Asianet News MalayalamAsianet News Malayalam

'ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി'; സ്വപ്‍നയുടെ മൊഴിയുടെ വിശ്വാസ്യത എന്തെന്ന് എസ്ആര്‍പി

കസ്റ്റംസ് കമ്മീഷണറുടെ രാഷ്ട്രീയം പുറത്തുവന്നെന്നും ആ സ്ഥാനം വഹിക്കാന്‍ അയാള്‍ അര്‍ഹനല്ലെന്നും എസ്ആര്‍പി പറഞ്ഞു. 

SRP against swapna statement
Author
Trivandrum, First Published Mar 6, 2021, 5:02 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത എന്തെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഈ മൊഴി ഇന്നലെ പുറത്തുവന്നതെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും എസ്ആര്‍പി പറഞ്ഞു. കസ്റ്റംസ് അറിയാതെ ഒരു ഡോളറും ഇങ്ങോട്ട് വരികയോ പോവുകയോ ചെയ്യില്ല. അതാത് ഏജന്‍സികള്‍ക്കാണ് ഇതിന്‍റെ ഉത്തരവാദിത്തമെന്നും എസ്ആര്‍പി പറഞ്ഞു.

കസ്റ്റംസിനെതിരായ എൽഡിഎഫ് പ്രതിഷേധങ്ങൾക്കെതിരെ പരസ്യ പ്രതികരണം നടത്തിയ കസ്റ്റംസ് കമ്മീഷണർക്കെതിരെയും എസ്ആര്‍പി വിമര്‍ശനം ഉന്നയിച്ചു. ഉദ്യോഗസ്ഥന്‍റെ രാഷ്ട്രീയം പുറത്തുവന്നെന്നും ആ സ്ഥാനം വഹിക്കാന്‍ അയാള്‍ അര്‍ഹനല്ലെന്നും എസ്ആര്‍പി പറഞ്ഞു.  സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ രണ്ട് ടേം വ്യവസ്ഥ തീരുമാനം ഏകകണ്ഠമായാണ് എടുത്തത്. ഇതില്‍ ഒരു എതിര്‍പ്പും ഉണ്ടായിട്ടില്ല. സിപിഎമ്മില്‍ കുടുംബ വാഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിയിരിക്കെയാണ് ഡോളർ കടത്ത് കേസിൽ സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്‍റെ മൊഴി പുറത്തുവരുന്നത്. മുഖ്യമന്ത്രിയ്ക്ക് പുറമെ സ്പീക്കർ, മറ്റ് മൂന്ന് മന്ത്രിമാർ എന്നിവർക്ക് കോൺസുൽ ജനറലുമായി നേരിട്ട് ബന്ധമുണ്ട്. കോൺസുലേറ്റിന്‍റെ സഹായത്തോടെയുള്ള ഡോളർകടത്ത് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിർദ്ദേശപ്രകാരം ആയിരുന്നുവെന്ന് സ്വപ്ന രഹസ്യമൊഴി നൽകിയതായും കസ്റ്റംസ് വ്യക്തമാക്കുന്നു. 
 

Follow Us:
Download App:
  • android
  • ios