Asianet News MalayalamAsianet News Malayalam

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ; പരിഗണിച്ചത് ജയസാധ്യതയെന്ന് ദേശീയ നേതൃത്വം, പ്രചാരണം ശബരിമലയിൽ ഊന്നി

ബിജെപിയുടെ തെരഞ്ഞെടുപ്പ് സമിതിയോഗം ഇന്ന് വൈകീട്ട് ചേരുന്നുണ്ട്. അതിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

sobha surendran bjp candidate kazhakkuttam
Author
Delhi, First Published Mar 17, 2021, 11:08 AM IST

ദില്ലി: ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കുമന്ന് ഉറപ്പായി. എൻഡിഎ സ്ഥാനാര്‍ത്ഥി ശോഭ തന്നെയാണെന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത് . കഴക്കൂട്ടം അടക്കം നാല്  മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഏറെ ചര്‍ച്ചകൾക്ക് ഒടുവിൽ കഴക്കൂട്ടം മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വിജയ സാധ്യത മാത്രമാണ് പരിഗണിച്ചതെന്നും ദേശീയ നേതൃത്വം വ്യക്തമാക്കുന്നു. 

ശബരിമല പ്രശ്നത്തിൽ ഊന്നി കഴക്കൂട്ടത്ത് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ശോഭാ സുരേന്ദ്രന്‍റെ വരവോടെ ശക്തമായ ത്രികോണ പോരിനാണ് കഴക്കൂട്ടത്ത് കളമൊരുങ്ങുന്നത്. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ എസ്എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തിൽ സജീവമാണ്. 

ആദ്യഘട്ട പട്ടികയിൽ ശോഭാ സുരേന്ദ്രന്‍റെ പേര് ഇല്ലായിരുന്നു. കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ അവകാശവാദവും വിലപ്പോയില്ല. ഏറെ ചര്‍ച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും ഒടുവിലാണ്  ശോഭാ സുരേന്ദ്രനെ ദേശീയ നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ത്ഥിയാക്കുന്നത് . 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം ബിജെപി ആസ്ഥാനത്ത് നിന്നാണ് ശോഭ സുരേന്ദ്രന് ഉറപ്പുകിട്ടിയത്. മണ്ഡലത്തിൽ പോയി പ്രചരണം തുടങ്ങാനും ഇതിനകം നിർദ്ദേശം കിട്ടിയിട്ടുണ്ട്. തുഷാർവെള്ളാപ്പള്ളിയെ ഇറക്കി ശോഭാ സുരേന്ദ്രനെ വെട്ടാനുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും അവസാന നീക്കവും ഇതോടെ പാളുകയാണ്

 

Follow Us:
Download App:
  • android
  • ios