പാര്‍ട്ടി അച്ചടക്കത്തിന്‍റെ സകല അതിരുകളും ഭേദിച്ച് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി പ്രതിഷേധിച്ചത് സിപിഎമ്മിന് പുതിയ അനുഭവമാണ്.

കോഴിക്കോട്: കുറ്റ്യാടി സിപിഎമ്മിലെ പൊട്ടിത്തെറി വടകര താലൂക്കിലെ മൂന്നു മണ്ഡലങ്ങളിയെും ഇടതുമുന്നണിയുടെ പ്രകടനത്തെ ബാധിച്ചേക്കും. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കാനുളള തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് അണികളുടെ മുന്നറിയിപ്പ്. സിപിഎമ്മിലെ ഭിന്നത കാര്യങ്ങള്‍ അനുകൂലമാക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

പാര്‍ട്ടി അച്ചടക്കത്തിന്‍റെ സകല അതിരുകളും ഭേദിച്ച് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി പ്രതിഷേധിച്ചത് സിപിഎമ്മിന് പുതിയ അനുഭവമാണ്. അതും പാര്‍ട്ടി സംഘടനാ സംവിധാനം ഏറ്റവും ശക്തമായ കുറ്റ്യാടി പോലൊരു മേഖലയില്‍. വീടുകയറിയും പിരിവെടുത്തും പോസ്റ്റര്‍ ഒട്ടിച്ചും മുന്നണിയെ വിജയത്തിലേക്ക് നയിക്കേണ്ട താഴെ തട്ടിലെ പ്രവര്‍ത്തകരും നേതാക്കളുമാണ് മുന്നണി തീരുമാനത്തെ തെരുവില്‍ വെല്ലുവിളിക്കുന്നത്. 

പ്രതിഷേധം കണ്ട് തീരുമാനം മാറ്റില്ലന്ന് പാര്‍ട്ടി വ്യക്തമാക്കിയതോടെ ഈ മേഖലയിലെ തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന ചോദ്യമാണ് ഉയരുന്നത്. നിലവിലെ ധാരണയനുസരിച്ച് വടകര താലൂക്കിനു കീഴിലുളള വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ അണികള്‍ക്കാവില്ല. വടകര എൽജെഡിക്കും കുറ്റ്യാടി കേരള കോണ്‍ഗ്രസിനും നാദാപുരം സിപിഐയ്ക്കുമാണ് എൽഡിഎഫ് കൊടുത്തത്. ഘടക കക്ഷികളുടെ ശക്തി നോക്കാതെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളെല്ലാം അവര്‍ക്ക് തീറെഴുതിക്കൊടുത്തത് എന്ത് തീരുമാനമെന്ന് അണികള്‍ ചോദിക്കുന്നു.

കുറ്റ്യാടി സീറ്റിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെത്തുടര്‍ന്ന് ഉടലെടുത്ത ആഭ്യന്തര പ്രശ്നങ്ങളും ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണമായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രണ്ട് വട്ടം എംഎല്‍എയായ കെകെ ലതികയ്ക്ക് മൂന്നാം വട്ടവും സീറ്റ് നല്‍കുന്നതിനു പകരം കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ പരിഗണിക്കണമെന്നതായിരുന്നു താഴെത്തട്ടിലെ അഭിപ്രായം. എന്നാല്‍ നേതൃത്വം ഈ തീരുമാനത്തിന് വഴങ്ങിയില്ല. ഒടുവിൽ ഫലം വന്നപ്പോൾ കെ.കെ ലതികയ്ക്ക് 1157 വോട്ടിന്‍റെ തോല്‍വി. 

ലതികയുടെ തോല്‍വിക്കു കാരണക്കാരായ കുറ്റ്യാടിയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് കണക്കുതീര്‍ക്കാനെന്ന നിലയിലാണ് ജില്ലാ നേതൃത്വം ഈ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഏതായാലും കഴിഞ്ഞ തവണ കുറ്റ്യാടിയില്‍ കഷ്ടിച്ച് കടന്നുകൂടിയ മുസ്ലീം ലീഗിലെ പാറയ്ക്കല്‍ അബ്ദുളളയ്ക്ക് ഈ കാഴ്ചകളെല്ലാം സന്തോഷം നൽകുന്നതാണ്.