Asianet News MalayalamAsianet News Malayalam

'നിർണായകമായ വോട്ട്, വിവേകപൂർവ്വം രേഖപ്പെടുത്തണം'; നാടിന്‍റെ പ്രതിബദ്ധത തെളിയിക്കുന്നതാകണമെന്നും മുഖ്യമന്ത്രി

വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ പ്രചാരണ വസ്തുക്കൾ സമയബന്ധിതമായി നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എല്ലാവരും തങ്ങളുടെ ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി.

Pinarayi Vijayan on assembly election voting
Author
Thiruvananthapuram, First Published Apr 5, 2021, 7:53 PM IST

തിരുവനന്തപുരം: നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നുവെന്നും എല്ലാവരും വോട്ടവകാശം വിവേകപൂർണ്ണമായി രേഖപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ പ്രചാരണ വസ്തുക്കൾ സമയബന്ധിതമായി നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എല്ലാവരും തങ്ങളുടെ ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ ജാഗ്രത കാണിക്കണം. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത വിധത്തിലായിരിക്കണം അത് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും വോട്ടവകാശം വിവേകപൂർണ്ണമായി രേഖപ്പെടുത്തണം. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്.

പ്രചരണ രംഗത്ത് വലിയ ആവേശമാണ് ദൃശ്യമായത്. വ്യത്യസ്തങ്ങളായ പ്രചരണസാമഗ്രികൾ എല്ലാവരും ഉപയോഗിച്ചു. ബോർഡുകളും ബാനറുകളും തോരണങ്ങളും നാടാകെ നിരന്നിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ അവ സമയബന്ധിതമായി നീക്കം ചെയ്യുക എന്നതു വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ എല്ലാവരും തങ്ങളുടെ ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിലും ജാഗ്രത കാണിക്കണം. അത് പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ ആവുകയും വേണം.

നമ്മുടെ നാടിനെ ഹരിതകേരളമായി നമുക്ക് നിലനിർത്താം. വോട്ടെടുപ്പ് കഴിഞ്ഞാൽ ഇത് അനിവാര്യമായ കടമയായി ഏറ്റെടുക്കാം. നാടിന് വേണ്ടിയുള്ള ഈ മുൻകൈ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്ഥാനാർത്ഥികളിൽ നിന്നും ഉണ്ടാകണം എന്നഭ്യർത്ഥിക്കുന്നു.

Follow Us:
Download App:
  • android
  • ios