Asianet News MalayalamAsianet News Malayalam

'എന്നെ സ്ഥാനാർത്ഥിയാക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'; തോമസ് ഐസക്ക്

മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ മത്സരിക്കും. മറ്റു ചുമതലകളാണെങ്കിൽ അതും അനുസരിക്കും. തൻ്റെ ചിത്രവും, പേരും പാർട്ടി വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കരുത് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

thomas isaac reaction to campaign against party decision on candidateship
Author
Alappuzha, First Published Mar 6, 2021, 8:21 PM IST

ആലപ്പുഴ: തന്നെ മന്ത്രിയോ സ്ഥാനാർത്ഥിയോ ആക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തോമസ് ഐസക്ക്. മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ മത്സരിക്കും. മറ്റു ചുമതലകളാണെങ്കിൽ അതും അനുസരിക്കും. തൻ്റെ ചിത്രവും, പേരും പാർട്ടി വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കരുത് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

പാർട്ടിയിലെ ചുമതല തീരുമാനിക്കുന്നത് പാർട്ടി ഘടകങ്ങളാണ്, അത് മറ്റാരും ഏറ്റെടുക്കേണ്ടതില്ല. തുടർ ഭരണത്തിൽ നഞ്ചുകലക്കുന്ന ഒരു പ്രവർത്തനവും പ്രതികരണവും പാർട്ടി അംഗങ്ങളുടേയും സഖാക്കളുടേയും ഭാഗത്ത് നിന്ന് ഉണ്ടാകരുത്. പാർട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും പല വാർത്തകളും പ്രചരിക്കുന്നുണ്ട്. സിപിഐഎമ്മിന്റെ സ്ഥാനാർത്ഥിപ്പട്ടിക പാർടി സെക്രട്ടറിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നതാണ് രാഷ്ട്രീയമായ കടമ.  

നാർത്ഥികളെ തീരുമാനിക്കുന്നതിന് സിപിഐഎമ്മിന് സംഘടനാപരമായ രീതിയുണ്ട്. അതുപ്രകാരമാണ് ഇതുവരെ തീരുമാനങ്ങൾ ഉണ്ടായത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആ സംഘടനാരീതി അംഗീകരിക്കാൻ എല്ലാ പാർടി അംഗങ്ങളും ബാധ്യസ്ഥരുമാണ്. പത്രങ്ങളും ചാനലുകളും പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങൾ വിഴുങ്ങി അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്യേണ്ടവരല്ല അവർ.
ആലപ്പുഴയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ചിലർ പാർടിയ്ക്കെതിരെ വിമർശനം ഉയർത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതെല്ലാം പാർടി വിരുദ്ധമാണ്. എന്നെ സ്ഥാനാർത്ഥിയോ മന്ത്രിയോ ആക്കാൻ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതുവരെ സ്ഥാനാർത്ഥിയും മന്ത്രിയുമായത് പാർടിയുടെ ഉത്തരവാദിത്തപ്പെട്ട ഘടകങ്ങളുടെ തീരുമാനം അനുസരിച്ചാണ്. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ ആരു മത്സരിക്കുന്നതും പാർടി തീരുമാനം അനുസരിച്ചാണ്. മത്സരിക്കണമെന്ന് പാർടി തീരുമാനിച്ചാൽ മത്സരിക്കും. മറ്റു ചുമതലകൾ നിശ്ചയിച്ചാൽ അത് അനുസരിക്കും. ഏതു പാർടി അംഗത്തെയും പോലെ എനിക്കും ബാധകമാണ് ഈ തത്ത്വം. പാർടിയിലെ എന്റെ ചുമതല തീരുമാനിക്കാൻ ഘടകങ്ങളുണ്ട്. അവിടെ തീരുമാനിക്കും. ആ ചുമതലയൊന്നും മറ്റാരും ഏറ്റെടുക്കേണ്ടതില്ല.

അതുകൊണ്ട് എന്റെ പേരും ചിത്രവും പാർടി വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കരുത് എന്ന് ശക്തമായിത്തന്നെ താക്കീതു ചെയ്യുന്നു. അത്തരം കളികളൊന്നും വെച്ചുപൊറുപ്പിക്കുന്ന പാർടിയല്ല സിപിഐഎം.  അഭൂതപൂർവമായ ജനപിന്തുണയാണ് എൽഡിഎഫ് സർക്കാരിനുള്ളത്. തുടർ ഭരണം ഉറപ്പുള്ള രാഷ്ട്രീയസാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുകയാണ്. ജനങ്ങളും പാർടി സഖാക്കളും അതിന്റെ ആവേശത്തിലാണ്. ആ ആവേശത്തിൽ നഞ്ചുകലക്കുന്ന ഒരു പ്രവർത്തനവും പ്രതികരണവും പാർടി  അംഗങ്ങളുടെയോ സഖാക്കളുടെയോ ഭാഗത്തു നിന്നുണ്ടാകരുത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തുള്ള പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്ന് പാർടി അനുഭാവികളോടും ബന്ധുക്കളോടും പാർടിയെയും മുന്നണിയെയും സ്നേഹിക്കുന്ന സകല മനുഷ്യരോടും അഭ്യർത്ഥിക്കുന്നു.

Follow Us:
Download App:
  • android
  • ios