സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്താനുള്ള ബാക്കി ആറുസീറ്റുകളിലും ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നും അതിലൊരു വനിതയുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

കോട്ടയം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച കെ സുധാകരന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക മികച്ചത്. ഏത് അവസരത്തിലാണ് സുധാകരന്‍റെ പ്രസ്താവന എന്നറിയില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്താനുള്ള ബാക്കി ആറുസീറ്റുകളിലും ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നും അതിലൊരു വനിതയുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തൃപ്തനല്ലെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം. സ്ഥാനാർത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായി. സ്ഥാനാർത്ഥിപ്പട്ടികയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാൻഡിന്‍റെ പേരിൽ കെസി വേണുഗോപാലും ഇഷ്ടക്കാർക്ക് സീറ്റ് നൽകി. ഹൈക്കമാൻഡിന്‍റെ പേരിലുള്ള തിരുകിക്കയറ്റൽ പതിവുള്ളതായിരുന്നില്ല. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയത്. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നുമായിരുന്നു സുധാകരന്‍റെ വിമര്‍ശനം.