നേമത്ത് സിപിഎം മൂന്നാം സ്ഥാനത്ത് പോലുമില്ല. മുരളീധരൻ വന്നതോടെ അവിടെ പോരാട്ടം ഞങ്ങളും ബിജെപിയും തമ്മിലാണ്

തിരുവനന്തപുരം: സ്ഥാനാർത്ഥിയാവാൻ പറ്റാത്തതിൽ പ്രതിഷേധിച്ച് ലതികാ സുഭാഷ് കെപിസിസിയിൽ തല മുണ്ഡനം ചെയ്തു നടത്തിയ പ്രതിഷേധം കടന്ന കൈയായി പോയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 

കേരളീയ പൊതുസമൂഹവും ഇവിടുത്തെ വനിതകളും അതു നന്നായി തിരിച്ചറിഞ്ഞിരിക്കുന്നു. തല മുണ്ഡനം ചെയ്തു പ്രതിഷേധിക്കാൻ ലതികയ്ക്കൊപ്പം നിന്ന സ്ത്രീകളെല്ലാം കഴിഞ്ഞ ദിവസം തന്നെ വന്നു കണ്ടിരുന്നു താൻകോലിബി സഖ്യമുണ്ടായിരുന്നുവെന്ന ഒ രാജഗോപാലിന്റെ ആരോപണവും മുല്ലപ്പള്ളി തള്ളി.

മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുണ്ടാക്കിയ രഹസ്യബന്ധം ബാലശങ്കർ പുറത്ത് വിട്ടപ്പോൾ അവർക്കുണ്ടായ വെപ്രാളം മറക്കാനാണ് ഈ ആക്ഷേപമുന്നയിക്കുന്നത്. ശബരിമല വിഷയത്തിൽ യെച്ചൂരിയുടെ നിലപാടാണോ കടകംപള്ളിയുടെ നിലപാടാണോ പാർട്ടിയുടേതെന്ന് സിപിഎം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നാണ് അവരെല്ലാം എന്നോട് പറഞ്ഞത് - മുല്ലപ്പള്ളി പറഞ്ഞു. 

മുല്ലപ്പള്ളിയുടെ വാക്കുകൾ 

ഏതു ഘട്ടത്തിലാണ് സ്ഥാനാർത്ഥി നിർണയത്തിൽ കെ.സി.വേണുഗോപാൽ ഇടപെട്ടതെന്ന് സുധാകരൻ ആരോപിക്കുന്നത്? ഒരു ഘട്ടത്തിലും കെ.സി സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെട്ടിട്ടില്ല. അദ്ദേഹം ഹൈക്കമാൻഡിൻ്റെ പ്രതിനിധിയാണ്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ നിന്താത ജാഗ്രതയോടെയാണ് അദ്ദേഹം ചർച്ചകളിൽ ഇടപെട്ടത്. ഒരു സ്ഥാനാർത്ഥിക്ക് വേണ്ടിയും അദ്ദേഹം സമ്മർദ്ദം ചെലുത്തിയിട്ടില്ല. നാല് പേരല്ല എല്ലാ നേതാക്കളുമായി കൂടിയാലോചന നടത്തിയാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയത്.

ഇരിക്കൂറിലെ സ്ഥാനാർത്ഥിക്ക് കഴിഞ്ഞ രണ്ട് തവണയും അഖിലേന്ത്യ കോൺ​ഗ്രസ് നേതൃത്വം മത്സരിക്കാൻ അവസരം നൽകാൻ തീരുമാനിച്ചിരുന്നു. രാഹുൽ ​ഗാന്ധി നേരിട്ടാണ് അദ്ദേഹത്തിൻ്റെ പ്രവ‍ർത്തനം വിലയിരുത്തിയത്. അദ്ദേഹത്തിൻ്റെ പേര് സീറ്റിലേക്ക് നിർദേശിക്കപ്പെട്ടപ്പോൾ എന്തു കൊണ്ടാണ് ആരും എതിർപ്പ് ഉന്നയിക്കാതിരുന്നത്.

മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ബന്ധം ആർ.ബാലശങ്കറിൻ്റെ പ്രസ്താവനയിലൂടെ തെളിഞ്ഞു. എത്ര കാലമായി കേരളത്തിൽ ഞാൻ പറയുന്നതാണ് ഇത്. ബാലശങ്കറിൻ്റെ വെളിപ്പെടുത്തൽ മൂലം ന​ഗ്നരാക്കപ്പെട്ട സിപിഎം നേതാക്കളാണ് കേരളീയ പൊതുസമൂഹം തള്ളിക്കളഞ്ഞ കോലീബി സഖ്യം എടുത്തു വീണ്ടും ചർച്ചയാക്കുകയാണ്. 

നേമത്ത് സിപിഎം മൂന്നാം സ്ഥാനത്ത് പോലുമില്ല. മുരളീധരൻ വന്നതോടെ അവിടെ പോരാട്ടം ഞങ്ങളും ബിജെപിയും തമ്മിലാണ്. ശബരിമല വിഷയത്തിൽ തരാതരം അഭിപ്രായം മാറ്റിപ്പറയുകയാണ് മുഖ്യമന്ത്രി. ആരുടെ നിലപാടാണ് സിപിഎം ഉയർത്തിപിടിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ നിലപാടോ സീതാറാം യെച്ചൂരിയുടെ നിലപാടോ അതോ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കടകംപള്ളി സുരേന്ദ്രൻ്റെ നിലപാടോ.. ?