Asianet News MalayalamAsianet News Malayalam

ശബരിമലയിൽ മുഖ്യമന്ത്രി നയം വ്യക്തമാക്കണെമെന്ന് മുരളീധരൻ; ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്ന് എൻ വാസു

ശബരിമലയിലെ സമാധാന അന്തരീക്ഷം തകർക്കാനേ ഇപ്പോഴത്തെ ചർച്ചകൾ ഉപകരിക്കൂവെന്നാണ് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എൻ വാസുവിന്റെ പ്രതികരണം

N Vasu, K Muraleedharan response on Kanam Rajendran statement over Sabarimala row
Author
Sabarimala, First Published Mar 22, 2021, 11:34 AM IST

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ വാൾപയറ്റ് പരിപാടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ പ്രതികരണത്തെ ചൊല്ലി വാക്പോര് തുടരുന്നു. ശബരിമല വിഷയത്തിലെ ഇപ്പോഴത്തെ സർക്കാർ നിലപാടിൽ ആത്മാർത്ഥതയില്ലെന്നതിന്റെ തെളിവാണിതെന്ന് കെ മുരളീധരൻ പറഞ്ഞു. ശബരിമലയിലെ സമാധാന അന്തരീക്ഷം തകർക്കാനേ ഇപ്പോഴത്തെ ചർച്ചകൾ ഉപകരിക്കൂവെന്നാണ് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എൻ വാസുവിന്റെ പ്രതികരണം.

കെ മുരളീധരന്റെ പ്രതികരണം

നിലവിലെ സത്യവാങ്മൂലം മാറ്റില്ലെന്നാണ് കാനം രാജേന്ദ്രൻ പറഞ്ഞത്. യുവതികൾക്ക് ശബരിമല സന്ദർശനത്തിന് അംഗീകാരം ഇടത് സർക്കാർ നൽകിയ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിശ്വാസികളുടെ വോട്ടും വേണം നിലപാട് മാറ്റുകയുമില്ലെന്നാണ് അതിനർത്ഥം. അതാണ് സർക്കാർ നിലപാടിൽ ആത്മാർത്ഥതയില്ലെന്ന് ഞങ്ങൾ ഫറഞ്ഞത്. ഇതിനെതിരെ ജനവികാരം കേരളത്തിൽ ഉണ്ടാവും. പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ അവർ ഇതിന് മറുപടി പറയേണ്ടി വരും. അതുകൊണ്ട്, ഇപ്പോൾ അതിനെക്കുറിച്ച് പറയേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. അദ്ദേഹം നയം വ്യക്തമാക്കണം. ഞാണിന്മേൽ കളി ഇനി നടക്കില്ല. സർക്കാർ ആചാരവും അനുഷ്ടാനവും ലംഘിക്കാൻ കൂട്ടുനിൽക്കുകയാണെന്ന് കാനത്തിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

എൻ വാസു പറഞ്ഞത്

തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്ന നിലയിൽ ഈ വിഷയത്തിൽ ഒരഭിപ്രായം പറയുന്നില്ല. സംസ്ഥാന സർക്കാരാണ് സത്യവാങ്മൂലം സംബന്ധിച്ച് തീരുമാനിക്കേണ്ടത്. ശബരിമലയിൽ രണ്ട് മൂന്ന് വർഷമായി യാതൊരു പ്രശ്നവുമില്ല. സമാധാന അന്തരീക്ഷത്തിലാണ് ഉത്സവം നടക്കുന്നത്. ആചാര ലംഘനമോ അനിഷ്ട സംഭവമോ ഉണ്ടായെന്ന് പരാതി ഉണ്ടായിട്ടില്ല. കൊവിഡ് കാലത്ത് ശബരിമലയിൽ എത്തിയ ഭക്തർ സംതൃപ്തിയോടെയാണ് മടങ്ങിയത്. സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കുകയാണ്. ഇപ്പോൾ നടക്കുന്ന ചർച്ചകൾ അനാവശ്യമാണ്. ഇപ്പോൾ ശബരിമലയിൽ പ്രശ്നമില്ല. സർക്കാർ നിലപാട് എന്തായിരിക്കണമെന്ന് ദേവസ്വം ബോർഡിന് അഭിപ്രായമില്ല. നിലവിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനേ വിവാദം ഉപകരിക്കൂ. സുപ്രീം കോടതി നിലപാട് വന്നാലേ ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടതുള്ളൂ. ഞങ്ങളുടെ നിലപാട് ആ ഘട്ടത്തിൽ കോടതിയിൽ പറയും. സർക്കാർ നിലപാട് സർക്കാരും പറയും. 

Follow Us:
Download App:
  • android
  • ios