ജയസാധ്യതയുള്ളതായി പാർട്ടി വിലയിരുത്തുന്ന ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസിനെതിരെ റിബൽ വരുന്ന സാഹചര്യം ഒഴിവാക്കാൻ കോൺഗ്രസ് നേതൃത്വം ഇടപെടണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു കഴിഞ്ഞു.
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് വിമത സ്ഥാനാർത്ഥിയാകുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ ഏറ്റുമാനൂരിൽ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കടുത്ത അതൃപ്തിയിൽ. കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ലതികയെ പിന്തിരിപ്പിക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.
കോൺഗ്രസിന് എതിരെയാണ് വിമർശനമെങ്കിലും ലതിക സുഭാഷിന്റെ മത്സരം ബാധിക്കുക യുഡിഎഫിലെ ഘടകകക്ഷിയായ ജോസഫ് ഗ്രൂപ്പിനെയാണ്. ലതികയുടെ പ്രതിഷേധത്തോട് കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ നടത്തിയ പ്രതികരണം പ്രശ്നം കൂടുതൽ വഷളാക്കിയതായാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ.
അതേ സമയം ഏറ്റുമാനൂരിലെ മത്സരത്തിൽ നിന്നും പിൻമാറില്ലെന്ന് ലതികാ സുഭാഷ് ആവർത്തിച്ചു. വിജയിക്കുമെന്ന് പ്രതീക്ഷയെന്നും ലതിക പ്രതികരിച്ചു. ഇന്ന് മുതൽ പ്രചാരണം സജീവമാക്കാനാണ് തീരുമാനം. ഇവർക്കൊപ്പം ഒരു വിഭാഗം പ്രവർത്തകരുമുണ്ടെന്നത് കോൺഗ്രസിന് തലവേദനയാണ്.
ജയസാധ്യതയുള്ളതായി പാർട്ടി വിലയിരുത്തുന്ന ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസിനെതിരെ റിബൽ വരുന്ന സാഹചര്യം ഒഴിവാക്കാൻ കോൺഗ്രസ് നേതൃത്വം ഇടപെടണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു കഴിഞ്ഞു. കേരള കോൺഗ്രസിന് അനുവദിച്ച സീറ്റിൽ നിർഭയം മത്സരിക്കുമെന്നാണ് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസിന്റെ പ്രതികരണം. ലതികയുടെ പ്രശ്നങ്ങൾ കോൺഗ്രസ് പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നും പ്രിൻസ് ലൂക്കോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
