കോഴിക്കോട്: കാല്‍നൂറ്റാണ്ടിന് ശേഷം മുസ്ലീംലീഗില്‍ നിന്ന് മല്‍സരിക്കുന്ന വനിതാ സ്ഥാനാ‍ർത്ഥിയായ നൂര്‍ബീന റഷീദിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തിയ നേതാക്കളിൽ പലരും പാര്‍ട്ടി നിലപാടിനൊപ്പമായി. കോഴിക്കോട് സൗത്ത് മുസ്ലീംലീഗ് മണ്ഡ‍ലം കമ്മിറ്റി യോഗം നൂര്‍ബീന റഷീദിനെ ജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തു.

കോഴിക്കോട് സൗത്തില്‍ എംകെ മുനീര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു കോഴിക്കോട് സൗത്ത് മുസ്ലീംലീഗിലെ ഒരു വിഭാഗം നേതാക്കള്‍ കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായി നൂര്‍ബീന റഷീദിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ ചില നേതാക്കള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങളെ വിളിച്ച് വനിതാ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാനികില്ലെന്ന് പറയുകയും ചെയ്തു. എന്നാല്‍ രാവിലെ ആയപ്പോള്‍ ചിത്രം മാറി. മണ്ഡലം പ്രസിഡണ്ട് എസ് വി ഉസ്മാന്‍ കോയ തന്നെ ഇക്കാര്യം വ്യക്തമാക്കി.

പ്രതിഷേധം അറിയിച്ച നേതാക്കളെല്ലാം ഒറ്റക്കെട്ടായി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഇങ്ങനെയൊരു പ്രതിഷേധത്തെക്കുറിച്ച് അറിയില്ലെന്നും നല്ല വിജയപ്രതീക്ഷയാണെന്നും നൂര്‍ബീന റഷീദ് പറഞ്ഞു. മുസ്ലീംലീഗിന്‍റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്ത് നൂര്‍ബീന റഷീദിലൂടെ നിലനിര്‍ത്താന്‍ ആകുമെന്ന ആത്മവിശ്വാസത്തിലാണ് ലീഗ് അണികളും നേതാക്കളും.