എ ഗ്രൂപ്പ് നിലവിൽ പ്രചാരണങ്ങളിൽ നിന്നും വിട്ട് നിൽക്കുകയാണ്. നാളെയെത്തുന്ന ഉമ്മൻ ചാണ്ടിയിലാണ് എല്ലാ കണ്ണുകളും. എ വിഭാഗത്തിന് ഡിസിസി അധ്യക്ഷസ്ഥാനം നൽകുക. സജീവ് ജോസഫിന് ഈ ടേം മാത്രം എന്ന ഉറപ്പ് വാങ്ങുക ഇങ്ങനെ ഒരുപിടി ഫോർമുലകൾ ആലോചനയിലുണ്ട്.

കണ്ണൂ‌ർ: ഇരിക്കൂറിൽ ഗ്രൂപ്പ് തർക്കം നിലനിൽക്കെ സ്ഥാനാർത്ഥി സജീവ് ജോസഫ് നാമനിർദ്ദേശ പത്രിക നൽകി. എ ഗ്രൂപ്പ് പ്രതിഷേധം അവസാനിപ്പിക്കാനുള്ള അനുനയന ചർച്ചകൾക്കായി ഉമ്മൻ ചാണ്ടി നാളെ കണ്ണൂരെത്തും. സോണി സെബാസ്റ്റ്യന് സീറ്റ് നൽകാതിരുന്നതിന് ചരട് വലിച്ചത് താനാണെന്ന ആരോപണം കെസി വേണുഗോപാൽ നിഷേധിക്കുകയാണ്.

ഹൈക്കമാൻഡ് നോമിനിയായി എത്തിയ സജീവ് ജോസഫ് പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെ ഇന്ന് രാവിലെ പത്രിക നൽകി. പ്രമുഖരെയും മതസാമുദായിക നേതാക്കളെയും സന്ദർശിച്ച് പ്രചാരണവും തുടങ്ങി. എ ഗ്രൂപ്പ് നിലവിൽ പ്രചാരണങ്ങളിൽ നിന്നും വിട്ട് നിൽക്കുകയാണ്. നാളെയെത്തുന്ന ഉമ്മൻ ചാണ്ടിയിലാണ് എല്ലാ കണ്ണുകളും. എ വിഭാഗത്തിന് ഡിസിസി അധ്യക്ഷസ്ഥാനം നൽകുക. സജീവ് ജോസഫിന് ഈ ടേം മാത്രം എന്ന ഉറപ്പ് വാങ്ങുക ഇങ്ങനെ ഒരുപിടി ഫോർമുലകൾ ആലോചനയിലുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങൾ തെറ്റിച്ചത് കെസി വേണുഗോപാലാണെന്ന് പരസ്യ പ്രതികരണം നടത്തിയ കെ സുധാകരനുമായും ഉമ്മൻ ചാണ്ടി സംസാരിക്കും. 

അതേസമയം ഇരിക്കൂർ സീറ്റിൽ സ്ക്രീനിംഗ് കമ്മറ്റി ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിൽ തന്നെമാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്ന് കെസി വേണുഗോപാൽ ആരോപിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ വരവോടെ പരസ്യപ്രതിഷേധങ്ങൾ അവസാനിച്ചേക്കാം. പക്ഷെ സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തമ്മിലടി താഴെ തട്ടിലുള്ള പ്രവർത്തകരെ നിരാശരാക്കിയിട്ടുണ്ട്.