കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ പറവൂരിൽ പോസ്റ്റർ. വി ഡി സതീശൻ്റെ കയ്യിൽ നിന്നും പണം വാങ്ങി ദുർബല സ്ഥാനാർത്ഥിയെ നിർത്തി പി രാജുവിൻ്റെ കുതിര കച്ചവടം, പറവൂരിൽ വി ഡി സതീശനെ ജയിപ്പിക്കാൻ രാജുവിന് എന്താണ് ഇത്ര വാശി, ഇടതു പക്ഷത്തെ ഒറ്റുന്ന വർഗ വഞ്ചകൻ രാജുവിനെ നേതൃത്വം തിരിച്ചറിയുക തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. സേവ് സിപിഐ എന്ന പേരിൽ ഏഴിക്കര, വടക്കേക്കര, തുരുത്തിപ്പുറം എന്നിവിടങ്ങളിലാണ് പോസ്റ്റർ പതിച്ചത്. സിപിഐയുടെ സീറ്റ്‌ ആയ പറവൂരിൽ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

നിയമസഭയിൽ എന്നും സിപിഎമ്മുമായി കൊമ്പ്കോർക്കാറുള്ള വി ഡി സതീശനെ ഇത്തവണ പറവൂരിൽ വീഴ്ത്തേണ്ടത് സിപിമ്മിന്‍റെ ആവശ്യമാണ്. രണ്ട് വട്ടം എംഎൽഎ ആയ പി രാജുവിനെ വീഴ്ത്തി 2001ലാണ് മണ്ഡലത്തിൽ വി ഡി സതീശൻ യാത്ര തുടങ്ങിയത്. പിന്നെ മൂന്ന് തെരഞ്ഞെടുപ്പിലും സതീശന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഇതിനിടെ സിപിഐ സംസ്ഥാന നേതാവ് പന്ന്യൻ രവീന്ദ്രനെവരെ മണ്ഡലത്തിൽ ഇറക്കിയെങ്കിലും സതീശനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. 2016 ൽ പി കെ വാസുദേവൻ നായരുടെ മകൾ ശാരദ മോഹനനെ 20, 634 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സതീശൻ തോൽപ്പിച്ചത്.