കൊവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധിയുടെ നേമത്തെ പ്രചാരണം റദ്ദാക്കിയത്. 

തിരുവനന്തപുരം: പ്രിയങ്ക ഗാന്ധിക്ക് പകരം പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നേമത്ത് എത്തും. ശനിയാഴ്ച രാവിലെ കോഴിക്കോട് എത്തുന്ന രാഹുൽ ഞായറാഴ്ച വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തും. ശനിയാഴ്ച കോഴിക്കോടും കണ്ണൂരുമാണ് രാഹുലിന് പ്രചരണ പരിപാടികളുണ്ടാകുക. ഞായറാഴ്ച അഞ്ച് മണിക്ക് പൂജപ്പുരയിൽ നടക്കുന്ന പ്രചരണയോഗത്തിലാകും നേമം സ്ഥാനാ‍ർത്ഥി കെ മുരളീധരന് വേണ്ടി കോൺഗ്രസ് മുൻ അധ്യക്ഷൻ വോട്ട് ചോദിക്കുക.

കൊവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധി നേമത്തെ പ്രചാരണം റദ്ദാക്കിയത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോവുകയായിരുന്നു. കൊവിഡ് പരിശോധനയില്‍ നെഗറ്റീവാണെങ്കിലും മൂന്ന് നാല് ദിവസം താന്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് ദൃശ്യസന്ദേശത്തിലൂടെ പ്രിയങ്ക ഗാന്ധി അറിയിച്ചു. 

ഇന്ന് അസമിലും തുടര്‍ന്ന് തമിഴ്നാട്ടിലും പ്രചാരണം നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രിയങ്ക ഗാന്ധി നാളെ വൈകിട്ടോടെ തിരുവനന്തപുരത്തെത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൊട്ടിക്കലാശ ദിവസം നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ പ്രചാരണം നടത്താനായിരുന്നു പദ്ധതി.