Asianet News MalayalamAsianet News Malayalam

വർക്കലയിൽ ഇക്കുറി തീ പാറും, കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫ്, മുറുക്കെ പിടിച്ച് എൽഡിഎഫ്

ഇരുപത്തിയഞ്ച് ശതമാനം വീതമുള്ള മുസ്ലിം ഈഴവ വോട്ടിലാണ് മുന്നണികളുടെ കണ്ണ്. നായർ വോട്ടുകളും നിർണായകം. ടൂറിസം റോഡ് വികസനം ഉൾപ്പടെയുള്ള വിഷയങ്ങളും മണ്ഡലം ആരെ തുണക്ക‍ുമെന്നതിൽ നിർണായകമാകും.

tight fight in varkala as udf is determined to win back constituency from left
Author
Trivandrum, First Published Mar 29, 2021, 7:57 AM IST

തിരുവനന്തപുരം: വർക്കല നിലനിർത്താനും പിടിക്കാനും എൽഡിഎഫും യുഡിഫും തമ്മിൽ നടക്കുന്നത് ശക്തമായ മത്സരം. ഓരോ തെരഞ്ഞെടുപ്പുകളിലും കുതിച്ചുയരുന്ന വോട്ടുകളിലാണ് എൻഡിഎ പ്രതീക്ഷ. സിറ്റിംഗ് എംഎൽഎ വി ജോയിക്കെതിരെ യുവനേതാവ് ബിആർഎം ഷെഫീറാണ് യുഡിഎഫ് സ്ഥാനാർത്ഥി.

ഇടതിനും ഐക്യ മുന്നണിക്കും ഒരുപോലെ വേരുള്ള മണ്ഡലമാണ് വർക്കല. സിപിഎമ്മിന്റെ വർക്കല രാധാകൃഷ്ണൻ അഞ്ച് തവണയും കോൺഗ്രസിന്റെ വർക്കല കഹാർ മൂന്ന് തവണയും ഇവിടെ നിന്ന് തുടർച്ചയായി നിയമസഭയിലെത്തി. കഴിഞ്ഞ തവണ നാലാമങ്കത്തിൽ വർക്കല കഹാറിന് കാലിടറിയത് 2,386 വോട്ടിന്. കഹാറിനെ മലർത്തിയടിച്ച വി ജോയി ഇന്ന് പയറ്റിതെളിഞ്ഞ ജനപ്രതിനിധിയായി കഴിഞ്ഞു. മണ്ഡലത്തിൽ നടപ്പാക്കിയ 850 കോടിയുടെ വികസനപദ്ധതികളാണ് ജോയിയുടെ തുറുപ്പ് ചീട്ട്.

മണ്ഡലത്തിൽ പുതുമുഖമെങ്കിലും ചാനൽ ചർച്ചകളിലൂടെ സുപരിചിതനായ ബിആർഎം ഷഫീറിലൂടെ കൈ അകലത്തിൽ നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. പ്രതീക്ഷ നൽകുന്നത് ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ അടൂർ പ്രകാശ് നേടിയ 5684 വോട്ടിന്റെ ലീഡ്.

മണ്ഡലത്തിലെ എൻഡിഎ മുന്നേറ്റം ഇരു മുന്നണികളും ശ്രദ്ധയോടെയാണ് കാണുന്നത്. 2016 ലെ 19,800 ൽ നിന്ന് ലോക്സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും മുപ്പത്തിനാലായിരത്തിന് മുകളിലേക്ക് വോട്ട് വിഹിതം കൂട്ടി. വർക്കല നഗരസഭയിൽ പതിനൊന്ന് സീറ്റോടെ യുഡിഎഫിനെ പിന്തള്ളി പ്രതിപക്ഷത്തിരിക്കുന്നത് എൻഡിഎയുടെ ആത്മവിശ്വാസം കൂട്ടുന്നു.

ഇരുപത്തിയഞ്ച് ശതമാനം വീതമുള്ള മുസ്ലിം ഈഴവ വോട്ടിലാണ് മുന്നണികളുടെ കണ്ണ്. നായർ വോട്ടുകളും നിർണായകം. ടൂറിസം റോഡ് വികസനം ഉൾപ്പടെയുള്ള വിഷയങ്ങളും മണ്ഡലം ആരെ തുണക്ക‍ുമെന്നതിൽ നിർണായകമാകും.

Follow Us:
Download App:
  • android
  • ios