പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് - ബിജെപി കൂട്ടുക്കെട്ട് തെളിയിക്കാൻ വെല്ലുവിളിച്ച ഉമ്മൻചാണ്ടിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്തെ കൂട്ടുക്കെട്ടിനെ കുറിച്ച് അവിടെ 2016-ൽ മത്സരിച്ചു തോറ്റ വി.സുരേന്ദ്രൻപിള്ള തന്നെ വെളിപ്പെടുത്തിയിട്ടും ഇങ്ങനെയൊക്കെ ആരോപിക്കാൻ ഉമ്മൻചാണ്ടിക്ക് ഉളുപ്പ് ഉണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

എൽഡിഎഫിനാണ് ബിജെപിയുമായി ബന്ധമെന്നും ബാലശങ്കറിൻ്റെ ആരോപണം മറയ്ക്കാനാണ് മുഖ്യമന്ത്രി യുഡിഎഫ് - ബിജെപി രഹസ്യധാരണ ആരോപിക്കുന്നതെന്നും ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിണറായിക്ക് മുഖ്യമന്ത്രിയായി തുടര്‍ഭരണം, ബിജെപിക്ക് ഏഴോളം സീറ്റുകളിൽ വിജയം ഇതാണ് ഇരുകൂട്ടരും തമ്മിലുള്ള ധാരണയെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.  സർക്കാരിൻറെ ഓരോ  അഴിമതികളും പുറത്തു കൊണ്ടുവന്ന ചര്‍ച്ചയാക്കിയ പ്രതിപക്ഷ നേതാവിനെ പിന്നിലാക്കാൻ ആണ് പി ആർ ഏജൻസികളുടെ നീക്കമെന്നും അതാണ് സര്‍വ്വേകളിൽ കാണുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.