കണ്ണൂര്‍: ഇരിക്കൂറിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡിന്‍റെ ഇടപെടലോടെ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയ സജീവ് ജോസഫിനെതിരായ പ്രതിഷേധം അടങ്ങുന്നില്ല. സജീവിനെ മാറ്റി സോണി സെബാസ്റ്റ്യനെ സ്ഥാനാർത്ഥി ആക്കണമെന്നാവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എ വിഭാഗം നേതാക്കൾ. ഇത് അംഗീകരിച്ചില്ലെങ്കിൽ വിമത സ്ഥാനാർത്ഥിയെ നിർത്തണമോ എന്നതടക്കം തീരുമാനിക്കാൻ എ വിഭാഗം പതിനഞ്ചംഗ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്.

കണ്ണൂരിൽ നിന്ന് മടങ്ങിയ എം എം ഹസനും കെ സി ജോസഫും ഇന്ന് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പ്രശ്നത്തിന്റെ ഗൗരവം ധരിപ്പിക്കും. കണ്ണൂർ ഡിസിസി അധ്യക്ഷ പദവി എ വിഭാഗത്തിന് നൽകി സുധാകരന് താത്പര്യമുള്ളയാളെ മറ്റൊരു ജില്ലയിൽ അധ്യക്ഷനാക്കാം എന്ന ഫോർമുലയും ചർച്ചയിലുണ്ട്.

അതേസമയം, പ്രതിഷധങ്ങൾക്ക് ചെവി കൊടുക്കാതെ നാളെ നാമനിർദ്ദേശ പത്രിസമർപ്പിച്ച് പ്രചാരണവുമായി മുന്നോട്ട് പോകാനാണ് സജീവ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ഇരിക്കൂര്‍ സീറ്റിനെ ചൊല്ലിയുണ്ടായ പ്രതിസന്ധി രമ്യമായി പരിഹരിക്കാന്‍ ആകുമെന്നായിരുന്നു സ്ഥാനാര്‍ത്ഥി സജീവ് ജോസഫ്  ഇന്നലെ പ്രതികരിച്ചത്. 

കെ സുധാകരന് തന്നോട് ഒരു എതിർപ്പുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു. എന്നാല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് സോണി സെബാസ്റ്റ്യന്‍. ഡിസിസി അധ്യക്ഷ പദവി എന്ന ഫോർമുല അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 കെ സി വേണുഗോപാലിന്‍റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഹൈക്കമാൻഡ് നോമിനിയായി സജീവ് ജോസഫ് ഇരിക്കൂറിൽ സ്ഥാനാർത്ഥി ആയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സീറ്റ് പ്രതീക്ഷിച്ച കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനടക്കം ജില്ലയിലെ അൻപതോളം എ ഗ്രൂപ്പ് നേതാക്കൾ കൂട്ടരാജി നൽകി.

ഇരിക്കൂർ കൂടി നഷ്ടപ്പെട്ടതോടെ ജില്ലയിൽ എ വിഭാഗത്തിന് എംഎല്‍എമാരില്ലാത്ത സ്ഥിതിയാകും. ഇരിക്കൂറിന് പുറമെ കണ്ണൂർ, പേരാവൂർ മണ്ഡലങ്ങളിലും ഗ്രൂപ്പ് യോഗങ്ങൾ വിളിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ട് നിൽക്കാനാണ് എ ഗ്രൂപ്പ് ആലോചന. കെസി വേണുഗോപാലിന്‍റെ കൈകടത്തലില്‍ ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിഞ്ഞതിൽ കടുത്ത അമർഷത്തിലാണ്  സുധാകരൻ.