Asianet News MalayalamAsianet News Malayalam

'തനിക്കെതിരെയുള്ള പരാതി സ്വഭാവികം'; ലതിക സുഭാഷിന്‍റെ പ്രതിഷേധം ശരിയില്ലെന്നും ചെന്നിത്തല

സിപിഎമ്മുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിലെ പ്രതിഷേധം ചെറുതാണ്. വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി പാർട്ടി പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല.

ramesh chennithala against lathika subhash
Author
Kozhikode, First Published Mar 15, 2021, 9:00 AM IST

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ലെങ്കിൽ ഉടൻ പ്രതിഷേധിക്കുന്ന രീതി ശരിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അർഹരായ എല്ലാവർക്കും സീറ്റ് കിട്ടിയെന്ന് വരില്ല. സിപിഎമ്മുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിലെ പ്രതിഷേധം ചെറുതാണ്. വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി പാർട്ടി പരിശോധിക്കുമെന്നും ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തനിക്കെതിരെയുള്ള പരാതി സ്വഭാവികമാണെന്നെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ ഗ്രൂപ്പ് വഴക്കുകളില്ലാതെ കടുപിടുത്തങ്ങളില്ലാതെ എല്ലാവരുമായി ചര്‍ച്ച ചെയ്തശേഷമാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയുടെ മനസ്സ് എന്താണെന്ന് വായിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി ആസ്ഥാനത്തിന് മുന്നിലെ ലതിക സുഭാഷിന്‍റെ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം ശരിയായ നടപടി ആയിരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഈ പ്രതിഷേധങ്ങളെല്ലാം രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്നും കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകരെല്ലാം ഒറ്റക്കെട്ടായി ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു.

അവശേഷിക്കുന്ന ആറ് സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് വൈകീട്ടോ നാളെയോ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ലതിക സുഭാഷിനെ തിരിച്ചുകൊണ്ടുവരാന്‍ ബിന്ദു കൃഷ്ണയെയും ഷാനി മോള്‍ ഉസ്മാനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഏറ്റുമാനൂരില്‍ മാത്രമേ മത്സരിക്കൂ എന്ന് പറഞ്ഞതിനാലാണ് പ്രശ്നമായതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios