Asianet News MalayalamAsianet News Malayalam

ശരണം വിളിച്ച് മോദി, ശ്രീധരൻ 'ഗെയിം ചേഞ്ചർ', ബിജെപിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാറെന്നും പ്രധാനമന്ത്രി

അടിയന്തിരാവസ്ഥക്കെതിരെ വിവിധ ആശയത്തിൽ വിശ്വസിച്ചവർ ഒന്നിച്ചു. സമാനമായ വികാരമാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. ബിജെപിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാറായി ക്കഴിഞ്ഞു

pm Narendra modi kerala pathanamthitta visit election campaign bjp
Author
Kerala, First Published Apr 2, 2021, 2:51 PM IST

പത്തനംതിട്ട: ശബരിമല വിഷയം ഉയർത്തി കോന്നിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇടതു സർക്കാർ അയ്യപ്പഭക്തരെ ആക്രമിച്ചെന്നും പുണ്യ കേന്ദ്രങ്ങൾ തകർക്കാൻ ഏജന്റുമാരെ വിടുകയാണെന്നും മോദി പറഞ്ഞു. ശരണം വിളികളോടെയാണ് കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം നരേന്ദ്രമോദി ആരംഭിച്ചത്. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകൾ പറഞ്ഞ് തുടങ്ങിയ അദ്ദേഹം  അയ്യപ്പഭഗവാന്റെ ആത്മീയതയുടെ മണ്ണിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. 

പ്രസംഗത്തിലുടനീളം കേരളത്തിലെ യുഡിഎഫ് -എൽഡിഎഫ് മുന്നണികളെ രൂക്ഷ ഭാഷയിൽ വിമർശിച്ച നരേന്ദ്രമോദി കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറിയെന്നും ജനങ്ങൾ എൻഡിഎ ഭരണത്തെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞെന്നും പറഞ്ഞു. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് അടക്കമുള്ളവരുമായി എൽഡിഫ്- യുഡിഫ് ധാരണ ഉണ്ടാകുകയാണ്. സോളാർ, സ്വർണ്ണക്കടത്ത്, ബാർക്കോഴ എന്നിവ ഉന്നയിച്ച മോദി ഇരു മുന്നണികളും ചേർന്ന് എല്ലാ മേഖലയും കൊള്ളയടിക്കുകയാണെന്നും കുറ്റപ്പെടുത്തി. 

അടിയന്തിരാവസ്ഥക്കെതിരെ വിവിധ ആശയത്തിൽ വിശ്വസിച്ചവർ മുമ്പ് ഒന്നിച്ചു. സമാനമായ വികാരമാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. ബിജെപിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാറായിക്കഴിഞ്ഞു. ദില്ലിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവർ കേരളത്തിലെ ജനക്കൂട്ടം കാണുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.  

'ജനങ്ങൾ എൽഡിഎഫ്- യുഡിഫ് മുന്നണികളെ വേണ്ടെന്ന് തീരുമാനിച്ചു കഴിഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു. കേരളത്തിൽ പ്രെഫഷണലുകൾ ബിജെപിയിലേക്ക് കടന്നു വരുന്നു'. മെട്രോമാൻ ഇ ശ്രീധരൻ അടക്കം ഇതിന്  ഉദാഹരണമാണെന്ന് പറഞ്ഞ അദ്ദേഹം ഇ ശ്രീധരൻ കേരളാ രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്നയാളാകുമെന്നും കൂട്ടിച്ചേർത്തു. 

നിഷ്ക്കളങ്കരായ ഭക്തർ ക്രിമിനലുകളല്ല. ഭാരതീയ സംസ്ക്കാരത്തെ തെറ്റായി ചിത്രീകരിച്ചു. നാടിന്റെ സംസ്ക്കാരത്തെ ചവിട്ടി മെതിക്കാൻ അനുവദിക്കില്ല. എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് ബിജെപിയുടെ കാഴ്ചപ്പാട്. 

കമ്മ്യൂൂണിസം കാട്ടുതീ പോലെയാണ്. എല്ലാവരേയും വിഴുങ്ങിക്കളയും. ലോകം തള്ളിയ പ്രത്യയ ശാസ്ത്രമാണെന്ന് പരിഹസിച്ച മോദി കമ്യൂണിസ്റ്റുകാരുടെ കള്ളങ്ങൾ അധികകാലം വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രധാനമന്ത്രിയുടെ വാക്കുകൾ 

ദേശീയ ജനാധിപത്യ സഖ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു. കേരളം മാറുന്നതിന്റെ സൂചനയാണിത്. കേരളം ഇത്തവണ തീരുമാനിച്ചിരിക്കുന്നത് എൻഡിഎ ഭരണം ആണ്. കേരളത്തിൽ എൽഡിഎഫും യുഡിഫും 7 തെറ്റുകൾ ചെയുന്നു. ഇരു മുന്നണികളും അഹങ്കാരികൾ ആയിരിക്കുന്നു. രണ്ട് മുന്നണികൾക്കും പണത്തിനോടാണ് കൂടുതൽ ആഗ്രഹം. എൽഡിഎഫും യുഡിഎഫും പരസ്പരം അഴിമതി നടത്താൻ മത്സരിക്കുന്നു. സോളാർ, സ്വർണം, ഭൂമി തുടങ്ങി എല്ലാ മേഖലയും കൊള്ളയടിക്കുന്നു. സ്വന്തം നാട്ടിലെ വിശ്വാസികളോട് ലാത്തി കൊണ്ട് നേരിടുന്ന ഭരണകൂടം വേറെ എവിടെയുണ്ടെന്ന് അദ്ദേഹം ചോദിച്ചു.

ഒരു മുന്നണി ഉണ്ടാക്കുന്നതിനേക്കാൾ അധികം പണം ഉണ്ടാക്കാൻ മറ്റേ മുന്നണി മത്സരിക്കുകയാണ്. വർഗീയ ശക്തികൾ അടക്കമുള്ളവരുമായി സഖ്യം ഉണ്ടാക്കി അധികാരത്തിൽ എത്താൻ ശ്രമിക്കുന്നു. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് അടക്കമുള്ളവരുമായി എൽഡിഫ്- യുഡിഫ് ധാരണ ഉണ്ടാകുന്നു. 

കേരളത്തിൽ കുടുംബാധിപത്യ രാഷ്ട്രീയമാണ് നടക്കുന്നത്. പ്രമുഖ നേതാക്കളുടെ മക്കളുടെ പ്രവർത്തനങ്ങളും അതിന്റെ തെളിവാണ്. ഇടത് പക്ഷത്തെ ഒരു നേതാവിന്റെ മകന്റെ കുറച്ചു നാളുകളായുള്ള അവസ്ഥ കാണണമെന്ന് ബിനീഷ് കോടിയേരിയെ ഉദ്ദേശിച്ച് മോദി പറഞ്ഞു. വികസനോൻമുഖ അജണ്ടയ്ക്കാണ് എൻഡിഎ ശ്രമം. വിനോദ സഞ്ചാര മേഖല വളർത്തിയെടുക്കാൻ കേരളത്തിനായിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. 

കേരളത്തിന്റെ സംസ്കാരത്തെ എൽഡിഎഫ് ആക്ഷേപിച്ചു. കേരളത്തിലെ പുണ്യ കേന്ദ്രങ്ങൾ തകർക്കാൻ ഇടത് പക്ഷം ഏജന്റുമാരെ ഉപയോഗിച്ചു. അയ്യപ്പ ഭക്തരെ ലാത്തി ഉപയോഗിച്ച് അടിച്ച സർക്കാരാണിത്. ഭക്തർ കുറ്റവാളികൾ അല്ല. ഇടതു പക്ഷത്തിന്റെ കള്ളത്തരങ്ങൾ അധികനാൾ വില പോകില്ലെന്നും ഇറക്കു മതി ചെയ്ത പ്രത്യയ ശാസ്ത്രത്തിന്റെ പേരിൽ നാടിന്റെ സംസ്കാരത്തെ തകർക്കാൻ കഴിയില്ലെന്നും നാടിന്റെ സംസ്കാരത്തെ തകർക്കാനുള്ള നീക്കങ്ങളെ ബിജെപി പ്രവർത്തകർ ചെറുത്‌ തോൽപ്പിക്കും. ജല ജീവൻ മിഷൻ അടക്കം കേന്ദ്രവികസന പദ്ധതികൾ ക്രെഡിറ്റ്ന്റെ പേരിൽ സംസ്ഥാനം  മുടക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

 

Follow Us:
Download App:
  • android
  • ios