Asianet News MalayalamAsianet News Malayalam

നേമത്ത് തീ പാറുന്നു; നിലനിർത്താൻ ബിജെപി, പിടിച്ചെടുക്കാൻ കോൺഗ്രസ്, തിരിച്ചെടുത്തേ പറ്റുവെന്ന് സിപിഎം

ഇപ്പോഴില്ലെങ്കിൽ പിന്നെയില്ല എന്ന തരത്തിൽ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് കോൺഗ്രസ്. സിപിഎമ്മിനും സ്ഥാനാർത്ഥി ശിവൻകുട്ടിക്കും ഇത് അഭിമാന രാഷ്ട്രീയ പോരാട്ടമാണ്. ഏക സിറ്റിംഗ് സീറ്റ് കൈവിട്ട് പോകാതിരിക്കാൻ വിയർത്ത് പണിയെടുക്കുകയാണ് ബിജെപി. 

tight fight in nemom as all three main parties battle it out determined to win
Author
Trivandrum, First Published Mar 25, 2021, 10:00 PM IST

തിരുവനന്തപുരം: നേമത്ത് കലാശക്കൊട്ടിനെ വെല്ലുന്ന ആവേശമേറിയ പ്രചാരണത്തിലാണ് മുന്നണികൾ. ഇരട്ടവോട്ടും വോട്ട് കച്ചവടവുമൊക്കെ ചർച്ചയാക്കുമ്പോൾ അടിയൊഴുക്കിലാണ് എല്ലാവരുടേയും പേടി. ന്യൂനപക്ഷവോട്ടിൽ ഊന്നിയാണ് യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും പ്രചാരണം. ഓരോ വോട്ടും ഉറപ്പാക്കാൻ കുമ്മനത്തിനായി അടിത്തട്ടിൽ ആർഎസ്എസ് സജീവമാണ്.

ഇപ്പോഴില്ലെങ്കിൽ പിന്നെയില്ല എന്ന തരത്തിൽ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് കോൺഗ്രസ്. പുറമേയുള്ള പ്രചാരണത്തിനപ്പുറം, ദുർബലമായ സംഘടനാ സംവിധാനത്തെ മറികടക്കാൻ കെ മുരളീധരൻ തന്നെ താഴേത്തട്ടിൽ നേരിട്ട് ഇടപെടുന്നു. മറ്റു മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരും കോൺഗ്രസിന് ഈ അഭിമാന പോരാട്ടത്തിൽ കെ മുരളീധരനു വേണ്ടി പ്രവർത്തിക്കാനുണ്ട്. കള്ളവോട്ട് കണ്ടെത്തുന്നതിലടക്കം ഊന്നിയാണ് പ്രവർത്തനം.

കൈവിടാതിരിക്കാൻ ബിജെപി ഏറ്റവുമധികം ശ്രദ്ധ നൽകുന്ന മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണെന്നിരിക്കെ, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ബിജെപി ഭയക്കുന്നു. വ്യക്തിഗത മികവിൽ വീണ വോട്ടുകളുടെ കൂടി ബലത്തിൽ നേമത്ത് ജയിച്ച മുൻ എംഎൽഎ ഒ രാജഗോപാലിന്റെ ഇപ്പോഴത്തെ പരാമർശങ്ങളും എതിരാളികൾ ആയുധമാക്കുന്നു. തിരിച്ചടി ഒഴിവാക്കാൻ ആർഎസ്എസ് സജീവമായി അടിത്തട്ടിലുണ്ട്.

തുടർഭരണത്തിനൊപ്പെം സിപിഎമ്മിന് പ്രധാനമാണ് നേമത്ത് ശിവൻകുട്ടിയുടെ വിജയം. സിപിഎമ്മിനും സ്ഥാനാർത്ഥി ശിവൻകുട്ടിക്കും ഇത് അഭിമാന രാഷ്ട്രീയ പോരാട്ടമാണ്. ശക്തമായ സംഘടനാ സംവിധാനം പൂർണമായും വിന്യസിച്ചിരിക്കുകയാണ് സിപിഎം. 

മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കും പരസ്പരം പ്രയോഗിക്കാൻ ആയുധങ്ങൾ സുലഭം.

Follow Us:
Download App:
  • android
  • ios