Asianet News MalayalamAsianet News Malayalam

മന്‍സൂറിന്‍റേത് രാഷ്ട്രീയക്കൊലയെന്ന് പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം, പിന്നില്‍ സിപിഎമ്മെന്ന് മുസ്ലിം ലീഗ്

ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂറ്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

police on kuthuparamba mansoor muder
Author
Kannur, First Published Apr 7, 2021, 11:45 AM IST

കണ്ണൂര്‍: കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവർത്തകന്‍ മന്‍സൂറിന്‍റേത് രാഷ്ട്രീയക്കൊലയെന്ന് പൊലീസ്. 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആർ ഇളങ്കോ അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മന്‍സൂറിന്‍റെ അയല്‍വാസി ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.  

ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂറ്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് തന്നെ ആക്രമിച്ചതെന്ന് കണ്ണൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിന്‍ പറയുന്നു. ഇരുപതംഗ ഡിവൈഎഫ്ഐ സംഘമാണ് ആക്രമിച്ചത്. തന്നെ മര്‍ദ്ദിക്കുന്നത് കണ്ടാണ് സഹോദരന്‍ ഓടിയെത്തിയതെന്നും അക്രമികളെ പരിചയമുണ്ടെന്നും മുഹ്സിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹ്സിന്‍ കോഴിക്കോട് ചികിത്സയിലാണ്. കൺമുന്നിൽ വച്ചാണ് മകനെ വെട്ടി കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട മുഹ്സിൻ്റെ പിതാവ് അബ്ദുള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു വലിയ സംഘമെത്തി മൂത്ത മകനെ വലിച്ചിറക്കി. തടയാൻ ചെന്ന ഇളയ മകനെ വെട്ടുകയായിരുന്നുവെന്നും അബ്ദുള്ള പറയുന്നു. 

കൊലപ്പെട്ട മൻസൂറിൻ്റെ സഹോദരൻ മുഹ്സിൻ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജൻ്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സിപിഎം കേന്ദ്രങ്ങളിൽ മുസ്ലീം ലീഗ് പ്രവർത്തകർ ആളുകളെ ഓപ്പൺ വോട്ട് ചെയ്യിക്കാൻ എത്തിച്ചതിനെ സിപിഎം പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം തുടങ്ങിയത്. പിന്നാലെ കടവത്തൂർ ഭാഗത്തെ 150,149 ബൂത്തുകളിൽ വലിയ തോതിലുള്ള വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. പോളിംഗിനിടെ തന്നെ മുഹ്സിന് നേരെ ഭീഷണിയുണ്ടായിരുന്നു. വൈകിട്ട് പോളിംഗ് കഴിഞ്ഞ് മുഹ്സിൻ വീട്ടിലേക്ക് പോകുന്നതിനിടെ ഒളിച്ചിരുന്ന അക്രമിസംഘം ബോംബ് എറിഞ്ഞ ശേഷം വെട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഈ ആക്രമണത്തിനിടെ മുഹ്സിൻ്റെ സഹോദരനായ മൻസൂറിനും വെട്ടേൽക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അർധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ബോംബേറിൽ ഒരു സ്ത്രീക്കും പരിക്കേറ്റു. മൻസൂറിൻ്റെ കൊലയിൽ പ്രതിഷേധിച്ച് കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. 
 

Follow Us:
Download App:
  • android
  • ios