കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ പതിനാല് സീറ്റുകളിലും മത്സരിക്കാൻ ട്വന്‍റി ട്വന്‍റി. വിജയസാധ്യത പരിഗണിച്ചാവും അന്തിമ തീരുമാനമെന്നും രണ്ടാഴ്ചക്കുളളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും ട്വന്‍റി ട്വന്‍റി കോർഡിനേറ്റർ സാബു ജേക്കബ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമ്മുടെ ചിഹ്നം സൈക്കിൾ പരിപാടിയിലായിരുന്നു പ്രതികരണം.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ ട്വന്‍റി ട്വന്‍റിയുടെ സ്ഥാനാർത്ഥികളാകും. മുൻ ജഡ്ജിമാരും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരും പരിഗണനയിലുണ്ടെന്ന് സാബു ജേക്കബ് പറഞ്ഞു. കമാൽ പാഷയുമായി ചർച്ച നടത്തിയിട്ടില്ലെന്നും ഒരു മുന്നണിയുമായും ചേർന്ന് പ്രവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിന്തുണ തേടി എല്ലാ രാഷ്ട്രീയ പാർട്ടികളും സമീപിച്ചിരുന്നുവെന്നും താൻ മത്സരിക്കാനില്ലെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.