Asianet News MalayalamAsianet News Malayalam

വികസനം ചര്‍ച്ച ചെയ്യാം; സൈബർ ആക്രമണത്തിന് മറുപടിയുമായി മാത്യു കുഴൽനാടൻ

വ്യക്ത്യാധിക്ഷേപങ്ങൾ ഒഴിവാക്കി മൂവാറ്റുപുഴയുടെ വികസനം ചർച്ച ചെയ്യാൻ സി പി ഐ യും ഇടതുപക്ഷ സുഹൃത്തുക്കളും തയാറാകണമെന്ന് മാത്യു കുഴല്‍നാടന്‍

mathew kuzhalnadan replies to CPIs cyber attack and demands to discuss development in constituency
Author
Muvattupuzha, First Published Mar 29, 2021, 11:42 AM IST

മൂവാറ്റുപുഴ: സി പി ഐ യുടെയും സൈബർ പോരാളികളുടെയും വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി മൂവാറ്റുപുഴയിലെ യു ഡി എഫ് സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടൻ. വ്യക്ത്യാധിക്ഷേപങ്ങൾ ഒഴിവാക്കി മൂവാറ്റുപുഴയുടെ വികസനം ചർച്ച ചെയ്യാൻ സി പി ഐ യും ഇടതുപക്ഷ സുഹൃത്തുക്കളും തയാറാകണമെന്ന് മാത്യു തന്‍റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മാത്യു സ്ഥാനാർഥിയായപ്പോൾ മുതൽ സൈബർ ഇടങ്ങളിൽ കടുത്ത വ്യക്ത്യാധിക്ഷേപങ്ങളാണ് മാത്യുവിനു നേരെയുണ്ടാകുന്നത്. ഇതിനെതിരേയാണ് മാത്യു വിശദമായി പ്രതികരിച്ചിരിക്കുന്നത്. താൻ പാർട്നറായിട്ടുള്ള KMN P Law എന്ന സ്ഥാപനത്തിന്‍റെ പാർട്നറാണ് മുതിർന്ന അഭിഭാഷകനായ കെ.കെ.വേണുഗോപാൽ എന്ന ആരോപണവും മാത്യു നിഷേധിച്ചു. ഓർത്തഡോക്സ്  സഭയുടെ വക്കാലത്ത് എടുത്തിരിക്കുന്നത് മാത്യുവിന്‍റെ സ്ഥാപനത്തിന്‍റെ പാർട്നറായ  കുര്യാക്കോസ് ആണ് എന്ന ആരോപണത്തിനും  ഫേസ്ബുക്ക് കുറിപ്പില്‍ മാത്യു മറുപടി പറയുന്നുണ്ട്.

മാത്യു കുഴല്‍നാടന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

നമുക്ക് കുറച്ച് കൂടി ആരോഗ്യകരമായ മത്സരം സാധ്യമല്ലേ..? 

തിരഞ്ഞെടുപ്പിൽ ആരോപണ പ്രത്യാരോപണങ്ങൾ സ്വാഭാവികമാണ്. എന്നാൽ എല്ലാത്തിനും നമ്മൾ ചില അതിർവരമ്പുകൾ വയ്ക്കാറുണ്ട്. അത് നിയമപരമായ ബാധ്യതയല്ല, പക്ഷേ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ്. 

കഴിഞ്ഞ കുറച്ചു ദിവസമായി സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ആരോപണങ്ങൾ ഉയർന്നു വരുന്നു എന്ന് പ്രവർത്തകർ ചൂണ്ടിക്കാണിച്ചിരുന്നു. അതെല്ലാം തിരഞ്ഞെടുപ്പിന്റെ കേവല പ്രതിഫലനങ്ങൾ മാത്രമാണ് എന്നതുകൊണ്ട് പ്രതികരിക്കേണ്ടതില്ല എന്ന സമീപനമാണ് ഞാൻ സ്വീകരിച്ചത്. പക്ഷേ ഇപ്പോൾ അത് എല്ലാ പരിധിയും വിട്ട നിലയിലേക്ക് പോയിരിക്കുന്നു. മറുപടി പറയാതെ വരുമ്പോൾ ആരോപണങ്ങൾ ശരിയാണ് എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം എന്നതുകൊണ്ടാണ് ഇത് കുറിക്കുന്നത്. 

പ്രധാനമായും രണ്ട് ആരോപണങ്ങളാണ് ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ ചില ഇടതുപക്ഷ സുഹൃത്തുക്കൾ പ്രചരിപ്പിച്ചത്. ഒന്ന് എന്റെ വീടിന്റെ മതിൽ റോഡിലേക്ക് തള്ളി ഇരിക്കുന്നത് കൊണ്ട് അവിടെ നിരവധി അപകടമരണങ്ങൾ ഉണ്ടായി എന്ന പച്ച കള്ളമാണ്. ശരിയാണ് നേരത്തെ അവിടെ ഒരു അപകടം ഉണ്ടാകുകയും മതിൽ കുറച്ച് അകത്തേക്ക് മാറ്റി വച്ചാൽ നന്നാവും എന്ന അഭിപ്രായം പലരും പറയുകയും ചെയ്തിരുന്നു. പക്ഷെ അപ്പച്ചൻ അതിനു അനുകൂലമായിരുന്നില്ല. പുറമ്പോക്ക് കയ്യേറാത്തിടത്തോളം കാലം അതിന്റെ ആവശ്യം ഇല്ല എന്നായിരുന്നു അപ്പച്ചന്റെ നിലപാട്. 

എന്നാൽ സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളാരും അതൊരു രാഷ്ട്രീയ വിഷയം ആക്കിയില്ല. യഥാർത്ഥത്തിൽ വേണമെങ്കിൽ അന്ന് അങ്ങനെ ചെയ്യാമായിരുന്നു. എന്നാൽ എന്റെ സമീപനം അവർക്കു അറിയാം എന്നതുകൊണ്ട് കൂടിയാണ് അവർ അതിനു മുതിരാതിരുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നീട് അപ്പച്ചനും അമ്മച്ചിയും വിദേശത്ത് പോയ സമയത്ത് അപ്പച്ചന്റെ അനുമതി വാങ്ങാതെ മതിൽ സ്വന്തം ചിലവിൽ പൊളിക്കുകയും ഉള്ളിലേക്ക് മാറ്റി വക്കുകയും ചെയ്തു. പൊളിച്ച സമയത്ത് പഞ്ചായത്ത്‌ ഭരിച്ചിരുന്നത് കോൺഗ്രസ്സ് ആയിരുന്നെങ്കിലും ഞാൻ അന്ന് എന്റെ വാർഡിലെ സിപിഎം മെമ്പറായ തൊട്ടിയിൽ സാബു ചേട്ടനെ വിളിക്കുകയും ഏത്രമാത്രം അകത്തേക്ക് മാറ്റി വക്കണം എന്ന് ചോദിക്കുകയും അദ്ദേഹത്തോട് തന്നെ കുറ്റി അടിക്കാൻ പറയുകയും ചെയ്തു. അദ്ദേഹം കുറ്റി അടിച്ച പ്രകാരം മതിൽ പൊളിച്ചു കെട്ടി. അതിനു ശേഷം നാളിതുവരെ ഒരപകടവും അവിടെ ഉണ്ടായിട്ടില്ല. ആദ്യമായാണ് ഞാൻ അപ്പച്ചന്റെ അനുമതി ഇല്ലാതെ കുടുംബത്തിലെ ഒരു കാര്യം ചെയ്യുന്നത്. വിദേശത്ത് നിന്നും മടങ്ങി വന്ന അപ്പച്ചൻ അതിനു എന്നെ ശകാരിക്കുകയും ചെയ്തു. 

ഞാൻ മേൽപ്പറഞ്ഞ കാര്യം സത്യം അല്ല എന്ന് ഞങ്ങളുടെ നാട്ടിലെ സിപിഎം മെമ്പർ ആയ തൊട്ടിയിൽ സാബുവോ അതല്ലെങ്കിൽ സിപിഎം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദോ പറയുകയാണെങ്കിൽ ഈ പറഞ്ഞതെല്ലാം ഞാൻ പിൻവലിക്കാം. കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അവർ കള്ളം പറയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്രയും ആയ നിലക്ക് അവരോടു ഇതൊന്നു വിളിച്ച് ചോദിക്കുകയെങ്കിലും വേണം അങ്ങ്.. 

പിന്നെ അടുത്ത ആരോപണം ഞാനാണ് ഓർത്തഡോക്സ് സഭയ്ക്ക് വിധി വാങ്ങി നൽകിയത് എന്നാണ്. എനിക്ക് ജസ്റ്റിസ് അരുൺ മിശ്രയുമായി ഉള്ള ബന്ധം കൊണ്ടാണത്രെ. കോടതിയിൽ വാദ മദ്ധ്യേ കണ്ടിട്ടുള്ളതല്ലാതെ വ്യക്തിപരമായി ഞാൻ ജീവിതത്തിൽ ഇന്ന് വരെ നേരിട്ട് കണ്ടിട്ടില്ലാത്ത ആളാണ് അരുൺ മിശ്ര. പിന്നെ KMNP Law എന്ന അഭിഭാഷക സ്ഥാപനത്തിൽ കെ കെ വേണുഗോപാലും, കൃഷ്ണൻ വേണുഗോപാലും പാർട്ണഴ്‌സ് ആണത്രേ. രാജ്യത്തെ ഏറ്റവും പ്രമുഖനായ അഭിഭാഷകനാണ് കെ കെ വേണുഗോപാൽ, സുപ്രീം കോടതിയിലെ മുതിർന്ന (designated ) അഭിഭാഷകൻ, അദ്ദേഹത്തിന്റെ മകനും മറ്റൊരു മുതിർന്ന അഭിഭാഷകനാണ്. ഇവർ രണ്ടു പേരും എന്റെ കൂടി ഉടമസ്ഥതയിൽ ഉള്ള KMNP Law എന്ന സ്ഥാപനത്തിൽ പാർട്ണേഴ്‌സ് ആണ് എന്ന് പറയുന്നതിന് മുമ്പ്, കോടതി അംഗീകരിച്ച മുതിർന്ന അഭിഭാഷകർക്ക് അഭിഭാഷക സ്ഥാപനങ്ങളിൽ പങ്കാളിത്തം പാടില്ല എന്ന വ്യവസ്ഥ ഉണ്ട് എന്ന് എങ്കിലും മനസിലാക്കണ്ടേ ? 

പിന്നെ എന്റെ പാർട്ണർ ആയിട്ടുള്ള കുര്യാക്കോസ് ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി കേസ് നടത്തിയിട്ടുണ്ട് എന്നത് സത്യമാണ്. ഞങ്ങൾ പാർട്ണേഴ്‌സ് ആകുന്നതിനു മുമ്പേ അദ്ദേഹം അവരുടെ വക്കീലാണ്. ഞങ്ങൾ ഒന്നിക്കുമ്പോൾ ഉള്ള വ്യവസ്ഥ എന്ന് പറയുന്നത് അതുവരെ നടത്തി വന്ന കേസുകൾ അവരവർക്ക് സ്വതന്ത്രമായി നടത്താം എന്നതാണ്. അതനുസരിച്ച് അദ്ദേഹം അവർക്കു വേണ്ടി കേസ് നടത്തി. ഉടമസ്ഥാവകാശം ഉള്ളതും ഇല്ലാത്തതും ആയ 12 ഓളം പാർട്ണഴ്‌സ് ആണ് എൻ്റെ ഫേമിന് ഉള്ളതും. പലരും പല മതങ്ങളിലും, ജാതിയിലും ഉള്ളവരും പല രാഷ്ട്രീയം വച്ച് പുലർത്തുന്നവരും. KMNP Law ഒരു സ്വതന്ത്ര പ്രഫഷണൽ സ്ഥാപനമാണ്. ഞാൻ അതിൽ ജോലി ചെയുന്ന ഉടമസ്ഥാവകാശം ഉള്ള ഒരു പാർട്ണറും. ഇതാണ് യാഥാർഥ്യം എന്നിരിക്കെ എന്തൊക്കെയാണ് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് ? 

സഭയോടുള്ള സ്നേഹവും കൂറും ഒന്നും ആരെയും ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. അതിനെ സ്വന്തം കാര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് അതിനോട് എത്ര മാത്രം ആത്മാർഥത ഉണ്ട് എന്ന് മനസിലാക്കാൻ പ്രയാസമില്ല. ബിജെപി യും സിപിഎം ഉം ചെയ്യുന്നത് വേറൊന്നുമല്ല. പ്രതിസന്ധി നേരിടുന്ന ഒരു സഭയെ മാർക്കറ്റിലെ വിൽപ്പന ചരക്കുപോലെ ഇട്ട് തട്ടുകയാണ്. നിങ്ങളും ആ ഗണത്തിൽ ആവരുത്. 

നമുക്ക് കുറച്ചുകൂടി നല്ല നിലയിൽ ഈ തിരഞ്ഞെടുപ്പിനെ കൊണ്ടുപോകാൻ കഴിയില്ലേ? 

ഇടതുപക്ഷം തന്നെ ഒരു വെല്ലുവിളി ഉയർത്തിയ മുദ്രാവാക്യമായ  'നമുക്ക് വികസനം ചർച്ച ചെയ്യാം' എന്നത് നമുക്ക് മുവാറ്റുപുഴയിൽ ഏറ്റെടുത്തു കൂടെ ? ഞാൻ തയാറാണ്... അങ്ങ് നടത്തി എന്ന് പറയുന്ന വികസനവും, കഴിഞ്ഞ 5 വർഷങ്ങൾ മുവാറ്റുപുഴയ്ക്ക് നഷ്ടപ്പെട്ടു എന്ന് ഞങ്ങൾ പറയുന്ന ആരോപണവും ജനങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിക്കാം. ജനം കേൾക്കാൻ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. 

നമ്മൾ സഹപാഠികളും സതീർഥ്യരും ആയിരുന്നവരാണ്.. പുതിയ തലമുറയിലെ രാഷ്ട്രീയക്കാരാണ്.. പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും ഒക്കെ ഈ തിരഞ്ഞെടുപ്പിനെ നമുക്ക് നല്ല ഒരനുഭവം ആക്കാം..

Follow Us:
Download App:
  • android
  • ios