Asianet News MalayalamAsianet News Malayalam

പിറവത്തെ 'എൽഡിഎഫ്' സ്ഥാനാര്‍ത്ഥിയെ പുറത്താക്കി സിപിഎം, പേയ്മെന്റ് സീറ്റെന്ന് ജിൽസ്, മറുപടിയില്ലെന്ന് ജോസ്

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ഉഴവൂർ നോർത്ത് ബ്രാഞ്ച് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോൾ ജേക്കബിനെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയെന്നാണ് പ്രസ്താവന

 

piravom ldf candidate sindhumol jacob cpm kerala congress
Author
Kottayam, First Published Mar 11, 2021, 11:00 AM IST

കോട്ടയം: പിറവം നിയമസഭാ സീറ്റിലേക്കുള്ള സ്ഥാനാ‍ര്‍ത്ഥി നി‍ര്‍ണയവുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസിൽ പൊട്ടിത്തെറിയും സിപിഎമ്മിൽ പുറത്താക്കൽ നാടകവും. പിറവത്തെ കേരളാ കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാ‍ര്‍ത്ഥിയായ സിപിഎം നേതാവ് സിന്ധുമോൾ ജേക്കബിനെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കാണിച്ച് ഉഴവൂർ ലോക്കൽ കമ്മിറ്റി പ്രസ്താവന പുറത്തിറക്കി. 

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ഉഴവൂർ നോർത്ത് ബ്രാഞ്ച് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോൾ ജേക്കബിനെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയെന്നാണ് പ്രസ്താവന.

തങ്ങളോട് ചോദിക്കാതെ കേരളാ കോൺഗ്രസ് സിന്ധുവിനെ സ്ഥാനാർത്ഥിയാക്കിയെന്നതാണ് പ്രാദേശിക സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചത്. അതേ സമയം പ്രാദേശികമായ എതിർപ്പ് മാത്രമാണെന്നാണ് സിപിഎം കോട്ടയം ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്. 

എന്നാൽ പിറവത്തുണ്ടായ എതി‍ര്‍പ്പ് കാര്യമാക്കുന്നില്ലെന്ന് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാ‍ര്‍ത്ഥി സിന്ധുമോൾ ജേക്കബ്. സിപിഎം അംഗത്വം രാജി വെച്ച് കേരളാ കോൺഗ്രസിൽ ചേ‍ര്‍ന്ന് രണ്ടില ചിഹ്നത്തിൽ മത്സരിക്കും. പ്രശ്നങ്ങൾ പാർട്ടി പരിഹരിക്കും. ജിൽസ് പെരിയപ്പുറം  പാർട്ടിയോടാപ്പമുണ്ടാകുമെന്നാണ് കരുതുന്നത്. പിറവത്തെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്നും പേമൻറ് സീറ്റല്ലെന്നും സിന്ധുമോൾ ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

അതിനിടെ ജോസ് കെമാണിക്കെതിരെ രൂക്ഷ വിമ‍ശനവുമായി പിറവം സീറ്റ്‌ നിഷേധിച്ചതിനെ തുടർന്ന് കേരള കോൺഗ്രസ് വിട്ട ജിൽസ് പെരിയപ്പുറം രംഗത്തെത്തി. കൊടും ചതിയാണ് ജോസ് തന്നോട് ചെയ്തതെന്നും സീറ്റ് കച്ചവടത്തിന് ജോസ് ശ്രമിക്കുകയാണെന്നും ജിൽസ് ആരോപിച്ചു. സിന്ധുമോളെ ചുമക്കേണ്ട ഗതികേട് പിറവിത്തിനില്ല. പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയെന്നത് നാടകമാണ്. സിപിഎം പുറത്താക്കിയ ആൾക്ക് വേണ്ടി പിറവത്ത് എങ്ങനെ സിപിഎം പ്രവ‍ര്‍ത്തക‍ര്‍ പ്രചാരണത്തിനിറങ്ങുമെന്നും ജിൽസ് ചോദിച്ചു. സ്ഥാനാര്‍ത്ഥിയായി നിൽക്കാൻ പണം വേണമെന്ന് ജോസ് കെ മാണി പറഞ്ഞു. എൻ്റെ കയ്യിൽ പണമില്ല, അതാണ് പ്രശ്നം. പാര്‍ട്ടി വിട്ടെങ്കിലും തൽക്കാലം എങ്ങോട്ടേക്കുമില്ല. പിജെ ജോസഫ് വിഭാഗം ക്ഷണിച്ചിട്ടുണ്ട്. പക്ഷേ നിലവിലെങ്ങോട്ടുമില്ലെന്നും ജിൽസ് വ്യക്തമാക്കി. 

എന്നാൽ പിറവത്തേത്  പേയമെന്റ് സീറ്റെന്ന ജിൽസ് പെരിയപ്പുറത്തിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. പിറവത്ത് രണ്ടില ചിഹ്നത്തിൽ കേരളാ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി സിന്ധുമോൾ ജേക്കബ്  മത്സരിക്കുമെന്നും ജോസ് കെ മാണി ആവ‍ര്‍ത്തിച്ചു. 

Follow Us:
Download App:
  • android
  • ios