രാഹുൽ ഗാന്ധിക്കെതിരെ മോശം പരാമര്‍ശനം നടത്തിയ ജോയിസ് ജോര്‍ജ്ജിനെതിരെ ശക്തമായ പ്രക്ഷോഭം കോൺഗ്രസ് സംഘടിപ്പിക്കുമെന്ന് മുല്ലപ്പള്ളി

കാസർകോട്: രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരമാര്‍ശം പൊതുയോഗത്തിൽ നടത്തിയ ജോയിസ് ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അങ്ങേ അറ്റം പ്രതിഷേധാര്‍ഹമായ പരാമര്‍ശം ആണ് ജോയിസ് ജോര്‍ജ്ജിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണം. രാഹുൽ ഗാന്ധിക്കെതിരെ മോശം പരാമര്‍ശനം നടത്തിയ ജോയിസ് ജോര്‍ജ്ജിനെതിരെ ശക്തമായ പ്രക്ഷോഭം കോൺഗ്രസ് സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി കാസര്‍കോട്ട് പറഞ്ഞു. അശ്ലീല പരാമര്‍ശം നടത്തിയ ജോയിസ് ജോര്‍ജ്ജിനെതിരെ എന്ത് നടപടിയാണ് മുഖ്യമന്ത്രിയും മുന്നണിയും സ്വീകരിക്കാൻ പോകുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു. 

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണ് മുല്ലപ്പള്ളി ഉന്നയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പുറത്തിറങ്ങാതിരുന്ന ആളാണ് പിണറായി വിജയൻ.. പൊതുയോഗങ്ങൾക്ക് കൃത്രിമമായി ആളെ കൂട്ടുന്നു. മൂന്ന് മണ്ഡലങ്ങളിൽ നിന്നുള്ള പ്രവര്‍ത്തകരെ ആണ് ആളെ കൂട്ടാൻ വേണ്ടി ഓരോ പൊതുയോഗത്തിലും കൊണ്ടുവരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു