ഹൈക്കമാൻഡുമായുള്ള ആലോചനകൾക്ക് ശേഷമാണ് തീരുമാനമെന്ന് മുല്ലപ്പളളി. ആരും തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്‍ഡിനെ നിലപാടറിയിച്ചെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഷാഫി പറമ്പില്‍ എംഎല്‍എയെ പാലക്കാട് നിന്ന് മാറ്റില്ല. അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ രീതിയില്‍ പ്രതിഷേധിച്ച് കെ മുരളീധരന്‍ എംപി എഐസിസിയുടെ സ്ക്രീനിംഗ് കമ്മിറ്റി ബഹിഷ്ക്കരിച്ചു. 

കെപിസിസി അധ്യക്ഷ സ്ഥാനത്തിരുന്ന് കണ്ണൂരില്‍ നിന്ന് മത്സരിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന സൂചനകള്‍ക്കിടെയാണ് മുല്ലപ്പള്ളി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ഇതോടെ തന്‍റെ കെപിസിസി അധ്യക്ഷ പദവി അടഞ്ഞ അധ്യായമെന്ന് കെ സുധാകരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷ പദവിയിലിരുന്ന് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ മുല്ലപ്പള്ളിയുടെ ഇപ്പോഴത്തെ മനംമാറ്റത്തിനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം മുറുമുറുപ്പ് തുടങ്ങിയിരുന്നു. ഗ്രൂപ്പുകളുടെ കാലുവാരല്‍ സാധ്യത കൂടി മുന്‍കൂട്ടി കണ്ടാണ് പിന്മാറ്റമെന്ന് സൂചനയുണ്ട്. അതേസമയം കെ സി ജോസഫിന് കാഞ്ഞിരപ്പള്ളിയും കെ ബാബുവിന് തൃപ്പൂണിത്തുറയും നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. എ വി ഗോപിനാഥിന്‍റെ വിമത ഭീഷണിക്കും, ജില്ലാ നേൃത്വത്തിന്‍റെ നിസഹകരണത്തിനുമിടയില്‍ ഷാഫി പറമ്പിലിനെ പട്ടാമ്പിയിലേക്ക് മാറ്റിയാലോ എന്ന ആലോചനയുണ്ടായിരുന്നെങ്കിലും സിറ്റിംഗ് എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കട്ടേയെന്ന് ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിക്കുകയായിരുന്നു.

അതേസമയം ബാലുശ്ശേരിയിലെ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടേതടക്കമുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കെ മുരളീധരന്‍ സ്ക്രീനിംഗ് കമ്മിറ്റിക്ക് മുന്‍പില്‍ എത്തിയില്ല. പ്രാദേശിക പ്രതിഷേധം തള്ളി റോബിന്‍ പീറ്ററിനെ കോന്നിയില്‍ മത്സരിപ്പിക്കണമെന്ന് അടൂര്‍ പ്രകാശും പദ്മമജ വേണുഗാപാലിനെ തൃശൂരില്‍ പരിഗണിക്കണമെന്ന് ടി എന്‍ പ്രതാപനും ആവശ്യപ്പെട്ടു. ബാലകൃഷ്ണ പിള്ളയുടെ ബന്ധു ശരണ്യ മനോജിനെ കൊട്ടാരക്കരയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കൊടിക്കുന്നില്‍ സുരേഷും രംഗത്തുണ്ട്.