വയനാട്ടില്‍ രാഹുല്‍ വന്നിരിക്കുന്നത് വിനോദ സഞ്ചാരിയായെന്നും കോണ്‍ഗ്രസിന് വയനാട് വോട്ട് ബാങ്ക് മാത്രമാണെന്നും അമിത് ഷായുടെ പരാമര്‍ശം. 

വയനാട്: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷപരിഹാസവുമായി ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. പതിനഞ്ച് കൊല്ലം അമേഠിയില്‍ ഒന്നും ചെയ്യാതെയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയതെന്നാണ് അമിത് ഷായുടെ പരിഹാസം. 

വയനാട്ടില്‍ രാഹുല്‍ വന്നിരിക്കുന്നത് വിനോദ സഞ്ചാരിയായെന്നും കോണ്‍ഗ്രസിന് വയനാട് വോട്ട് ബാങ്ക് മാത്രമാണെന്നും അമിത് ഷാ പരിഹസിച്ചു. വയനാട്ടിലെ മീനങ്ങാടിയിൽ ആദിവാസി ജനാധിപത്യരാഷ്ട്രീയ സഭ നേതാവ് സികെ ജാനുവിന് വേണ്ടി പ്രചാരണം നടത്തവേയാണ് അമിത്ഷായുടെ പരിഹാസം. 

മുൻ യുപിഎ സർക്കാർ വികസനത്തിന് പകരം 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ച് കേരളത്തിന്‍റെ വികസനം നഷ്ടപ്പെടുത്തി. ഇരുകൂട്ടരും സംസ്ഥാനത്ത് പ്രീണന രാഷ്ട്രീയം ആണ് നടപ്പിലാക്കുന്നത്. കേരളത്തിൽ പോരടിക്കുന്ന ഇവർ ബംഗാളിൽ ഒരുമിച്ച് നിൽക്കുന്നെന്നും അമിത് ഷാ പരിഹസിച്ചു.