കേരളം കാത്തിരിക്കുന്ന നിര്‍ണായക ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയായേക്കും. 

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന നിര്‍ണായക ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയായേക്കും. സായുധസേനയുടെ സുരക്ഷയിൽ കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരിക്കുന്ന ഇലട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ രാവിലെ ആറ് മണിക്ക് പുറത്തെടുക്കുന്നതോടെ വോട്ടെണ്ണൽ നടപടികൾ തുടങ്ങും.

എട്ടുമണിക്ക് ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി നാലായിരം മുതൽ അയ്യായിരം വരെ തപാൽ വോട്ടുകളുണ്ട്. ഇവയെണ്ണാൻ അഞ്ച് മുതൽ എട്ട് വരെ മേശകൾ ക്രമീകരിച്ചു. എട്ടരക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങും. ഈ സമയം മുതൽ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്നാണ് കരുതുന്നത്.

80 വയസ്സ് പിന്നിട്ടവര്‍, കൊവിഡ് രോഗികള്‍ എന്നിവരുള്‍പ്പടെ അഞ്ച് ലക്ഷത്തിലേറെയാണ് ഇത്തവണ തപാല്‍ വോട്ട് ചെയ്തവരുടെ എണ്ണം. എട്ടരയോടെ സമാന്തരമായി വോട്ടിംഗ് മെഷിനുകളിലെ വോട്ടെണ്ണും. ഓരെ മണ്ഡലത്തിലേയും വോട്ടെണ്ണുന്നതിനായി മൂന്ന് ഹാളുകളിലായി 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്.ഒരു റൗണ്ടില്‍ 21 ബൂത്തുകളിലെ വോട്ടെണ്ണും.2,02602 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

പോസ്റ്റ്പോള്‍ സര്‍വ്വേ സൂചന അനുസരിച്ച് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച ഉറപ്പിക്കുന്നു. അതേസമയം സര്‍വ്വേ ഫലങ്ങളെ മറികടന്ന് ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഏഷ്യാനെറ്റ് സീഫോര്‍ പോസ്റ്റ്പോള്‍ സര്‍വ്വേയടക്കം ഭൂരിപക്ഷം സര്‍വ്വേകളും ഭരണത്തുടര്‍ച്ചയാണ് പ്രവചിക്കുന്നത്. ചില സര്‍വ്വേകളനുസരിച്ച് എല്‍ഡിഎഫിന് 100 സീറ്റിന് മുകളില്‍ ലഭിച്ചേക്കുമെന്നാണ് സൂചന.

സര്‍വ്വേഫലങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസത്തില്‍, വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. സര്‍വ്വേ ഫലങ്ങള്‍ തിരിച്ചടിയാണെങ്കിലും യുഡിഎഫ് അത് പുറത്ത് കാണിക്കുന്നില്ല. സര്‍ക്കാര്‍ വിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് തന്നെയാണ് യുഡിഎഫ് വിലയിരുത്തുന്നത്.

നേരിയ സീറ്റുകളുടെ ഭൂരിപക്ഷത്തിന് അധികാരത്തിലത്തൊമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. സര്‍വ്വേകള്‍ കാര്യമായ നേട്ടം പ്രവചിക്കുന്നില്ലെങ്കിലും ബിജെപിയും ശക്തമായി രംഗത്തുണ്ട്. സീറ്റ് നേട്ടം രണ്ടക്കം പിന്നിടുകയും ഇരു മുന്നണികള്‍ക്കും ഭൂരിപക്ശമില്ലാത്ത സാഹചര്യവും ഉണ്ടാകുമെന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തല്‍.

ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. വോട്ടെണ്ണി തുടങ്ങുന്നതു മുതല്‍ ഫല പ്രഖ്യാപനം വരെ ഓരോ മണ്ഡലത്തിലേയും തത്സമയ വിവരങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് ഏഷ്യാനെറ്റ് ന്യൂസ് വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭരണതുടര്‍ച്ചയോ, ഭരണമാറ്റമോ,കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.