തൃശ്ശൂര്‍: പോസ്റ്റൽ വോട്ട് വേണ്ടന്ന് തീരുമാനിച്ച വയോധികന് വോട്ട് നഷ്ടമായി. ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പഴയന്നൂർ പൊറ്റ പനയംപാടത്ത് മാധവനാണ് (83) തന്റെ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായെന്ന് ആരോപിച്ച് രംഗത്ത് വന്നത്. ഇന്ന് രാവിലെയാണ് ഇദ്ദേഹം പൊറ്റ എസ്കെവിഎൽപി സ്കൂളിലെ ബൂത്ത് നമ്പർ 166എയിൽ സ്ലിപ്പുമായി വോട്ട് ചെയ്യാനെത്തിയത്. അപ്പോഴാണ് തന്റെ വോട്ട് പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയെന്ന് പ്രിസൈഡിങ് ഓഫീസര്‍ അറിയിച്ചതെന്ന് ഇദ്ദേഹം പറയുന്നു. എന്നാൽ മാധവൻ തനിക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ താത്പര്യമില്ലെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ബൂത്തിൽ നേരിട്ട് വോട്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും കാണിച്ച് ബിഎൽഒക്ക് രേഖാമൂലം എഴുതി നൽകിയിരുന്നു. ഈ രേഖ വില്ലേജ് ഓഫീസർക്ക് കൈമാറിയിരുന്നതായി ബിഎൽഒ അറിയിച്ചു. വോട്ട് നഷ്ടമായ മാധവൻ പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകി.