ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പിജെ ജോസഫുമാണ് മാണി സി കാപ്പനെ യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. ഇക്കാര്യത്തില്‍ കാര്യമായ റോളില്ലാതിരുന്ന മുല്ലപ്പള്ളിയാകട്ടെ എതിരഭിപ്രായത്തിൽ ഉറച്ച് നിൽക്കുകയാണ്

കൊച്ചി/ കോട്ടയം: എൻസിപിയെ പിളര്‍ത്തി എൽഡിഎഫ് വിട്ട് വന്ന മാണി സി കാപ്പനെ എങ്ങനെ ഉൾക്കൊള്ളണമെന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത. കാപ്പൻ കോൺഗ്രസിന്‍റെ ഭാഗമാകണമെന്നും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നുമാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവര്‍ത്തിക്കുന്നത്. അതേസമയം, കാപ്പന്‍റെ പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കുന്നതിൽ തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പിജെ ജോസഫുമാണ് കാപ്പനെ യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. ഇക്കാര്യത്തില്‍ കാര്യമായ റോളില്ലാതിരുന്ന മുല്ലപ്പള്ളിയാകട്ടെ ഹൈക്കമാന്‍ഡിന്‍റെ അനുമതിയോടെയേ പുതിയ ഘടകകക്ഷിയെ ഉള്‍പ്പെടുത്താനാകൂ എന്ന നിലപാടിലാണ് . മുന്നണിയില്‍ വന്നാല്‍ പാലാ കൂടാതെ കാപ്പന്‍ കൂടുതല്‍ സീറ്റ് ചോദിക്കുമെന്നും ഇതൊഴിവാക്കാന്‍ കാപ്പനെ കോണ്‍ഗ്രസില്‍ എടുക്കുന്നതാണ് ഉചിതമെന്നുമാണ് മുല്ലപ്പള്ളി വാദിക്കുന്നത്. എന്നാല്‍ കാപ്പനെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ ധാരണയുണ്ടായിരുന്നുവെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല

അതേ സമയം പാര്‍ട്ടി രൂപീൂകരണവുമായി മാണിസി കാപ്പന്‍ മുന്നോട്ട് പോവുകയാണ്. ഈ മാസം 22 ന് പുതിയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം വന്നേക്കും. പാര്‍ട്ടി രൂപീകരണത്തിനായി കാപ്പന്‍ അധ്യക്ഷനായി പത്തംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.