ള ടേൺ വ്യവസ്ഥ ഇടത് മുന്നണിയുടെ ധീരമായ നീക്കമാണെന്ന് പറഞ്ഞ എം എ ബേബി ഐസക്കും ജി സുധാകരനും നേതൃനിരയില്‍ ഇനിയും തുടരുമെന്നും വ്യക്തമാക്കി. സർക്കാരിൻ്റെ ഭാഗമായി സമർത്ഥമായി പ്രവർത്തിച്ചവരാണ് ഐസക്ക് ഉൾപ്പടെയുള്ളവർ. അവരാരും മുന്നണിക്ക് പുറത്തല്ല. ഈ സർക്കാരിന് നേതൃത്വം കൊടുത്ത ഒട്ടേറെപ്പേർ മത്സരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തുടർച്ചയുണ്ട്. ജനങ്ങൾ ഈ തീരുമാനത്തെ ശുദ്ധവായു പ്രവാഹം പോലെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ  ഭേദഗതി നിയമം നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തിൻ്റെ നിർദ്ദേശപ്രകാരം കൊണ്ടുവന്ന ഭരണഘടനാവിരുദ്ധ നടപടിയാണെന്നും എം എ ബേബി കുറ്റപ്പെടുത്തി. ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി പ്രഖ്യാപിക്കേണ്ടതാണ്. ആ ഉത്തരവാദിത്തത്തിൽ നിന്ന് സുപ്രീംകോടതി ഒളിച്ചു കളിക്കുന്നു. അമിത് ഷായും ഒളിച്ചുകളിക്കുകയാണ്. ഹിന്ദു രാഷ്ട്ര സ്ഥാപനമെന്ന അജണ്ടയുമായി ആര്‍എസ്എസ് മുന്നോട്ട് പോകുന്നുവെന്ന് കുറ്റപ്പെടുത്തിയ എം എ ബേബി, ഇടതു മുന്നണി മതസൗഹാർദ്ദ സന്ദേശമുയർത്തി പ്രചരണം നടത്തുമെന്നും പറഞ്ഞു. 

Follow Us:
Download App:
  • android
  • ios